ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ റാലികള്‍ നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

പൊലീസ് രേഖകളില്‍ നിന്നും പൊതു അറിയിപ്പുകളില്‍ നിന്നും ജാതി സംബന്ധമായ എല്ലാ പരാമര്‍ശങ്ങളും ഉടനടി നീക്കം ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. ജാതി വിവേചനം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള, ജാതി അടിസ്ഥാനത്തിലുള്ള റാലികളും പൊതു പരിപാടികളും സംസ്ഥാനത്തുടനീളം നിരോധിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. ജാതിയുടെ പേരിലുള്ള അഭിമാനമോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ ഉള്ളടക്കങ്ങള്‍ എല്ലാം നിരീക്ഷിക്കും. വാഹനങ്ങളില്‍ ജാതി അടിസ്ഥാനത്തിലുള്ള സ്റ്റിക്കറുകളോ മുദ്രാവാക്യങ്ങളോ പതിച്ചാല്‍ മോട്ടര്‍ വാഹന നിയമപ്രകാരം പിഴ ഈടാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
പ്രതികളുടെ ജാതി ഇനി പൊലീസ് റജിസ്റ്ററുകളിലോ കേസ് മെമ്മോകളിലോ അറസ്റ്റ് രേഖകളിലോ പൊലീസ് സ്റ്റേഷന് നോട്ടിസ് ബോര്‍ഡുകളിലോ രേഖപ്പെടുത്തരുതെന്ന് ആക്ടിങ് ചീഫ് സെക്രട്ടറി ദീപക് കുമാര്‍ നിദേശം നല്കി. സംസ്ഥാനത്തെ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് പോര്‍ട്ടലില്‍ നിന്നും ജാതി രേഖപ്പെടുത്താനുള്ള കോളം നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.