നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം, ഇത്തവണ 11 ദിവസം

ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനിൽക്കുന്നതാണ് ആഘോഷങ്ങൾ. പത്താം ദിവസമാണ് മഹാനവമി. 11ാം ദിവസം വിജയ ദശമി. പുസ്തക പൂജ നാല് ദിവസമാണ്. സാധാരണയായി 9 രാത്രികളും 10 പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ 10 രാത്രികളും 11 പകലുകളുമാണ്.
അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജവയ്പ്പ്. സെപ്റ്റംബർ 29നാണ് പൂജ വയ്ക്കേണ്ടത്. ദശമി തിഥി ഉദയം മുതൽ ആറ് നാഴിക എങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കും. ഇതിനിടെയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് ഇത്തവണ പൂജവയ്പ്പ് നാല് ദിവസവും മൊത്തം നവരാത്രി ദിനങ്ങൾ 11 ദിവസവുമായി മാറുന്നത്. ഒക്ടോബർ രണ്ടിനാണ് വിദ്യാരംഭം.