വ്യാജ തിരിച്ചറിയൽ കാർഡിൽ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യും; പാർട്ടി കയ്യൊഴിഞ്ഞ രാഹുൽ കേസിൽ പ്രതിയാകും ???

ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് കുരുക്ക് മുറുകുകയാണ്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ കാര്‍ഡുണ്ടാക്കിയെന്ന കേസില്‍ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. പ്രതികളിൽ ഒരാളുടെ മൊബൈലില്‍ നിന്ന് ലഭിച്ച ഒരു വോയ്സ് മെസേജിൽ രാഹുലിന്റെ പേര് വന്നതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചിരിക്കുന്നത്.
യുവതികളുടെ ആരോപണത്തെ തുടർന്ന് പദവിയും പാര്‍ട്ടിയിലെ സ്വാധീനവും ഒക്കെ നഷ്ടമായ രാഹുല്‍ ഒരാഴ്ചയായി വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടുകയാണ്. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ഇലക്ഷൻ സമയത്തെ വ്യാജതിരിച്ചറിയല്‍ കാര്‍ഡ് കേസ് വീണ്ടും തലപൊക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്‍ഡ് വ്യാജമായുണ്ടാക്കി എന്നാണ് കേസ്. ഇതില്‍ വീണ്ടും ചോദ്യം ചെയ്യാൻ ശനിയാഴ്ച തിരുവനന്തപുരത്തെ ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിന്റെ തുടക്കത്തില്‍ അന്ന് അന്വേഷിച്ചിരുന്ന മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. കാര്യമായ തെളിവൊന്നും ലഭിക്കാത്തത് കൊണ്ട് കേസിൽ പ്രതിചേര്‍ത്തിട്ടില്ല. പിന്നീട് ഈ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ അന്വേഷണമാണ് ഇപ്പോൾ രാഹുലിലേക്ക് എത്തുന്നത്.
രാഹുലിന്റെ സന്തതസഹചാരിയായ ഫെനി നൈനാന് ഉള്‍പ്പടെ നാല് വിശ്വസ്തരും വ്യാജകാര്‍ഡ് ഉണ്ടാക്കാനുള്ള അപ്ളിക്കേഷന്‍ തയാറാക്കിയ കാസര്‍കോട്ടെ യൂത്ത്കോണ്‍ഗ്രസ് നേതാവ് ജയ്സനുമടക്കം ആറ് പേര് അന്ന് അറസ്റ്റിലായിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്ഡുണ്ടാക്കുന്നതിനെ ക്കുറിച്ചുള്ള ഒരു സംഭാഷണത്തിനിടയിലാണ് മൂന്നാം പ്രതിയായ അഭിനന്ദ് വിക്രം, രാഹുലിന്റെ പേര് പറയുന്നതായി ഇപ്പോൾ വെളിപ്പെട്ടത്. വ്യക്തമായ തെളിവുണ്ടെങ്കിൽ രാഹുലിനെ കേസിൽ പ്രതി ചേർക്കും, ഇല്ലെങ്കില്‍ സാക്ഷിയാക്കി കുറ്റപത്രം നല്‍കാനാണ് ആലോചന.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗത്വം ചേര്‍ത്തതിന്റെ വിവരങ്ങള്‍ ദേശീയ കമ്മിറ്റിയുടെ വെബ്സൈറ്റിലാണ്. സെര്‍വറിലുളള വിശദാംശങ്ങള്‍ കൈമാറാന്‍ ഇതുവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി തയ്യാറായിട്ടില്ല. അത് അന്വേഷണത്തില്‍ വലിയ വെല്ലുവിളിയായിട്ടുണ്ട്. സെര്‍വര്‍ പങ്കുവെച്ച് കഴിഞ്ഞാല്‍ രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഘടനാ തെരഞ്ഞെടുപ്പിനായി അടൂരില്‍ മാത്രം യൂത്ത് കോണ്‍ഗ്രസ് നിര്‍മ്മിച്ചത് 2000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ചായിരുന്നു കാര്‍ഡ് നിര്‍മ്മാണം. വികാസ് കൃഷ്ണയെന്ന എഡിറ്ററുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷൻ എം ജെ രഞ്ജുവിനെ കേസുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ ഗൂഗിള്‍ പേ വഴി പ്രതിദിനം 1,000 രൂപ വികാസ് കൃഷ്ണയ്ക്ക് നൽകിയിരുന്നു. കേസില്‍ അഭി വിക്രം, ഫെന്നി നൈനാന്, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ നാല് പേരും ഒരുമിച്ച് ഇരുന്നാണ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഇതിൽ ഫെന്നി നൈനാന്റെ പേര് വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. പാലക്കാട് ഇലക്ഷൻ സമയത്തെ കള്ളപ്പണ വിവാദത്തില്‍ നീല ട്രോളി ബാഗുമായി ഫെനി നൈനാന് ആണ് ഹോട്ടലിലേയ്ക്ക് എത്തുന്നത്.
ഇപ്പോൾ ലൈംഗിക ആരോപണത്തിലും ഫെനി നൈനാൻ എന്ന പേര് കടന്നു വരുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാഹ വാഗ്ദാനം നല്കി ഹോട്ടല്‍ മുറിയില്‍ എത്തിച്ച് നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും പിന്നീട് വിവാഹം കഴിക്കാനാകില്ല എന്ന് രാഹുല്‍ പറഞ്ഞതായും യുവതി ആരോപണം ഉയർത്തിയിരുന്നു. ഹോട്ടലിലെ കൂടിക്കാഴ്ടയ്ക്ക് സാഹചര്യമൊരുക്കിയത് രാഹുല്‍ തന്നെയാണ് എന്നും രാഹുലിനൊപ്പം ഫെനി നൈനാനും ഉണ്ടായിരുന്നു എന്നും ആ യുവതി പറഞ്ഞിരുന്നു.