ഏഷ്യാ കപ്പ് ടി-20 ടൂര്‍ണമെന്റിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം നാളെ

ടി-20 ഏഷ്യാകപ്പ് ടൂര്‍ണമെന്റിന് ഇന്ന് യുഎഇയില്‍ തുടക്കമാവും. ഏഷ്യയിലെ എട്ടു ടീമുകളാണ് രണ്ടു ഗ്രൂപ്പുകളിലായി മത്സരിക്കുന്നത്. ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ഹോങ്കോങ്ങിനെ നേരിടും. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം.
നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം നാളെ നടക്കും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. ടൂര്‍ണമെന്റിലെ സൂപ്പര്‍ പോരാട്ടമായ ഇന്ത്യ- പാകിസ്ഥാന് മത്സരം ഈ മാസം 14 ന് ദുബായില്‍ നടക്കും.
ഗ്രൂപ്പ് ഘട്ടത്തിനുശേഷം രണ്ടു ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ മത്സരിക്കും. ഇതില്‍ നിന്നും ആദ്യ രണ്ടു സ്ഥാനത്തെത്തുന്ന ടീമുകള്‍ 28 ന് ഫൈനലില്‍ ഏറ്റുമുട്ടും. മത്സരം സോണി ടെന്‍ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം. ഇന്ത്യ, പാകിസ്ഥാന്, ഒമാന്‍, യുഎഇ എന്നിവ ഗ്രൂപ്പ് എയിലും, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ ബി ഗ്രൂപ്പിലുമാണുള്ളത്.