“വനം വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിയിട്ട് തല്ലി”; പരാതിയുമായി പൊതുപ്രവർത്തകന്

വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദിച്ചതായി പൊതു പ്രവർത്തകന്. അഞ്ച് വർഷം മുമ്പ്, തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി അകമ്പാടത്തെ പൊതുപ്രവർത്തകനും കർഷകനുമായ ബൈജു ആൻഡ്രൂസ് ആരോപിക്കുന്നു.
കാര്യം എന്തെന്ന് പോലും അറിയിക്കാതെ അഞ്ചോളം ഉദ്യോഗസ്ഥർ തന്നെ വളഞ്ഞിട്ട് തല്ലുകയായിരുന്നു എന്നാണ് ബൈജു ആന്‍ഡ്രൂസ് പറയുന്നത്. കെട്ടിയിട്ടും മർദിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്നും ബൈജു അറിയിച്ചു.
2020 കോവിഡ് കാലത്താണ് പരാതിക്ക് ആസ്പദമായ സംഭവം. അകമ്പാടത്ത് സുഹൃത്തുമായി ചേർന്ന് ബൈജു ആന്‍ഡ്രൂസ് കപ്പ കൃഷി ചെയ്തിരുന്നു. മാനിനെ വെടിവെച്ച് കൊന്ന കേസില്‍ ഈ സുഹൃത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ബൈജുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അറിയാത്ത തന്നെ ഉദ്യോഗസ്ഥർ ചേർന്ന് മർദിച്ചുവെന്നാണ് ബൈജുവിന്റെ പരാതി.