ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ചൊവ്വാഴ്ച; സഞ്ജുവും അഭിഷേകും ഓപ്പണിങ് ജോടി?

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചൊവ്വാഴ്ച മുംബൈയില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടീമിനെ സൂര്യകുമാര്‍ യാദവ് നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സെലക്ഷന് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ സൂര്യകുമാര്‍ യാദവ് ബംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പോകും. സ്പോര്‍ട്സ് ഹെര്‍ണിയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ആരോഗ്യം വീണ്ടെടുക്കാനും മത്സരത്തിലേക്ക് തിരിച്ചുവരുന്നതിനും സൂര്യകുമാര്‍ നിലവില്‍ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സിലാണ്. ഇതിനകം സൂര്യകുമാര്‍ നെറ്റ്സില്‍ ബാറ്റിങ് പ്രാക്ടീസ് തുടങ്ങിയിട്ടുണ്ട്.
ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിയമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശ്രേയസ് അയ്യര്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചേക്കില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സെലക്ടര്‍മാര്‍ യശസ്വി ജയ്സ്വാളിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
‘ഓപ്പണിങ് ജോടിയില്‍ സഞ്ജു സാംസണിലും അഭിഷേക് ശര്‍മ്മയിലുമാണ് സെലക്ഷന് കമ്മിറ്റി വിശ്വാസം പുലര്‍ത്തുന്നത്. ശുഭ്മാന്‍ ഗില്‍ ടീമില്‍ ഇടം നേടാന്‍ പോലും പാടുപെടുകയാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യശസ്വി ജയ്സ്വാളും മധ്യനിര ബാറ്റ്സ്മാന് ശ്രേയസ് അയ്യരും പോലും ടി20 ടീമില്‍ ഇടം നേടിയേക്കില്ല.