ആശമാർക്ക് 21000 തരില്ല, 10000 രൂപയാക്കാൻ ശുപാർശയുമായി സമിതിയുടെ റിപ്പോർട്ട്; 200 ദിവസം പിന്നിടുന്ന ആശാ സമരം ഇനിയെങ്കിലും തീരുമോ??

സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കേഴ്സ് നടത്തുന്ന സമരം ഇന്ന് 200-ാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയും ദിവസങ്ങൾ പിന്നിടുകയും ചർച്ചയാവുകയും ചെയ്ത മറ്റൊരു സമരവും ഉണ്ടായിട്ടില്ല. സമരം തുടങ്ങിയപ്പോൾ ഉയർത്തിയ ചില ആവശ്യങ്ങൾ അംഗീകരിച്ചെങ്കിലും പ്രധാനപ്പെട്ട ആവശ്യങ്ങൾക്കായി ഇപ്പോഴും ആശമാർ സമരം തുടരുകയാണ്.
2025 ഫെബ്രുവരി 10 നാണ് കേരള ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ രാപ്പകൽ സമരം ആരംഭിക്കുന്നത്. നിരവധി സമരങ്ങൾ കണ്ട സെക്രട്ടറിയേറ്റ് പരിസരത്ത് കുറച്ച് സ്ത്രീകൾ നടത്തുന്ന സാധാരണ ഒരു സമരം പോലെ ആയിരുന്നു തുടക്കം. കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ ഇതൊക്കെ നിർത്തിപ്പോകും എന്നാണ് സമരം ചെയ്യുന്നവർ പോലും കരുതിയത്.
ഓണറേറിയ വർധനവ് , വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയവയായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങൾ. മന്ത്രിയുടെ ഓഫീസിൽ ചർച്ച നടത്തിയിട്ടും ആവശ്യങ്ങൾ ഒന്നും അംഗീകരിച്ചില്ല. ഫെബ്രുവരി 15ന് നടന്ന കുടുംബ സംഗമം സമരത്തിനെ പൊതുജനശ്രദ്ധയിലേക്ക് എത്തിച്ചു. ഫെബ്രുവരി 20ന് സെക്രട്ടറിയേറ്റ് പരിസരത്ത് ആശ വര്ക്കര്മാരുടെ മഹാസംഗമം നടത്തിയിരുന്നു. അതിന് പിന്നാലെ നിയമസഭാ മാർച്ചും, വനിതാ സംഗമവും , സെക്രട്ടറിയേറ്റ് ഉപരോധവും നടത്തിയിരുന്നു.
പിന്നീട് നിരാഹാര സമരവും, കൂട്ട ഉപവാസവും, ആശംരുടെ മുടിമുറിക്കൽ സമരവും, രാപ്പകൽ സമര യാത്രയും അടക്കം പല തരത്തിലുള്ള പ്രതിഷേധങ്ങൾ നടന്നു. സർക്കാർ ഇതൊന്നും കണ്ടതായി ഭാവിച്ചുമില്ല. ഇതിനിടയിൽ സമരക്കാർക്ക് നേരെ ആക്ഷേപങ്ങളും ഉയർന്നിരുന്നു. മഴയത്ത് നനയാതിരിക്കാൻ വലിച്ചുകെട്ടിയ ടാർപ്പായ വരെ അഴിപ്പിച്ച പൊലീസ് നടപടിയും ഉണ്ടായിരുന്നു.
ആദ്യം കോൺഗ്രസും ബിജെപിയും സുരേഷ്ഗോപിയും ഒക്കെ ഈ സമരത്തിന് പിന്തുണയുമായി ഉണ്ടായിരുന്നു. പിന്നീട് ആരും തിരിഞ്ഞ് നോക്കാതെയായി. ഇതിനിടയിൽ ചില ആവശ്യങ്ങൾ സർക്കാറിന് അംഗീകരിക്കേണ്ടി വന്നുവെങ്കിലും സമരക്കാർ തൃപ്തരായില്ല. ഓണറേറിയ വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ ഇപ്പോഴും പരിഗണിച്ചിട്ടില്ല. പൂർണ്ണ വിജയം കാണുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് ആശാ വർക്കേഴ്സ്.
എപ്പോൾ സമരക്കാരെ തേടി ഒരു നല്ല വാർത്ത എത്തുന്നുണ്ട്. ഓണറേറിയം ഉൾപ്പെടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് ആശമാരുടെ പ്രശ്നങ്ങൾ പഠിച്ച സമിതി സർക്കാരിന് ശുപാർശ നൽകിയതാണ് ആ വാർത്ത. നിലവിൽ 7000 രൂപയുള്ള ഓണറേറിയം, പതിനായിരമായി വർധിപ്പിക്കണമെന്നാണ് സമിതിയുടെ ശുപാർശ. വിരമിക്കൽ ആനുകൂല്യം വർധിപ്പിക്കണമെന്നും ശുപാർശ ചെയ്യുന്നുണ്ട്.
ശുപാർശകളടങ്ങിയ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് ആണ് സമർപ്പിച്ചത്.
27000 എന്ന അന്യായ തുകയിൽ കടിച്ച് തൂങ്ങാതെ മാന്യമായി സമരം അവസാനിപ്പിക്കാനുള്ള ഒരു അവസരമാണ് ഇപ്പോൾ ആശാ വർക്കർമാർക്ക് കിട്ടിയിരിക്കുന്നത്. അതോടെ 200 ദിവസത്തെ ഈ സമരത്തിന് ശുഭ കരമായ ഒരു അവസാനവും ഉണ്ടാകും.
ഇതും നിഷേധിച്ച്, സമരം തുടരുകയാണെങ്കിൽ അനന്തമായി തന്നെ ഇത് നീണ്ടുപോകാനാണ് സാധ്യത. സാധാരണ ബസ് തൊഴിലാളികളോ, ഓട്ടോ ഡ്രൈവര്മാരോ, അല്ലെങ്കിൽ നിത്യേന ജോലി ചെയ്യുന്ന മേഖലയിലെ ജീവനക്കാരോ സമരം ചെയ്താൽ, ആ രംഗത്തെ പ്രവർത്തനങ്ങൾ തടസ്സപ്പെടാറുണ്ട്. അതിന്റെ ബുദ്ധിമുട്ടുകൾ പൊതുജനം അനുഭവിക്കുകയും വേണം.
എന്നാൽ 200 ദിവസം ആശാ വർക്കർമാർ സമരം ചെയ്തിട്ടും കേരളത്തിലെ ആരോഗ്യ രംഗത്തിന് എന്തെങ്കിലും തടസ്സം ഉണ്ടായോ എന്ന് ചോദിച്ചാൽ ഇല്ലാ എന്ന് തന്നെയാണ് ഉത്തരം.