നോർവെയുടെ അണക്കെട്ട് തുറന്ന് വെള്ളമൊഴുക്കി വിട്ട് റഷ്യൻ ഹാക്കർമാർ; ലോകത്തെ വിറപ്പിക്കുന്ന റഷ്യയുടെ ”കോൾഡ് റിവർ” ഹാക്കർ സംഘം

റഷ്യയിലെ ഹാക്കർമാർ നോർവേയിലെ ഒരു അണക്കെട്ടിന്റെ നിയന്ത്രണമേറ്റെടുത്ത് വെള്ളം തുറന്നുവിട്ടെന്നാണ് നോർവേയുടെ രഹസ്യാന്വേഷണ ഏജൻസി ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ ഏഴാം തീയതി പടിഞ്ഞാറൻ നോർവേയിലെ ബ്രെമാൻഗറിലെ ഡാമിന്റെ പ്രവർത്തന സംവിധാനത്തിൽ നുഴഞ്ഞുകയറിയ ഹാക്കർമാർ, സെക്കൻഡിൽ 500 ലീറ്റർ എന്ന തോതിൽ 4 മണിക്കൂറോളമാണു വെളളം തുറന്നുവിട്ടത്. അധികൃതർ പിന്നീട് ഇതു കണ്ടെത്തി തടയുകയായിരുന്നു. സംഭവത്തിൽ ആളപായം ഉണ്ടായില്ല എന്നും ഏജൻസി പറഞ്ഞു.
റഷ്യൻ ഹാക്കർമാരുടെ നുഴഞ്ഞുകയറ്റം കഴിഞ്ഞ ഒരുവർഷത്തിനിടെ വർധിച്ചിട്ടുണ്ടെന്നും ഏജൻസി പറഞ്ഞു. യുക്രെയ്നിനു പിന്തുണ നൽകുന്നതിന്റെ പേരിൽ യൂറോപ്യൻ അയൽരാജ്യങ്ങൾക്കെതിരെ റഷ്യ അട്ടിമറിനീക്കങ്ങൾ നടത്തുന്നുവെന്ന് ബ്രിട്ടിഷ് ഏജൻസികളും ആരോപിച്ചിരുന്നു. ഈ കാര്യത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലോകത്തെ കുഴപ്പത്തിലാക്കാൻ വീണ്ടും ശക്തരാണ് റഷ്യൻ ഹാക്കർമാർ.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹാക്കർ ആക്രമണം നടത്തിയതും ഇതേ സംഘമാണ്. 2021 ൽ മയാമി അടിസ്ഥാനമാക്കിയുള്ള പ്രമുഖ ഐടി സോഫ്റ്റ്വെയർ പ്രൊവൈഡറായ കാസിയക്കെതിരെയാണ് ആക്രമണം ഉണ്ടായത്. നൂറോളം കമ്പനികളെ ബാധിച്ച ഈ സൈബർ ആക്രമണത്തിന് പിന്നാലെ, ഡാറ്റ ചോർത്താതിരിക്കാനായി ഹാക്കർമാർ ആവശ്യപ്പെട്ടത് 70 മില്യൺ ഡോളറാണ്. സപ്ലൈ ചെയിൻ റാൻസംവെയർ ആക്രമണമായിരുന്നു കാസിയക്കെതിരെ നടന്നത്. ഡാറ്റ ചോർത്താതിരിക്കണമെങ്കിൽ പണം ബിറ്റ്കോയിനായി നൽകാനാണ് ആവശ്യപ്പെട്ടത്.
ഒരു മില്യൺ സിസ്റ്റങ്ങൾ തങ്ങൾ ലോക്ക് ചെയ്തതായി റഷ്യൻ ബന്ധമുള്ള റെവിൽ എന്ന സൈബർ കുറ്റവാളികൾ അവകാശപ്പെടുന്നുണ്ട്. നൂറുകണക്കിന് ചെറുകിട, ഇടത്തരം കമ്പനികളെ ബാധിച്ചേക്കാവുന്ന സൈബർ ആക്രമണമാണ് നടന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അത്തരം കമ്പനികൾക്ക് സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കമ്പനിയാണ് കാസിയ.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹാക്കർ ആക്രമണമെന്നാണ് കാസിയക്ക് സംഭവിച്ചതിനെ ചൂണ്ടിക്കാട്ടപ്പെടുന്നത്. അതോടൊപ്പം ഡാറ്റ ചോർത്താതിരിക്കാനായി റെവിൽ ഗാങ് ചോദിച്ച പണം, ഇതുവരെ ഹാക്കർമാർ ആവശ്യപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ തുകയാണ്. ആക്രമണത്തിൽ ഭയന്ന അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ, സർക്കാറിെൻറ മുഴുവൻ റിസോഴ്സുകളും അന്വേഷണത്തിനായി ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
കഴിഞ്ഞ വര്‍ഷം റഷ്യൻ ഹാക്കർമാരുടെ ആക്രമണം ഉണ്ടായത് മൈക്രോസോഫ്റ്റിന് നേരെയാണ്. ഉപയോക്താക്കളുടെ ഇന്റേണൽ സംവിധാനങ്ങളിൽ ഹാക്കർമാർ നുഴഞ്ഞു കയറിയെന്നാണ് കമ്പനി പറഞ്ഞത്. കോർപ്പറേറ്റ് ഉപയോക്താക്കളെയാണ് ഈ ഹാക്കിങ് ബാധിച്ചത്. ജനുവരിയിലും സമാനമായ ആക്രമണം നടന്നിരുന്നുവെന്നും കമ്പനി പറയുന്നു. മൈക്രോസഫ്റ്റ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിൽ നിന്നുള്ള രേഖകളും അന്ന് ഹാക്കർമാർ മോഷ്ടിച്ചിരുന്നു. എത്രപേരെയാണ് ഹാക്കിങ് ബാധിച്ചത് എന്നും എത്ര ഇമെയിലുകൾ മോഷ്ടിക്കപ്പെടുവെന്നും മൈക്രോസോഫ്റ്റ് പുറത്ത് പറഞ്ഞിട്ടില്ല.
റഷ്യന്‍ ഹാക്കിങ് സംഘത്തിന്റെ പുതിയ മാല്‍വെയര്‍ കണ്ടെത്തിയതായി ഗൂഗിളും വെളിപ്പെടുത്തിയിരുന്നു. ‘ലോസ്റ്റ്കീസ്’ എന്നാണ് ഈ മാല്‍വെയര്‍ അറിയപ്പെടുന്നത്. റഷ്യന്‍ ഹാക്കിങ് സംഘമായ കോള്‍ഡ് റിവറുമായി ബന്ധമുള്ളതാണ് ഈ മാല്വെയറെന്നും, ഫയലുകളും സിസ്റ്റവുമായി ബന്ധപ്പെട്ട വിവരങ്ങളും ചോര്‍ത്താൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നതെന്നും ഗൂഗിള്‍ പറയുന്നു.
റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സെര്‍വീസിൻറെ ഹാക്കിങ് കാമ്പയിനുകളുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന പേരാണ് ‘കോള്‍ഡ് റിവര്‍’. പാശ്ചാത്യ ഭരണകൂടങ്ങളുടേയും സൈന്യങ്ങളുടേയും നിലവിലുള്ളതും മുന്‍കാലത്തെയും ഉപദേഷ്ടാക്കളേയും പത്രപ്രവര്‍ത്തകര്‍, തിങ്ക് ടാങ്കുകള്‍, എന്‍ജിഒകള്‍, യുക്രൈനുമായി ബന്ധമുള്ള ചില വ്യക്തികള്‍ എന്നവരെ 2025 ജനുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഈ മാല്‍വെയര്‍ ലക്ഷ്യമിട്ടതായി കണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്.
മറ്റ് പല പേരുകളിലും അറിയപ്പെടുന്ന ഗ്രൂപ്പാണ് റഷ്യയുടെ പിന്തുണയുള്ള കോൾഡ് റിവർ എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ അമേരിക്കൻ ആണവ ഗവേഷണ ലബോറട്ടറികള്‍ ആക്രമിക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചതായി റോയിട്ടേഴ്സും വെളിപ്പെടുത്തിയിരുന്നു. ബ്രൂക്ക്ഹാവന്‍, അര്‍ഗോണ്‍, ലോറന്‍സ്, ലിവര്‍മോര്‍ എന്നീ നാഷണല്‍ ലാബുകളെയാണ് റഷ്യന്‍ ഹാക്കിംഗ് ഗ്രൂപ്പായ കോള്‍ഡ് റിവര്‍ ലക്ഷം വെച്ചത്.