ആദ്യം സ്വന്തം കാര്യം നോക്കൂ, ഇറാനിൽ കേറി കളിക്കാൻ വരേണ്ട; നെതന്യാഹുവിന് മറുപടി നൽകി ഇറാൻ പ്രസിഡൻറ് മസൂദ് പെഷസ്കിയാൻ

ഇപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പരിഹസിച്ച് കൊണ്ട്, ഒരു നല്ല മറുപടി കൊടുത്തിരിക്കുകയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ഇറാനിലെ ജലക്ഷാമം, ജല ദൗർലഭ്യം പരിഹരിക്കാൻ ഇസ്രായേൽ തയ്യാർ ആണെന്ന നെതന്യാഹുവിന്റെ വാഗ്ദാനത്തിനാണ് പരിഹാസ മറുപടിയുമായി മസൂദ് രംഗത്ത് വന്നത്. ആയിരക്കണക്കിന് പലസ്തീനികൾക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഇസ്രായേലിനെ വിശ്വസിക്കാൻ ആകില്ല എന്നാണ് മസൂദ് പെഷാസ്കിയാൻ എക്സിൽ കുറിച്ചത്.
ഇപ്പോഴത്തെ സർക്കാരിൽ നിന്ന് ഇറാൻ സ്വതന്ത്ര്യയി കഴിയുമ്പോൾ രാജ്യത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ ഇസ്രായേൽ സഹായിക്കുമെന്നായിരുന്നു നെതന്യാഹു പറഞ്ഞത്. വീഡിയോ സന്ദേശത്തിലൂടെ ഇറാനികളെ അഭിസംബോധന ചെയ്യവെയായിരുന്നു ഈ വാഗ്ദാനം നടത്തിയത്.
എന്നാൽ ‘ഗാസയിലെ ജനങ്ങൾക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഒരു ഭരണകൂടം ഇറാനിലേക്ക് വെളളം കൊണ്ടുവരുമെന്ന് പറയുന്നു.. അത് ഒരു ദിവാസ്വപ്നം മാത്രമാണ് , അതിൽ കൂടുതലായി ആ പറഞ്ഞതിൽ ഒന്നുമില്ല’ എന്നാണ് മസൂദ് മറുപടി നൽകിയത്. ‘വഞ്ചകരായ ഇസ്രായേൽ, ഇറാൻ ജനതയോട് കപട അനുകമ്പയാണ് കാണിക്കുന്നത്. ആദ്യം നിങ്ങൾ നോക്കേണ്ടത് ഗാസയിലെ ദുരവസ്ഥയിലേക്കാണ്. അവിടെ ദിവസങ്ങളായി പട്ടിണികിടന്ന്, ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന കുട്ടികളെ നിങ്ങൾക്ക് കാണാം.
വെള്ളവും മരുന്നും ഇല്ലാതെ കഷ്ടപ്പെടുന്നവരെ നിങ്ങൾക്ക് കാണാം. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഉപരോധം കാരണം ബുദ്ധിമുട്ടുന്ന അവരുടെ ദുഷ്കരമായ അവസ്ഥയിലേക്ക് ആദ്യം നോക്കണം എന്നാണ് ടെഹ്റാനിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ പെസെഷ്കിയാൻ മസൂദ് പറഞ്ഞത്.
ഇറാനിലെ ജല പ്രതിസന്ധിയെ കുറിച്ച് അടുത്തിടെ മസൂദ് പെഷസ്കിയാൻ പരാമർശം നടത്തിയിരുന്നു.
വർഷങ്ങളായുള്ള വരൾച്ചയും ജലത്തിന്റെ കാര്യക്ഷമമല്ലാത്ത പരിപാലനവും മൂലം ഇറാൻ കടുത്ത ജലപ്രതിസന്ധിയാണ് നേരിടുന്നത്. ഗുരുതരവും അചിന്തനീയവുമായ പ്രതിസന്ധിയിലാണ് ഇറാനെന്ന് പെസെഷ്കിയാൻ നേരത്തേ പറഞ്ഞിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് നെതന്യാഹുവിന്റെ ഈ വാഗ്ദാനം ഉണ്ടായത്. അതേസമയം ഇരു നേതാക്കളുടേയും പരാമർശങ്ങൾ രാഷ്ട്രീയ സംഘർഷത്തിലേക്ക് വഴിവെക്കുമെന്നാണ് പലരും കണക്ക് കൂട്ടുന്നത്. ജൂണിൽ ഇസ്രയേൽ ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സൈനിക മേധാവികൾ ഉൾപ്പടെആയിരത്തിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ഇറാന്റെ തിരിച്ചടിയിൽ ഇസ്രായേലിൽ 28 പേരും കൊല്ലപ്പെട്ടിരുന്നു.
ഇതിനിടെ ആണവ ശാസ്ത്രജ്ഞരെ അതീവ സുരക്ഷയില്‍ രഹസ്യ സങ്കേതത്തിലേക്ക് ഇറാന് മാറ്റിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 12 ദിവസം നീണ്ട യുദ്ധത്തിനിടെ ആണവ ശാസ്ത്രജ്ഞരെ ഇസ്രയേല്‍ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കമെന്നും ഇത്തരത്തില്‍ സുരക്ഷിത കേന്ദ്രങ്ങളിലെത്തിയവര്‍ ഇറാന്റെ ആണവ പ്രൊജക്ടുമായി മുന്നോട്ട് പോകുകയാണെന്നും ഇറാൻ സർക്കാർ പ്രതിനിധി അറിയിച്ചിരുന്നു.