ജറുസലേമിലെ വെടിവെപ്പിൽ 6 ഇസ്രായേലികൾ കൊല്ലപ്പെട്ടു; അക്രമികളെ അഭിനന്ദിച്ച് ഹമാസിൻറെ പ്രസ്താവന

വടക്കൻ ജെറുസലേമിൽ ഉണ്ടായ വെടിവെയ്പ്പിൽ മരിച്ചവരുടെ എണ്ണം ആറായി. ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാറാണ് മരണ സംഖ്യ ഉയർന്ന വിവരം സ്ഥിരീകരിച്ചത്. ഗർഭിണി അടക്കം നിരവധി പേർക്ക് പരിക്കേറ്റതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. തോക്കുധാരികളായ രണ്ട് പേരാണ് ആക്രമണം നടത്തിയത്. രണ്ടുപേരെയും കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിവെയ്പ്പ് നടന്ന സ്ഥലം സന്ദർശിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നെതന്യാഹു ആശ്വസിപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റവർ ഏറ്റവും വേഗം സുഖം പ്രാപിക്കട്ടെയെന്നും നെതന്യാഹു ആശംസ നേർന്നു. വ്യത്യസ്ത ഇടങ്ങളിൽ നിന്നുള്ള യുദ്ധം എന്നായിരുന്നു ആക്രമണത്തെ നെതന്യാഹു വിശേഷിപ്പിച്ചത്.
നൂറ് കണക്കിന് ആക്രമണങ്ങളാണ് പലപ്പോളായി ഇസ്രയേൽ തടഞ്ഞത്. എന്നാൽ ഇന്ന് രാവിലെ നടന്ന ആക്രമണം തടയാൻ സാധിച്ചില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. അക്രമകാരികളെ സഹായിച്ച എല്ലാവരെയും പിടികൂടുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി പ്രതിജ്ഞ ചെയ്തു.
റാമോട്ട് എന്ന പ്രദേശത്താണ് ആക്രമണം നടന്നത്. കിഴക്കൻ ജറുസലേമിലെ ജനവാസ മേഖലകളിലേക്കുള്ള റോഡും വടക്കൻ ജറുസലേമിലേക്കുള്ള പ്രവേശന കവാടവും കൂടിച്ചേരുന്ന പ്രധാന കവലയിലാണ് വെടിവയ്പ്പ് നടന്നത്. രണ്ട് അക്രമികൾ ബസിൽ കയറി വെടിയുതിർത്തതായാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ആക്രമണം നടക്കുമ്പോൾ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന നിരവധി ആളുകൾ ചിതറിയോടുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. നഗരത്തിലെ തിരക്കേറിയ കവലയിലായിരുന്നു ആക്രമണം. വെടിവയ്പ്പ് ആരംഭിച്ച ഉടനെ രണ്ട് അക്രമികളെ കീഴ്പ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ഇതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ അക്രമകാരികളുടെ നടപടികളെ അഭിനന്ദിക്കുന്നതായി ഹമാസ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളോടുള്ള സ്വഭാവിക പ്രതികരണമെന്നാണ് ഹമാസ് ഈ വെടിവെയ്പ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഈ ആക്രമണത്തിനായി ഇവര്‍ ഉപയോഗിച്ച മെഷീന് ഗണ്ണുകള്‍ ഫലസ്തീനിലെ അനധികൃത ആയുധ നിര്‍മ്മാണ ശാലകളില്‍ നിര്‍മ്മിച്ചതാണ് എന്നാണ് വ്യക്തമായിരിക്കുന്നത്. കാര്‍ലോ എന്നാണ് ഈ തോക്കുകള്‍ അറിയപ്പെടുന്നത്.
അതേസമയം, ഗാസപിടിച്ചെടുക്കാനുള്ള പ്രഖ്യാപനത്തിന് പിന്നാലെ പ്രദേശത്ത് ഇസ്രായേൽ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. ഞായറാഴ്്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗാസയിലെ അവസാനത്തെ ഏറ്റവും വലിയ കെട്ടിടവും തകർന്നു. പ്രദേശവാസികൾക്ക് ഒഴിഞ്ഞുപോകാനുള്ള നിർദേശം ഇസ്രായേൽ സൈന്യം നൽകിയിട്ടുണ്ട്.
ഗാസയിൽ ഉടനീളം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇന്നലെ മാത്രം 21 പേർ കൊല്ലപ്പെട്ടു. “ഞങ്ങൾ തുടരുന്നു” എന്ന അടിക്കുറിപ്പോടെ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് എക്സിൽ കെട്ടിടം തകരുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ ഗാസയിലെ മറ്റൊരു ടവറും ഇസ്രയേൽ സൈന്യം തകർത്തിരുന്നു. ഹമാസ് ഈ ടവറുകൾ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ഇസ്രയേൽ സൈന്യത്തിൻ്റെ ആരോപണം. എന്നാൽ ഹമാസ് ഇത് നിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഗാസയിൽ നിന്ന് ഇസ്രയേലിലേയ്ക്ക് രണ്ട് റോക്കറ്റുകൾ തൊടുത്ത് വിട്ടിരുന്നു. ഇതിൽ ഒരെണ്ണം തകർത്തെന്നും മറ്റൊന്ന് ആൾത്താമസമില്ലാത്ത ഇടത്താണ് പതിച്ചതെന്നുമായിരുന്നു ഐഡിഎഫ് പറഞ്ഞിരുന്നത് . ഇസ്രയേലിന് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം പലസ്തീൻ ഇസ്ലാമിക് ജിഹാദ് ഏറ്റെടുത്തിരുന്നു. ടെലഗ്രാം വഴി പുറത്തിറക്കിയ പ്രസ്താവനയിലാണ് തെക്കൻ ഇസ്രയേലിലെ നെറ്റിവോട്ടിലേയ്ക്ക് റോക്കറ്റ് തൊടുത്തുവെന്ന് പലസ്തീൻ ഇസ്ലാമിക് ജിഹാദ് അവകാശപ്പെട്ടത്.