പുടിൻറെ വിസർജ്യം പോലും പാക്ക് ചെയ്ത് തിരികെ കൊണ്ടുപോകും; റഷ്യ തങ്ങളുടെ പ്രസിഡന്റിന് നൽകുന്ന ഉയർന്ന ഉയർന്ന സുരക്ഷയുടെ ഭാഗമാണിത്

ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളായാണ് വ്ലാഡിമിർ പുടിനെ ലോകം കാണൂന്നത്. അദ്ദേഹത്തിന്റെ ഓരോ നീക്കവും ആളുകൾ ഉറ്റുനോക്കാറുണ്ട്. എന്നാൽ ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയപ്പോൾ പുടിന്റെ അംഗരക്ഷകരുടെ കൈയിലുണ്ടായിരുന്ന സ്യൂട്ട് കേസുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
അലാസ്ക ഉച്ചകോടിയില്‍ പുടിൻ എത്തിയത് തന്റെ വിസർജ്യം ശേഖരിക്കുന്ന സ്യൂട്ട്കേസുമായി ആണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. പുടിൻ വിദേശ യാത്ര നടത്തുമ്ബോഴെല്ലാം അംഗരക്ഷകർ അദ്ദേഹത്തിന്റെ മലം ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നു എന്നാണ് റിപ്പോർട്ടുകള്‍.
ഇതാദ്യമായല്ല ഈ സ്യൂട്ട്കേസുകളെ കുറിച്ചുള്ള റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്. 2022ല്‍ ഫ്രഞ്ച് മാസികയായ പാരീസ് മാച്ചിലെ രണ്ട് പത്രപ്രവർത്തകർ ഇത് സംബന്ധിച്ച് വാർത്ത നൽകിയിരുന്നു.
വാസ്തവത്തിൽ പുടിന് നല്കുന്ന ഉയർന്ന സുരക്ഷയുടെ ഭാഗമാണ് ഈ സ്യൂട്ട്കേസുകള്‍.
റഷ്യൻ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രൊട്ടക്ഷൻ സർവീസ് അദ്ദേഹത്തിന്റെ മലം ഉള്‍പ്പെടെയുള്ള ശരീര മാലിന്യങ്ങള്‍ ശേഖരിക്കുകയും പ്രത്യേക ബാഗുകളില്‍ അടച്ച്, സുരക്ഷിതമായ ബ്രീഫ്കേസുകളില്‍ കൊണ്ടുപോകുകയും ചെയ്യുന്നു. 2017 മേയില്‍ പുടിൻ ഫ്രാൻസ് സന്ദർശിച്ചപ്പോഴും 2019 ഒക്ടോബറില്‍ സൗദി അറേബ്യയിലേക്കുള്ള യാത്രയിലും ഈ സ്യൂട്ട്കേസുകളില്‍ വിസർജ്യം ശേഖരിച്ചിരുന്നു.
വിദേശ ഇന്റലിജൻസ് ഏജൻസികള്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് അറിയാൻ തന്റെ ജൈവ മാലിന്യങ്ങള്‍ പരിശോധിച്ചേക്കുമെന്ന് പുടിൻ ഭയപ്പെടുന്നു എന്നാണ് അമേരിക്കൻ പ്രതിരോധ ഇന്റലിജൻസ് ഏജൻസിയിലെ മുൻ ഉദ്യോഗസ്ഥയായ റെബേക്ക കോഫ്ലർ ഫോക്സ് ന്യൂസിനോട് പറഞ്ഞത്.
മുൻ ബിബിസി പത്രപ്രവർത്തക ഫരീദ റുസ്തമോവ ഈ വാദത്തെ പിന്തുണക്കുകയും ചെയ്തു.
വിയന്നയില്‍ സമാനമായ ഒരു കേസ് തനിക്ക് അറിയാമെന്ന് അവർ എക്സില്‍ എഴുതി. പുടിൻ മുമ്ബ് “ഒരു പ്രത്യേക സ്വകാര്യ കുളിമുറിയും” “പോർട്ട-പോട്ടിയും” ഉപയോഗിച്ചിരുന്നുവെന്നും അവർ പറഞ്ഞു. പ്രസിഡന്റ് ആയി ചുമതല ഏറ്റ കാലം മുതല്‍ ഈ രീതി പിന്തുടർന്നിരുന്നുവെന്നും പറയുന്നു.
പുട്ടിനെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ പലപ്പോഴും വാർത്തകളില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ കസാക്കിസ്ഥാനിലെ അസ്താനയില്‍ ഒരു പത്രസമ്മേളനത്തിനിടെ പുടിന്റെ കാലുകള്‍ വിറയ്ക്കുന്നതായി കണ്ടത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. പാർക്കിൻസണ്‍സ് രോഗം പോലുള്ള ഒരു അവസ്ഥയിലേക്കാണ് ഇത് സൂചിപ്പിക്കുന്നത് എന്നും ചില ഡോക്ടർമാർഅഭിപ്രായപ്പെടുന്നു.
ഇതേപോലെ ചൈനീസ് നേതാവ് ആയിരുന്ന മാവോയുടെയും മറ്റ് നേതാക്കളുടെയും വിസർജ്യം പഠനവിധേയമാക്കി ജോസഫ് സ്റ്റാലിൻ ചാരപ്പണി നടത്തിയെന്ന് ഒരു മുൻ സോവിയറ്റ് ഏജന്റ് ഒരിക്കല്‍ അവകാശപ്പെട്ടിരുന്നു. ശീതയുദ്ധകാലത്ത് കിഴക്കൻ ജർമ്മനിയില്‍ സോവിയറ്റ് സൈനികർ ഉപയോഗിച്ചിരുന്ന ടോയ്ലറ്റ് പേപ്പർ ബ്രിട്ടീഷ് ഇന്റലിജൻസ് ഏജന്റുമാർ പരിശോധിച്ചതായും പറയപ്പെടുന്നു. ബ്രിട്ടീഷ് സൈനിക വിദഗ്ധൻ ടോണി ഗെരാട്ടിയാണ് ഈ അവകാശവാദം ഉന്നയിച്ചത്.
പൂപ്പ് സ്യൂട്ട്കേസ് എന്നത് ലോക നേതാക്കളുടെ സുരക്ഷാ ക്രമീകരണങ്ങളിലെ അസാധാരണമായ ഒരു സംവിധാനം മാത്രമാണ്. അലാസ്ക ഉച്ചകോടിക്കിടെ ഈ സ്യൂട്ട്കേസ് പൊതുജനങ്ങളുടെ കാഴ്ചയിൽ നിന്ന് പരമാവധി മറച്ച് വെക്കാനും ശ്രമിച്ചിരുന്നു. പുടിൻ എന്ന ശക്തനായ ഭരണാധികാരിയെക്കുറിച്ചുള്ള ഒരു കഥയുടെ ചെറിയ ഭാഗം മാത്രമാണ് ഈ സ്യൂട്ട്കേസിൻറെ ഈ രഹസ്യം. പുട്ടിന് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോ എന്ന കാര്യം മറ്റുള്ളവർ മനസിലാക്കുന്നത് തടയാനാണ് ഇത്തരത്തില്‍ ഒരു സംവിധാനം റഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്.