ഉളുപ്പില്ലാതെ നുണകൾ പടച്ച് വിടുന്ന ജമാ അത്തൈ ഇസ്ലാമി ചാനൽ; അടുപ്പ് കൂട്ടി ചർച്ചയിൽ അപവാദം വിളമ്പലാണ് മുഖ്യം

കഴിഞ്ഞ ദിവസം മന്ത്രി പി.രാജീവിനെ ലക്ഷ്യം വെച്ച് ‘ഔട്ട് ഓഫ് ഫോക്കസ് ‘ എന്ന ഇരുട്ടുമുറി പരിപാടിയിൽ തീർത്തും തെറ്റായ പരാമര്ശങ്ങൾ നടത്തി കുഴപ്പത്തിലായിരിക്കുകയാണ് മീഡീയാ വൺ ചാനൽ. മന്ത്രി പി രാജീവിന്, തമിള്നാട്ടിലെ പഴനിയിൽ എസ്റ്റേറ്റ് ഉണ്ടെന്ന പച്ചക്കള്ളമാണ് അവതാരകനായ അജിംസ് തട്ടി വിട്ടത്. വളരെ ആധികാരികമായി എന്തോ പറയുന്നത് പോലെയാണ് ഈ ശുദ്ധനുണ അദ്ദേഹം പറയുന്നത്.
എന്നാൽ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഈ ഫാം ഹൗസ് മീഡിയാവണ്ണിന് എഴുതി കൊടുക്കാം എന്നാണ് ഇപ്പോൾ മന്ത്രി രാജീവിന്റെ പരിഹാസം.
സൈബർ ലോകത്ത് അടുപ്പ് കൂട്ടി ചർച്ചയെന്ന പേരിലാണ് ഇവരുടെ ‘ ഔട്ട് ഓഫ് ഫോക്കസ് പരിപാടി അറിയപ്പെടുന്നത്. രാഷ്ട്രീയ നേതാക്കൾ അതിസമ്പന്നരായി മാറുന്നതിൻെറ ഉദാഹരണമെന്ന രീതിയിൽ നടത്തിയ പരാമർശത്തിലാണ്, പി.രാജീവിന് പഴനിയിൽ എസ്റ്റേറ്റ് ഉണ്ടെന്ന തെറ്റായ ആരോപണം ഉണ്ടായത്.
ജമാ അത്തെ ഇസ്ളാമിയുടെ നിയന്ത്രണത്തിലുളള മീഡിയാ വൺ ചാനലിലെ പ്രമുഖ അവതാരകനായ അജിംസാണ് പി.രാജീവിന് പഴനിയിൽ എസ്റ്റേറ്റ് ഉണ്ടെന്ന തെറ്റായ പരാമർശം നടത്തി പുലിവാല് പിടിച്ചത്.
അറിയാത്ത കാര്യങ്ങളാണെങ്കിലും, ഇല്ലാത്ത കാര്യങ്ങൾ ആണെങ്കിലും മുതിർന്ന മാധ്യമ പ്രവർത്തകർ പറയുന്നത് പോലെ ആധികാരികമായി തന്നെ പറയുന്ന ശൈലിയാണ് ജമാഅത്തെ ഇസ്ളാമി ചാനലിലെ അജിംസിന്റെത്. ഇവിടെ പി.രാജീവിൻെറ പേര് പറഞ്ഞില്ലെങ്കിലും ഉദ്ദേശിക്കുന്നത് രാജീവിനെ തന്നെയാണെന്ന് വ്യക്തമാകുന്ന തരത്തിലായിരുന്നു അജിംസിൻെറ അവതരണം.
”ചില പ്രത്യേക മേഖലകളിലുളള നേതാക്കൾ, അത് പാർട്ടിയിലുളളവരുമാകട്ടെ, അവർ അവിഹിതമായി സ്വത്ത് സമ്പാദിക്കുന്നുണ്ട് എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. ഞാനൊരു ഉദാഹരണം പറയാം. കൊച്ചി നഗരത്തിലെ, എറണാകുളം ജില്ലയിലെ ഒരു പ്രധാനപ്പെട്ട സി.പി.എം നേതാവ്, അദ്ദേഹം രാജ്യസഭാംഗമായിരുന്നു ഒരു കാലത്ത്, പിന്നീട് അദ്ദേഹം എം.എൽ.എ ആയി ഇപ്പോൾ മന്ത്രിയാണ്.
അദ്ദേഹത്തിൻെറ രാജ്യസഭ തീരഞ്ഞെടുപ്പ് കാലത്ത്, അദ്ദേഹത്തിൻെറ അഫിഡവിറ്റിൽ മൊത്തം ആസ്തി എന്ന് പറയുന്നത് 17 ലക്ഷം രൂപയാണ്. 17 ലക്ഷം സംതിങ്ങാണ് ആസ്തി. അദ്ദേഹത്തിൻെറ ആസ്തി മാത്രമല്ല, ആ ആസ്തി ഭാര്യയുടെ പേരിലാണ് കാണിക്കുന്നത്. അതിൽ 10ലക്ഷം രൂപയുടെ ഭൂമി, അഗ്രികൾച്ചറൽ ലാൻഡ്,1 ലക്ഷം രൂപയുടെ 1700 സ്ക്വയർ ഫീറ്റ് ബിൽഡിങ്ങ്. അത് രണ്ടുമാണ് ഭാര്യയുടെ പേരിൽ കാണിച്ചിരിക്കുന്നത്.
ഇദ്ദേഹം മന്ത്രിയായി ഏതാനും വർഷങ്ങൾക്ക് ശേഷം പഴനിയിലുളള അദ്ദേഹത്തിൻെറ ഫാം ഹൗസിലിരുന്ന് ഒരു വനിതാ മാസികക്ക് ഇന്റർവ്യു കൊടുക്കുന്നു. അപ്പോൾ ഈ പഴനിയിലെ ഫാം ഹൗസിൻെറ കാര്യം ഈ അഫിഡവിറ്റിൽ വരാത്തതിൻെറ കാരണമെന്താണ്, അദ്ദേഹത്തിൻെറയല്ലേ ? അതല്ലെങ്കിൽ അദ്ദേഹത്തിൻെറ ബന്ധുക്കളുടെ വല്ലതുമാണോ, അതോ ഭാര്യയുടെ കുടുംബത്തിൽ പെട്ടത് വല്ലതുമാണോ, നമുക്ക് അറിയില്ല.
ഈ മന്ത്രി എന്തുചെയ്യുന്നു, പളനിയിലെ ഫാം ഹൗസിലിരുന്ന് അദ്ദേഹത്തിൻെറ കുടുംബവുമായി ഒരു മാഗസിന് ഇന്റർവ്യു കൊടുക്കുകയാണോ. അദ്ദേഹത്തിൻെറ രണ്ട് കുട്ടികൾ പഠിക്കുന്നത് കൊച്ചിയിലെ രണ്ട് പ്രധാനപ്പെട്ട സ്കൂളുകളിലാണ്.
സാധാരണ സി.പി.എം നേതാക്കളൊക്കെ സർക്കാർ സ്കൂളുകളിൽ , പൊതുവിദ്യാലയങ്ങളിൽ ഒക്കെ കുട്ടികളെ പഠിപ്പിക്കുന്നു എന്ന് പറയുമ്പോൾ , അഡ്മിഷൻ കിട്ടാൻ വളരെ പ്രയാസമുളള കൊച്ചിയിലെ രണ്ട് പ്രധാനപ്പെട്ട സ്കൂളുകളിലാണ് ഇദ്ദേഹത്തിന്റെ രണ്ട് മക്കളും പഠിക്കുന്നത്.
അപ്പോ അദ്ദേഹത്തിൻെറ പാസ്റ്റ് എടുത്ത് നോക്കിക്കഴിഞ്ഞാൽ അദ്ദേഹം എന്ത് ജോലി എടുത്തിട്ടാണ് ഇങ്ങനെ സമ്പാദിക്കുന്നത്. ഇതൊക്കെ അങ്ങനായാണെങ്കിൽ പബ്ളിക് ഇതില് വരേണ്ടതല്ലേ, തുറന്ന് കാണിക്കേണ്ടതല്ലേ. മിക്ക നേതാക്കന്മാരും ഇങ്ങനെയൊക്കെ തന്നെയാണ്.
ഞാനിത് പറയാൻ കാരണം, കൊച്ചി വലിയൊരു സാമ്പത്തിക ക്രയവിക്രയം നടക്കുന്ന സിറ്റിയാണ് എന്നത് കൊണ്ടാണ്. അവിടുത്തെ ഏത് രാഷ്ട്രീയ പാർട്ടി, ആരാണോ അധികാരത്തിൽ ഇരിക്കുന്നത് ആ രാഷ്ട്രീയ പാർട്ടികൾക്ക് ഈ ശരത് പ്രസാദ് പറയുന്നത് പോലെ അപ്പർക്ളാസ് ആളുകളുമായി നല്ല ബന്ധം ഉണ്ടാകും, അവിടെ പല ഡീലിങ്ങുകളും നടക്കും ആ ഡിലിങ്ങുകളെല്ലാം ഇരുട്ടിൻെറ മറവിലാണ്,
സാധാരണക്കാർക്ക് കാണാൻ പറ്റണമെന്നില്ല, നമുക്ക് കാണാൻ പറ്റണമെന്നില്ല. ഞാനിത് സി.പി.എമ്മിനെ മാത്രമായി പറയുന്നതല്ല, എല്ലാ പാർട്ടികളിലും ഇത്തരം ഡീലിങ്ങ്സുണ്ട്.” ഇതാണ് അജിംസ് മീഡിയാ വണ്ണിലെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയിൽ പി.രാജീവിനെ ലക്ഷ്യം വെച്ച് നടത്തിയ പരമാർശം.
ഡീലിങ്സ് എല്ലാം ഇരുട്ടിന്റെ മറവിൽ ആണത്രേ. ഇരുട്ടുമുറിയിൽ ഇരുന്നു ചർച്ച നടത്തുന്നവർക്ക് എല്ലായിടത്തും ഇരുട്ടാണ്. കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കുന്ന ആളുകളാണ് ഈ ചാനലിൽ ചർച്ചക്കായി ഇരിക്കുന്നത്.
ചാനലിൽ ഈ പറഞ്ഞത് തെറ്റാണെന്ന് വന്നതോടെ ആ ഭാഗം ഡിജിറ്റൽ പ്ളാറ്റ് ഫോമുകളിൽ നിന്ന് നീക്കുകയും കോപ്പി റൈറ്റ് ആക്റ്റിവേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ മീഡിയാ വണ്ണിന് എതിരെ വലിയ വിമർശനവും അസഭ്യ വർഷവുമാണ് നടക്കുന്നത്. എഡിറ്റർ പ്രമോദ് രാമനെയും മാനേജിങ്ങ് എഡിറ്റർ സി.ദാവൂദിനെയും മനോഹരമായ വാക്കുകൾ കൊണ്ട് അഭിഷേകം നടത്തുന്നതാണ് സൈബറിടങ്ങളിലെ കാഴ്ച.
മീഡിയാ വണ്ണിലെ അടുപ്പ് കൂട്ടി ചർച്ചയിലെ തെറ്റിദ്ധാരണ പരുത്തുന്നതും വാസ്തവ വിരുദ്ധവുമായ പരാമർശത്തിനെതിരെ മന്ത്രി പി.രാജീവ് തന്നെ രംഗത്തുവന്നു. ഇത് എന്തുതരത്തിലുളള മാധ്യമ പ്രവർത്തനമാണെന്ന് ചോദിച്ചുകൊണ്ടാണ് മന്ത്രി പി.രാജീവ് മീഡിയാ വണ്ണിന് എതിരെ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടത്.
”ഇതുവരെ ഞാൻ പഴനിയിൽ പോയിട്ടില്ല. ഇനിയൊന്നു പോകണം. മീഡിയവണ്ണിൽ ഔട്ട് ഓഫ് ഫോക്കസ് അവതരിപ്പിക്കുന്നവരേയും കൂടെകൂട്ടണം. ‘പഴനിയിലെ ഫാം ഹൗസിൽ’ വെച്ച് വനിതാപ്രസിദ്ധീകരണത്തിൽ നൽകിയതായി പറയുന്ന, അവർ മാത്രം കണ്ട അഭിമുഖത്തിന്റെ കോപ്പി ചോദിച്ചുവാങ്ങണം.
ഇതുവരെ ഞാൻ കാണാത്ത പഴനിയിൽ, ആരും കാണാത്ത അഭിമുഖത്തിൽ, മീഡിയാ വണ്ണിലെ ചിലർ മാത്രം കണ്ട ഫാം ഹൗസ് അദ്ദേഹം കാണിച്ചു തരുമ്പോൾ അത് മീഡിയവണ്ണിന് രജിസ്റ്റർ ചെയ്ത് കൊടുക്കണം. എത്ര ശാന്തമായാണ് നട്ടാൽ മുളയ്ക്കാത്ത നുണ ആധികാരികമെന്ന മട്ടിൽ അവതരിപ്പിക്കുന്നത്.
മീഡിയാ വണ്ണിൻ്റെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയിൽ ഈ പച്ചക്കള്ളം വിളിച്ചു പറഞ്ഞത് എന്തെങ്കിലും വിധത്തിലുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണോ ? ഇതെന്ത് മാധ്യമപ്രവർത്തനമാണ് ?. ഇപ്പോൾ സ്റ്റോറി പിൻവലിച്ചതായി പ്രമോദ് രാമൻ പറയുന്നു. പക്ഷേ നുണ ലോകം ചുറ്റിയ ശേഷം സത്യത്തിന് ചെരിപ്പ് അന്വേഷിച്ചതു കൊണ്ട് എന്തു കാര്യം ? ” എന്നാണ് പി.രാജീവ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.
സാധാരണയായി സിപിഎമ്മിനെ വിമർശിക്കാൻ മാത്രം രംഗത്ത് വരുന്ന ജോയ് മാത്യുവും മീഡിയാ വണ്ണിനെ നിശിതമായി വിമർശിച്ച് എത്തിയിട്ടുണ്ട്.
” നുണ പ്രചാരകർ എന്ന് പേരെടുത്ത മൂന്നുപേർ ഇരുട്ടത്തിരുന്ന് ചർച്ചചെയ്തു, നിരങ്ങി നിരങ്ങി നേരം വെളുപ്പിക്കുന്ന ഒരു ചാനൽ ഉണ്ട്. മറ്റുള്ളവർക്ക് നേരം വെളുത്താലും ഈ രാമ പ്രഭൃതികൾക്ക് നേരം വെളുക്കില്ല.
കാണാത്ത കാര്യങ്ങളെപ്പറ്റിയാണ് ഇവരുടെ വിലാപങ്ങളധികവും. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രി രാജീവിന്റെ പളനിയിലെ ഇല്ലാത്ത ഫാം ഹൗസിൽ വെച്ച് നടത്തിയ ഇല്ലാത്ത അഭിമുഖത്തെക്കുറിച്ചുള്ള ചർച്ച. ഇതാണ് ജോയ് മാത്യു എഴുതിയത്.
ഇതിലുമൊക്കെ എത്രയോ ഭേദമാണ് ഓൺലൈൻ ചാനലുകളും യൂട്യൂബ് ചാനലുകളും. ചിലപ്പോളൊക്കെ വളച്ചൊടിച്ച വാർത്തകൾ നല്കാറുണ്ടെങ്കിലും ഇല്ലാത്ത ഒരു വാർത്ത, ഉണ്ടാക്കിയെടുത്ത് വിളമ്പാൻ അവരൊന്നും മെനക്കെടാറില്ല. ഇതിപ്പോൾ ഗൾഫിൽ നിന്നും പണം ഒഴുകുമ്പോൾ എന്തും വിളിച്ച് പറയാം എന്ന നിലയിലേക്കാണ് റേറ്റിങ്ങിൽ ഏറ്റവും താഴെ കിടക്കുന്ന ഈ ചാനലിൻറെ പോക്ക്.