ജീവനെടുക്കുന്ന ഹോട്ടല്‍ ഭക്ഷണം; കടിഞ്ഞാണിടേണ്ടതെങ്ങനെ ?
മലയാളികളുടെ ജീവിത രീതിയില്‍ ഹോട്ടല്‍ ഭക്ഷണത്തിനോടുള്ള പ്രിയം കൂടിയിട്ട് നാളുകളേറെയായി. പുറത്തുപോയി കുടുംബത്തിനും കൂട്ടുകാര്‍ക്കും ഒപ്പം ഭക്ഷണം കഴിക്കുന്നത് സ്ഥിരമായി. എന്നാല്‍ ചിലപ്പോഴെങ്കിലും ഹോട്ടല്‍ ഭക്ഷണം നമ്മളെ പ്രതിസന്ധിയില്‍ ആക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമ്മളില്‍ പലരെയും ഏറെ വേദനയിലാഴ്ത്തിയതും ഹോട്ടല്‍ ഭക്ഷണത്തെ കുറിച്ച് പുനപ്പരിശോധിക്കാന്‍ പ്രേരിപ്പിച്ചതും ഇത്തരത്തിലുള്ള ഒരു അനുഭവമാണ്.
കാസര്‍ക്കോട്ടെ ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് 16 വയസുകാരി ദേവനന്ദ മരിച്ച വാര്‍ത്ത മലയാളികള്‍ കേട്ടത് ഞെട്ടലോടെയായിരുന്നു. തുടര്‍ന്ന് അതേ പ്രദേശത്ത് 52 ആളുകള്‍ക്ക് കൂടി ഷവര്‍മ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിലായി.
പിന്നീടുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് പല സ്വകാര്യ ഹോട്ടലുകളിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കേരളത്തില്‍ പലയിടങ്ങളിലായി ഭക്ഷ്യ വിഷബാധയും ആരോഗ്യപ്രശ്നങ്ങളും ചര്‍ച്ചയായതോടെ സംസ്ഥാന ആരോഗ്യവകുപ്പ് പരിശോധനകള്‍ ശക്തമാക്കി.
കേരളത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന ശക്തമാക്കി. മിന്നല്‍ പരിശോധന നടത്തി പല സ്ഥലത്ത് നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. നിര്‍മാണ തിയതികള്‍ പ്രസിദ്ധീകരിക്കാത്ത പാക്കറ്റ് ഭക്ഷണങ്ങള്‍ കൂട്ടത്തോടെ കണ്ടെത്തി നശിപ്പിച്ച്. അവ വില്പനക്ക് വെച്ച ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും നോട്ടീസ് നല്കി. ഷവര്‍മയിലൂടെ ഭക്ഷ്യ വിഷബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞിരുന്നു. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് നല്കാന് ആവശ്യപെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ആരോഗ്യമേഖലയില്‍ നിന്ന് പരിശോധനകളും മറ്റ് ഇടപെടലുകള്‍ തുടരുമ്പോഴും സംസ്ഥാനത്ത് വീണ്ടും സമാന രീതിയിലുള്ള പരാതികള്‍ ഉയരുകയാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ നെടുമങ്ങാട് ഷാലിയാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായി. നെടുമങ്ങട് പൂവത്തൂര്‍ സ്വദേശിയായ പ്രിയ മകള്‍ക്കു വേണ്ടി വാങ്ങിയ ഭക്ഷണപ്പൊതിയില്‍ പറ്റിപ്പിടിച്ച നിലയിലായിരുന്നു പാമ്പിന്റെ തൊലി കണ്ടെത്തിയത്.
സംഭവം ഉടന്‍ തന്നെ ആരോഗ്യ- ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിച്ചു ഹോട്ടല്‍ അടപ്പിച്ചു. എന്നാല്‍ അശ്രദ്ധമായും അപകടകരമായും ഭക്ഷണം വിതരണം ചെയ്ത സ്ഥാപനത്തിനെതിരെ മറ്റ് നടപടികള്‍ ഉണ്ടായില്ല. താക്കീത് നല്‍കിയശേഷം ഹോട്ടല്‍ വൃത്തിയാക്കി വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുകയാണ് ഉണ്ടായത്.
എന്താണ് ഭക്ഷ്യസുരക്ഷാ രംഗത്ത് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്.
ആരുടെ ശ്രദ്ധക്കുറവാണ് ഇതിനു പിന്നില്‍. ആരോഗ്യവകുപ്പ് നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനം എന്താണ്. നിയമങ്ങള്‍ കൊണ്ടു വന്നാല്‍ മാത്രം പോര, അതു കൃത്യമായി പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക കൂടി വേണം എന്നതിന്റെ ഓര്‍പ്പെടുത്തല്‍ കൂടിയാണ് ഇത്തരം സംഭവങ്ങള്‍.ഇനിയൊരു ദേവനന്ദ കൂടി കേരളത്തില്‍ ഉണ്ടാകാതിരിക്കട്ടെ. നമ്മുടെ ശ്രദ്ധകുറവിനാല് ഒരു ജീവന് കൂടി ഇവിടെ പൊലിയാതിരിക്കട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം.
Content highlight; Food poisoning and health problems reported in many parts of kerala