അറസ്റ്റിലാവുന്ന എല്ലാവർക്കും വൈദ്യപരിശോധന; മെഡിക്കോ ലീഗൽ പ്രോട്ടോകോളിന് മന്ത്രിസഭാ അംഗീകാരം
പൊലീസ് അറസ്റ്റ് ചെയ്യുന്നവർക്ക് കസ്റ്റഡിയിൽ ശാരിരിക മർദനം ഏറ്റിട്ടുണ്ടാ എന്ന് മെഡിക്കൽ ഓഫീസർമാർ നിർബന്ധമായും പരിശോധിക്കണമെന്ന മെഡിക്കോ ലീഗൽ പ്രോട്ടോകോളിന് മന്ത്രിസഭ അംഗീകാരം നൽകി. അറസ്റ്റിലാവുന്നവർക്കും റിമാന്റ് തടവുകാർക്കും വൈദ്യ പരിശോധന നടത്തുന്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾക്ക് നിയമ വകുപ്പ് നിർദേശിച്ച ഭേദഗതിയോടെയാണ് മന്ത്രി അംഗീകാരം നൽകിയത്.
അറസ്റ്റിലാവുന്നവർക്കെല്ലാം വൈദ്യ പരിശോധന ഉറപ്പാക്കണം. നിലവിൽ ഇക്കാര്യം ഗൗരവത്തോടെ പാലിക്കുന്നില്ല. ഇത് വലിയ വിവാദങ്ങൾക്ക് വരെ വഴിയൊരുക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ കർശന മാർഗരേഖ പുറപ്പെടുവിക്കുന്നത്. ശരീരത്തിനേറ്റ മുറിവുകൾ കണ്ടെത്താനൻ സമഗ്ര പരിശോധന നടത്തും. ശരീരത്തിലുള്ള മുറിവുകളെ കുറിച്ച് ഡോക്ടർ നേരിട്ട് അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കണം. ബലപ്രയോഗം മറ്റ് മർദനങ്ങൾ എന്നിവയുണ്ടെങ്കിൽ അതിന്റെ സമയം ഉൾപ്പെടെ രേഖപ്പെടുത്തണമെന്നാണ് മാർഗനിർദേശം.
സ്ത്രീകളുടെ പരിശോധനയുടെ കാര്യത്തിലും കൃത്യമായ നിർദേശമുണ്ട്. സ്ത്രീകളെ പരിശോധിക്കേണ്ടത് സ്ത്രീകളായ ഡോക്ടർമാർ തന്നെയായിരിക്കണം. അതിൽ കസ്റ്റഡിയിലുള്ള ആളുടെ ആവശ്യം പരിഗണിക്കണമെന്നും മാർഗനിർദേശത്തിലുണ്ട്. നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് നാകരായണക്കുറുപ്പ് കമ്മീഷന്റെ റിപ്പോർട്ടും കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മാഷൻ ഉൾപ്പെടെയുള്ളവർ നൽകിയ ഉത്തരവുകളും പരിഗണിച്ചാണ് പ്രോട്ടോകോൾ തയ്യാറാക്കിയത്
കേന്ദ്ര സംസ്ഥാന സർവീസിലുള്ള ഡോക്ടർമാർ ഇല്ലാത്ത സാഹചര്യത്തിൽ മാത്രമേ സ്വകാര്യ ഡോക്ടർമാർക് പരിശോധന നടത്താൻ അനുമതിയുള്ളൂ. റിപ്പോർട്ടിന് കൃത്യമായ ഫോർമാറ്റ് ഉണ്ടായിരിക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.
Content Highlight: Kerala govt approves medico-legal protocol for arrested and remanded prisoners.