തട്ടിപ്പിലും നമ്പർ വൺ കൊച്ചി തന്നെ: ഏറ്റവും വലിയ സൈബർ തട്ടിപ്പിൽ കൊച്ചിക്കാരന് നഷ്ടമായത് 25 കോടി രൂപ

നമ്മുടെ കൊച്ചി പല കാര്യങ്ങളിലും ഒന്നാം സ്ഥാനത്താണ് എന്നത് അഭിമാനമുള്ള ഒരു കാര്യം തന്നെയാണ്. എന്നാലിപ്പോൾ രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പിൻറെ ഇരയും കൊച്ചിയിൽ നിന്ന് തന്നെയാണ് എന്നതാണ് പുതിയ വാർത്ത. കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമയാണ് ചതിയിൽ പെട്ടത്.
ഷെയർ ട്രേഡിങ് ആപ്പ് വഴിയുള്ള തട്ടിപ്പിൽ 25 കോടി രൂപയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. ഉടമയുടെ പരാതിയിൽ കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എളംകുളം കുമാരനാശാൻ നഗറിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമയാണ് വൻ തട്ടിപ്പിനിരയായത്. ഷെയർ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ചാൽ വലിയ തുക ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഡാനിയൽ എന്ന് പരിചയപ്പെടുത്തിയ ആൾ 2023 മാർച്ചിലാണ് പരാതിക്കാരനെ ഫോണിൽ കൂടി ബന്ധപ്പെടുന്നത്. ചാറ്റിങ് ടെലഗ്രാമിലേക്ക് മാറ്റി.
Capitalix bot എന്ന ടെലഗ്രാം അക്കൗണ്ട് വഴിയായിരുന്നു ചാറ്റിങ് നടത്തിയത്. അതിന് പിന്നാലെ www.capitalix.com എന്ന ട്രേഡിംഗ് വെബ്സൈറ്റ് പരിചയപ്പെടുത്തി.
ഇത് വഴിയാണ് ഇദ്ദേഹം കോടികൾ നിക്ഷേപിച്ചത്. കഴിഞ്ഞമാസം 29 ആം തീയതി വരെ പലതവണകളായി നിക്ഷേപിച്ചത് 24 കോടി 76 ലക്ഷം രൂപയാണ്. ഓരോ തവണയും വ്യത്യസ്തമായ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചിരുന്നത്. ഈ രണ്ടു വർഷത്തിനിടെ 25 കോടിയോളം രൂപ നിക്ഷേപിച്ച പരാതിക്കാരന് ലഭിച്ചത് ഒന്നരക്കോടി രൂപ മാത്രമാണ്. പറഞ്ഞ ലാഭം ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്.
രണ്ടുവർഷത്തിനിടെ ഒരിക്കൽ പോലും സംശയം തോന്നാത്ത രീതിയിലായിരുന്നു തട്ടിപ്പുകാരുടെ ഇടപാടുകൾ. എന്നാൽ ഇത് തട്ടിപ്പ് ആണെന്ന് ബോധ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ സൈബർ പോലീസിനെ സമീപിച്ചത്. സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നിരന്തരം സർക്കാർ ഏജൻസികൾ മുന്നറിയിപ്പ് നൽകുമ്പോഴാണ് വീണ്ടും തട്ടിപ്പുകൾ അരങ്ങേറുന്നത്.
രണ്ടു ദിവസം മുമ്പാണ് ഓൺലൈൻ ഓഹരി വ്യാപാരത്തിലൂടെ ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് യുവാവിന്റെ 86 ലക്ഷം രൂപ തട്ടിയെടുത്തയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം ചിറ്റൂർ മൂലമ്പള്ളി ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ജെവിൻ ജേക്കബിനെയാണ് പിടികൂടിയത്. എറണാകുളം വൈപ്പിൻ ഭാഗത്ത് നിന്നാണ് പ്രതിയെ കോട്ടയം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
2025 ജൂൺ 10 മുതൽ ജൂലൈ 25 വരെ പല തവണകളായാണ് ഇയാൾ 86 ലക്ഷം രൂപ തട്ടിയെടുത്തത്.
ഓൺലൈൻ ട്രേഡിങ് ബിസിനസിലൂടെ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിനെ പ്രതി ഒരു വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കി. തുടർന്ന് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെറിയ ലാഭം തിരിച്ചു നൽകുകയും ചെയ്തു. അതോടെ യുവാവിനും വിശ്വാസമായി.
പിന്നീട് വലിയ തുക നിക്ഷേപിച്ചാൽ കൂടുതൽ ലാഭം കിട്ടുമെന്ന് പറഞ്ഞു. നിക്ഷേപിച്ച തുകയുടെ ലാഭ വിഹിതം ഇവരുടെ തന്നെ ഓൺലൈൻ വെർച്വൽ അക്കൗണ്ടിൽ കാണിച്ചായിരുന്നു ഈ തട്ടിപ്പ്. തുക പിൻവലിക്കാൻ 14 മുതൽ 21 ദിവസം വരെ സമയമെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഈ പറഞ്ഞസമയം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാൽ സംശയം തോന്നിയ യുവാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
നമ്മൾ അറിയുന്നതിനേക്കാളും കൂടുതലായി, നാലോ അഞ്ചോ ഇരട്ടി തട്ടിപ്പുകൾ ഇവിടെ നടക്കുന്നുണ്ട്. പക്ഷെ പലരും നാണക്കേട് കാരണം പുറത്ത് പറയാറില്ല. മറ്റു ചിലരാണെങ്കിൽ ഇതിൽ നിക്ഷേപിച്ച പണത്തിന്റെ സോഴ്സ് ലീഗലായി തെളിയിക്കാൻ പറ്റാത്തവരും ആയിരിക്കും. അതൊക്കെയാണ് ഇത്തരം ഓൺലൈൻ തട്ടിപ്പുകാർക്ക് വളമായി മാറുന്നത്.