റിനി ആൻ ജോർജ്ജിനെ സിപിഎം രംഗത്ത് ഇറക്കിയതല്ല; ഇത്രയും നാൾ കൂടെ നിന്ന സഹപ്രവർത്തകയെ തള്ളിപ്പറയുന്ന ഉളുപ്പില്ലാത്ത കോൺഗ്രസുകാർ

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ വന്ന ആരോപണത്തിൽ നടപടികൾ വേണമെന്ന് ഒരു കൂട്ടം കോൺഗ്രസ്സ് നേതാക്കൾ പറയുന്നുണ്ടെങ്കിലും, ചില നേതാക്കൾ പറയുന്നത് ഇത് ഇടത് പക്ഷം അല്ലെങ്കിൽ സിപിഎം എന്ന പാർട്ടി കെട്ടിച്ചമച്ച കഥ ആണെന്നാണ്. എതിർപാർട്ടിയിൽ നല്ല ചെറുപ്പക്കാർ ഉണ്ടെങ്കിൽ അവരെ ഏതെങ്കിലും ഒരു പെണ്ണ് കേസിൽ പെടുത്തിയേക്കണം എന്ന് സന്ദേശം സിനിമയിലെ ശങ്കരാടി അവതരിപ്പിച്ച സഖാവ് കുമാരപിള്ള പറയുന്നത് ഒക്കെയാണ് ഉദാഹരണമായി സോഷ്യൽമീഡിയയിൽ കോൺഗ്രസ്സുകാർ പ്രചരിപ്പിക്കുന്നത്.
എന്നാൽ റിനി ആൻ ജോർജ്ജ് വെറും മാധ്യമ പ്രവത്തക മാത്രമാണോ?? അവർ കോൺഗ്രസ്സിൻ്റെ അറിയപ്പെടുന്ന പ്രാദേശിക വനിതാനേതാവും നടിയും കൂടിയാണ്. അവർ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന അല്ലെങ്കിൽ ബഹുമാനിക്കുന്ന ഒരു നേതാവാണ് വി ഡി സതീശൻ. അതേപോലെ തന്നെ രാഹുൽ ഗാന്ധിയുമായും അടുപ്പമുള്ള കോൺഗ്രസ്സ് നേതാവാണ് അവർ.
കേരളാ സംസ്ഥാനത്തിന്റ പ്രതിപക്ഷ നേതാവ് ഒരു പെൺകുട്ടിയുടെ ബർത്ഡേ പാർട്ടിയിൽ വെറുതെ വന്നങ് കേക്ക് മുറിക്കാൻ ഒരു സാധ്യതയുമില്ല.
ചില കോൺഗ്രസ്സുകാർ പറയുന്നത് റിനി ആൻ ജോർജ്ജിനെ “എ.കെ.ജി സെന്ററിൽ നിന്ന് പറഞ്ഞ് വിട്ടതാണെന്നും,അവർ സരിത സെക്കൻഡ് ആണെന്നുമാണ്. 2022 ജൂൺ ഒന്നാം തീയതി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ജന്മദിനാഘോഷത്തിന്റെ വീഡിയോയിൽ ഇവരുണ്ട്. എറണാകുളം ഡി.സി.സി ഓഫീസിലാണ് ആ വീഡിയോ എടുത്തിരിക്കുന്നത്. മുഹമ്മദ് ഷിയാസും,മറ്റ് പ്രവർത്തകരും റിനിയോടൊപ്പം ആ വീഡിയോയിലുണ്ട്.
റിനി തന്നെ പങ്ക് വെച്ച തന്റെ ബെർത്ത് ഡേ പാർട്ടിയുടെ വീഡിയോയിൽ സതീശനെയും കാണാം. അവരുടെ വീട്ടിൽ വച്ച് നടന്ന ആഘോഷത്തിൽ പ്രതിപക്ഷ നേതാവായിരുന്നു ചടങ്ങിലെ വിശിഷ്ട വ്യക്തി. അത് 2022 ജൂലൈ പത്തൊൻപതിനാണ് നടന്നത്.
പിന്നീട നടന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സെപ്റ്റംബർ ഇരുപത്തിമൂന്നിന് കോൺഗ്രസ്സ് പ്രവർത്തകയായ റിനി ആൻ ജോർജ്ജ് പങ്കെടുക്കുന്നതും, രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് ഹസ്തദാനം നൽകുന്നതും കാണം.
ഇവരെ എങ്ങനെയാണ് സിപിഎം കൊണ്ടുവന്ന് രംഗത്ത് ഇറക്കുന്നത്? വി ഡി സതീശനെ തന്റെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്ന്” അവർ പലതവണ പറഞ്ഞിട്ടുണ്ട്.
കോൺഗ്രസുകാരുടെ കാര്യം വളരെ രസമാണ്. വര്ഷങ്ങളായി തുടരുന്ന എ അല്പത്തരം ഈ വിഷയത്തിലും അവർ കാണിക്കുന്നുണ്ട്. ഇന്നലെ വരെ തങ്ങളുടെ കൂടെ ഉണ്ടായിരുന്ന കോൺഗ്രസുകാരിയായ റിനിയെ ഇപ്പോൾ മുതൽ അവർ തള്ളിപ്പറയുകയാണ്. സിപിഎമ്മിന്റെ ഏജന്റ് ആക്കുകയാണ്.
DYFI കൊടുക്കുന്ന പൊതിച്ചോറിന്റെ പിന്നിൽ അനാശാസ്യം ആണെന്ന് പറഞ്ഞ പരമയോഗ്യനാണ് ഈ രാഹുൽ മാങ്കൂട്ടത്തിൽ. പ്രൈവെറ്റ് ആശുപത്രിയിൽ പോകാൻ പണമില്ലാത്തവരുടെ ആശ്വാസമാണ് സർക്കാർ ആശുപത്രികൾ. അവിടെ വരുന്നവർക്ക് കിട്ടുന്ന പൊതിച്ചോറിന്റെ വില ഒരുകാലത്തും ഒരു യൂത്ത് കോൺഗ്രസുകാരന് മനസ്സിലാവില്ല. വല്ലപ്പോളും നടത്തുന്ന പ്രകടനമോ, കരിങ്കൊടി കാണിക്കലോ അല്ലാതെ ഒരു വിധ രാഷ്ട്രീയ പ്രവർത്തനവും നടത്താതെ ഫണ്ട് മുക്കി തിന്നുന്ന കോൺഗ്രസ്സുകാരുടെ പ്രതിനിധിയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
കോൺഗ്രസ്സിലെ നേതാക്കളുടെ വിളയാട്ടത്തെ പറ്റി നേരത്തെ പത്മജാ വേണുഗോപാലും സിമി റോസ്ബെൽ ജോണും ഒക്കെ പറഞ്ഞിട്ടുണ്ട്. അവരെയെല്ലാം ഒതുക്കി നിർത്തിയതും ഇതേനേതാക്കൾ ആയിരുന്നു. ഇപ്പോൾ അനിവാര്യമായ ഒരു തിരിച്ചടി ഏറ്റുവാങ്ങുന്നത് രാഹുൽ മാങ്കൂട്ടത്തിൽ ആണെങ്കിലും ഷാഫിയും സതീശനും ഒന്നും ഈ ഫ്രയിമിൽ ഇല്ലാതാകുന്നില്ല. പരാതികൾ അറിഞ്ഞിട്ടും ഒന്നും മിണ്ടാതിരുന്ന അവരും ചെയ്തത് കുറ്റം തന്നെയാണ്.