‘ഞങ്ങളുടെ കൂട്ടത്തില്‍ വേണ്ട, കടിച്ച് തൂങ്ങണമോയെന്ന് രാഹുലിന് തീരുമാനിക്കാം; കെ മുരളീധരൻ

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതോടെ ഇനി എംഎല്‍എ സ്ഥാനത്ത് കടിച്ചൂതൂങ്ങണമോ, വേണ്ടയോ എന്ന കാര്യം രാഹുല്‍ മാങ്കൂട്ടത്തിലിന് തീരുമാനിക്കാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. യുഡിഎഫും കോണ്‍ഗ്രസും തങ്ങളുടെ കൂട്ടത്തില്‍ കൂടേണ്ടെന്ന് രാഹുലിനോട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു. കൂടുതല്‍ പരാതികളും തെളിവുകളും പുറത്തുവരുന്നതോടെ രാഹുലിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഇത് അവസാന നടപടിയല്ലെന്നും മുരളീധരന് പറഞ്ഞു.
‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സസ്പെന്ഷന് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഒരു ജനാധപത്യ പാര്‍ട്ടിക്ക് ചെയ്യുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. ഇതുവരെ രാഹുലിനെതിരെ ഒരു പരാതി രേഖാമൂലം ലഭിച്ചിട്ടില്ല. സമൂഹത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യുന്ന വിഷയം എന്ന നിലയില്‍ ഇതിന്റെ ഗൗരവം മനസിലാക്കിയാണ് പാര്‍ട്ടി രാഹുലിനെ സസ്പെന്‍ഡ് ചെയ്തത്. ഇത് അവസാന നടപടിയാണെന്ന് കണക്കാക്കേണ്ട. കുടുതല്‍ പ്രതികരണങ്ങളും പരാതികളും വരുന്നത് അനുസരിച്ച് അടുത്ത നടപടി സ്വീകരിക്കും. ആദ്യഘട്ടമെന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. രണ്ടാം ഘട്ടത്തില്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇത്രയും നടപടി മറ്റൊരു പാര്‍ട്ടിയും എടുത്തിട്ടില്ല’- മുരളീധരന് പറഞ്ഞു.