നിമിഷപ്രിയയുടെ പേരിൽ ചിലർ പണം തട്ടിയതായി കേന്ദ്രം സംശയിക്കുന്നു; കാന്തപുരം അബൂബക്കർ മുസലിയാരെ അപമാനിച്ച കെ എ പോളും സംശയത്തിൻറെ നിഴലിൽ

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തെ ചൊല്ലി നടക്കുന്ന കോടികളുടെ പണപ്പിരിവിൽ വലിയ തട്ടിപ്പ് നടന്നതായി കേന്ദ്രം സംശയിക്കുന്നു. നിമിഷ പ്രിയക്ക് വേണ്ടി കുടുംബവുമായി ചർച്ച ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്തുവരുന്ന കെ എ പോൾ, ജേക്കബ് ചെറുവള്ളി, സാമുവൽ ജെറോം എന്നിവരുടെ നീക്കങ്ങളിലാണ് കേന്ദ്രം സംശയം പ്രകടിപ്പിക്കുന്നത്.
സമൂഹമാധ്യമങ്ങൾ വഴി കോടികളുടെ പണപ്പിരിവ് ഇവർ നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഇത്തരം പിരിവ് തട്ടിപ്പാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടും ഇവരൊന്നും അതിൽ നിന്നും പിന്മാറിയിട്ടില്ല. നിമിഷപ്രിയയുടെ മോചന നീക്കം തന്നെ പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ് ഇപ്പോളുള്ളത്. ഇന്നോ നാളെയോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് കേന്ദ്ര സർക്കാരിന് മാത്രമെ ഇനിയെന്തെങ്കിലും ചെയ്യാനാകൂവെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഉൾപ്പടെയുള്ളവർ പറയുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിന് ശേഷം തുടർന്നുള്ള നടപടികളിൽ അനിശ്ചിതത്വം തുടരുകയാണ്. ദിയാധനം കൊടുത്ത് ശിക്ഷ ഒഴിവാക്കാൻ ശ്രമിക്കുമ്പോളും, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒരു ഒത്തുതീർപ്പിൽ എതാൻ കഴിഞ്ഞിട്ടില്ല. സഹോദരനായ അബ്ദുൽ ഫത്തേഹ് മഹ്ദി ചോരക്ക് ചോരതന്നെ വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.
അതിനിടെയാണ് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ എ പോൾ വിഷയത്തിലേക്ക് കടന്നുവന്നത്. നിമിഷപ്രിയക്ക് വേണ്ടി ആക്ഷൻ കൗൺസിൽ ശക്തമായ ഇടപെടൽ നടത്തുമ്പോൾ, പോളിന് പിന്തുണ നൽകുന്ന സമീപനമാണ് നിമിഷപ്രിയയുടെ ഭാർത്താവ് ടോമി സ്വീകരിക്കുന്നത്. അതിനാൽ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നും അറിയിച്ചിരുന്നു.
ആക്ഷൻ കൗൺസിലിനെതിരെയാണ് കെ എ പോൾ നിലകൊള്ളുന്നത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളിൽ നിന്ന് കാന്തപുരത്തേയും അഡ്വ. സുഭാഷ് ചന്ദ്രനേയും വിലക്കണം എന്നാവശ്യപ്പെട്ട് കെ എ പോൾ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്ന പോളിനൊപ്പം നിമിഷപ്രിയയുടെ കുടുംബം നിലകൊള്ളുന്ന സാഹചര്യത്തിൽ ഇനിയും മുന്നോട്ടുപോകേണ്ടതില്ലെന്നാണ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കുന്നത്.
നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് കെ എ പോൾ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. നിമിഷപ്രിയയെ ഇത്ര കാലം മോചിപ്പിക്കാത്തതിൽ മറുപടി പറയേണ്ടത് ഇന്ത്യയുടെ വിദേശകാര്യമന്ത്രി ആണെന്നും ഇയാൾ പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയായ നരേന്ദ്ര മോദി നിമിഷപ്രിയക്ക് വേണ്ടി എന്ത് ചെയ്തുവെന്നാണ് പോൾ ചോദിക്കുന്നത്. 11 വർഷമായി രാജ്യം ഭരിക്കുന്ന മോദിക്ക് എന്തുകൊണ്ട് നിമിഷപ്രിയയെ മോചിപ്പിക്കാൻ കഴിയാത്തത് എന്നും പോൾ ചോദിച്ചിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരിൽ കെ എ പോൾ വ്യാജപണപ്പിരിവ് നടത്തുന്നതായി നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ആക്ഷൻ കൗൺസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ബന്ധങ്ങൾ ഉപയോഗിച്ച് നടത്തിയ ഇടപെടലിനെ തുടർന്ന് വധശിക്ഷ മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞ മാസം അവസാനം കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തോട് മാപ്പാപേക്ഷിച്ച് കൊണ്ടാണ് കെ എ പോൾ സജീവമാകുന്നത്. കാന്തപുരത്തിന് വേണ്ടി താൻ മാപ്പ് ചോദിക്കുന്നു എന്നായിരുന്നു കെ എ പോളിന്റെ വീഡിയോയില്‍ പറയുന്നത്. നിമിഷപ്രിയയുടെ മകൾക്കൊപ്പമായിരുന്നു കെ എ പോളിന്റെ വീഡിയോ.
നിമിഷ പ്രിയയുടെ മോചനത്തിനായി പലരും ഇടപെടുന്നുണ്ട്. ഇവർക്കിടയിൽ പരസ്പരം ചില അവകാശവാദ തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് പരസ്പരം ആക്രമിക്കുന്നതിലേക്ക് എത്തിയിരുന്നില്ല. എന്നാൽ കെ എ പോളിന്റെ ആ വീഡിയോ കാന്തപുരത്തെ വ്യക്തിപരമായി ആക്രമിക്കുന്ന രീതിയിലുള്ളതാണ്. അതായത് നിമിഷപ്രിയ ജയിലിൽ തുടരുകയാണെങ്കിൽ അതിന് കാരണം കാന്തപുരം നടത്തിയ പ്രസ്താവനകളായിരിക്കും എന്നാണ് കെ എ പോൾ പറഞ്ഞത്.
ഇവാഞ്ചലിസ്റ് പോൾ ഓർമ്മിക്കേണ്ട കാര്യം എന്തെന്നാൽ കാന്തപുരം ആരോടും പൈസ പിരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഉന്നതമായ ബന്ധങ്ങൾ ഉപയോഗിച്ചാണ് ചർച്ചകൾ നടത്തിയത്. ഒരാളുടെ വധശിക്ഷയിൽ പോലും പണം പിരിച്ചെടുക്കുന്ന പോളിനെപ്പോലെയല്ല കാന്തപുരം അബൂബക്കർ മുസലിയാർ.
പോൾ ചോദിക്കുന്നത് പോലെ നരേന്ദ്രമോദി എന്തുകൊണ്ട് നിമിഷപ്രിയയെ രക്ഷിച്ചില്ല എന്ന ചോദ്യവും അപ്രസക്തമാണ്. ക്രൂരമായ കൊലപാതകം ചെയ്തിട്ട് തന്നെയാണ് നിമിഷപ്രിയ ജയിലിൽ കിടക്കുന്നത്. കോല നടത്തിയ കാര്യം മലയാളത്തിലെ മാധ്യമങ്ങൾക്ക് മുന്നിൽ അവർ തുറന്ന് പറഞ്ഞിട്ടുമുണ്ട്. പഴയ ഗോത്രകാല നീതിന്യായ ചോരക്ക് ചോര എന്ന ശിക്ഷയിൽ നിന്നും നിമിഷപ്രിയയെ ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അല്ലാതെ അവർ നിരപരാധി ആയിട്ടല്ല. പണം പിരിച്ചെടുക്കാനുള്ള ആവേശത്തിൽ കെ എ പോൽ കേന്ദ്രത്തെ കേറി ചൊറിയുന്നത് നല്ല കാര്യമല്ല. ഓരോ രാജ്യത്തെയും നിയമം വ്യത്യസ്തമാണ്. അതനുസരിച്ചാണ് അവിടെ ശിക്ഷ വിധിക്കുന്നതും.