ഇനി റമ്മി കളിച്ചാലും, അതിൻറെ പരസ്യം പറഞ്ഞാലും ജയിലിൽ പോകേണ്ടി വരും; ഓൺലൈൻ കാഷ് ഗെയിമുകൾക്ക് പൂട്ടിട്ട് സർക്കാർ

വളരെ പ്രാധാന്യമുള്ള ഒരു ബില്ലാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ പാസായത്. ഓൺലൈൻ ലോട്ടറിയടക്കമുള്ള എല്ലാ ഓൺലൈൻ വാതുവെപ്പ്, ചൂതാട്ടങ്ങളും നിരോധിക്കുന്ന ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടയിൽ ചർച്ചയില്ലാതെയാണ് ഈ ബിൽ പാസാക്കിയത്.
ഇത് നിയമമാകുന്നതോടെ ഓൺലൈൻ ഫാന്റസി സ്പോർട്സുകൾ, പോക്കർ, റമ്മി, മറ്റ് കാർഡ് ഗെയിമുകൾ, ഓൺലൈൻ ലോട്ടറി എന്നിവയെല്ലാം നിരോധിക്കും. നിരോധിക്കപ്പെട്ട ഓൺലൈൻ ക്യാഷ് ഗെയിമിൽ ഏർപ്പെട്ടാൽ ജാമ്യമില്ലാക്കുറ്റമാണ് വരാൻ പോകുന്നത്.
എന്നാൽ , സാമൂഹിക, വിദ്യാഭ്യാസ പ്രോത്സാഹനം ലക്ഷ്യമിട്ടുള്ള ഇ-സ്പോർട്സിന് അംഗീകാരമുണ്ടാകും. ഇവയെ പ്രോത്സാഹിപ്പിക്കാൻ മാർഗരേഖ കായികമന്ത്രാലയം തയ്യാറാക്കും.
നിരോധിച്ചശേഷവും ഇത്തരം ഗെയിമുകൾ വീണ്ടും കളിയ്ക്കാൻ സൗകര്യമൊരുക്കുന്നവർക്ക് മൂന്നുവർഷംവരെ തടവോ ഒരു കോടി രൂപവരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ കിട്ടും. ഇതിന്റെ പരസ്യം ചെയ്താൽ രണ്ടുവർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയുണ്ടാകും. സിനിമാനടൻ താടിയുള്ള ലാലും, ധ്യാൻ ശ്രീനിവാസനും, ഹിന്ദിയിലെ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവരൊക്കെയും അകത്താകും.
ഇത്തരം ഗെയിമുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾ കണ്ടെത്തിയാൽ മൂന്നുവർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. പിന്നെയും കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും രണ്ട് കോടി വരെ പിഴയും ലഭിക്കും.
ഓൺലൈൻ മണി ഗെയിമുകൾക്ക് സൗകര്യമൊരുക്കൽ, അത് പ്രവർത്തിപ്പിക്കൽ എന്നിവയ്ക്ക് പൂർണനിരോധനം. എല്ലാത്തരം മാധ്യമങ്ങളിലൂടെയുള്ള കാഷ് ഗെയിമുകളുടെ പരസ്യവും പ്രൊമോഷനും നിരോധിക്കും. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കും നിരോധനം വരും. ബാങ്കുകൾ, മറ്റ് പണമിടപാട് സംവിധാനങ്ങൾ എന്നിവയ്ക്ക് ഇത്തരം പേമെന്റുകൾ പ്രോസസ് ചെയ്യുന്നതിൽ വിലക്ക് ഏർപ്പെടുത്തും.
കുറ്റകൃത്യമെന്ന് സംശയിക്കപ്പെടുന്ന കേസുകളിൽ പോലും വാറന്റില്ലാതെ പരിശോധന നടത്താനും അറസ്റ്റിനും ഉദ്യോഗസ്ഥർക്ക് അധികാരം നൽകുകയും ചെയ്യും. ഫാന്റസി സ്പോർട്സ്, റമ്മി, പോക്കർ, തീൻ പത്തി, മൈ സർക്കിൾ മൈ ഇലവൻ, ജംഗ്ലി റമ്മി, പിങ്ക് റമ്മി, എസ് ടു ത്രീ, റമ്മി ക്ലബ്, എന്നിങ്ങനെ സകല കാശ് ഗെയിം കളിക്കുന്ന പ്ലാറ്റുഫോമുകളും അടച്ച്പൂട്ടും.
നിയമം ലംഘിക്കുന്ന പ്ലാറ്റ്ഫോമുകൾ 2000 ലെ ഐടി ആക്ട് പ്രകാരം ബ്ലോക്ക് ചെയ്യാൻ കഴിയും.
ഓൺലൈൻ കാഷ് ഗെയിമുകളിൽ അഡിക്റ്റ് ആയി പലരും കടക്കെണിയിലാകുകയും ആത്മഹത്യാ ചെയ്യുന്നതും ആയ കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ട് നിരവധി പാർലമെന്റ് അംഗങ്ങൾ പരാതി നൽകിയിരുന്നു എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും ഓൺലൈൻ ലൈൻ ഗെയിമുകളിൽ അകൗണ്ട് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് വിത്ത് ഡ്രോ ചെയ്യുക. കാരണം നിയമം നടപ്പിലായാൽ ചിലപ്പോൾ ഈ പ്ലാറ്റഫോമൊന്നും അവിടെ ഉണ്ടാകില്ല. കയ്യിലുള്ളതുമായി അവർ സ്ഥലം കാലിയാക്കും.