”മിനി പാകിസ്ഥാനെ” തോൽപ്പിച്ച് ഇന്ത്യ ഫൈനലിലേക്ക്; സഞ്ജുവിനെ തഴയാൻ ആർക്കാണ് ഉത്സാഹം???

തുടർച്ചയായി രണ്ടു മത്സരങ്ങളിൽ പാകിസ്താനെ തോൽപ്പിച്ച ശേഷം, മിനി പാകിസ്താനെ കൂടെ തോൽപ്പിച്ച് ഇന്ത്യൻ ടീം ഏഷ്യ കപ്പിന്റെ ഫൈനലിലേക്ക് കടന്നു.
ഇന്നലെ 41 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങി ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 169 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 19. 3 ഓവറിൽ 127 റൺസിന് എല്ലാവരും പുറത്തായി.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ബംഗ്ലാദേശ് നിരയിൽ ഓപണർ സൈഫ് ഹസൻ മാത്രമാണ് 69 റൺസുമായി മികച്ച പ്രകടനം നടത്തിയത്.
അഭിഷേക് ശർമയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട ടോട്ടൽ സമ്മാനിച്ചത്. വെറും 37 പന്തിൽ അഞ്ചുസിക്സറും ഏഴ് ഫോറുകളും അടക്കം അഭിഷേക് 75 റൺസ് നേടി. ശുഭമാൻ ഗിൽ 19 പന്തിൽ 29 റൺസ് നേടി. ഹർദിക് പാണ്ട്യ 38 റണ്ണും നേടി. മറ്റുള്ള ബാറ്റർമാർക്ക് ആർക്കും തന്നെ തിളങ്ങാനായില്ല. എന്നാൽ ആറ് വിക്കറ്റ് വീണപ്പോലും മലയാളി താരം സഞ്ജു സാംസണെ ബാറ്റിങ്ങിന് ഇറക്കാത്തത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട് .
സഞ്ജുവിന് മുന്നേ എത്തിയ ശിവം ദുബെ 3 ബോളിൽ 2 റൺസ് നേടി. ക്യാപ്റ്റൻ സൂര്യകുമാർ 11 ബോളിൽ 5 റൺസ് ആണ് നേടിയത്. തിലക് വർമ 7 ബോളിൽ 5 റൺസ്, അക്സർ പട്ടേൽ 15 ബോളിൽ 10 റൺസ്.. ഇതൊക്കെയാണ് സ്കോറുകൾ.
എന്നിട്ടും സഞ്ജു സാംസൺ ഡഗ് ഔട്ടിൽ ഇരിക്കേണ്ടി വരിക എന്നത് വലിയൊരു അവഗണന തന്നെയാണ്. കഴിഞ്ഞ സീസണിൽ മൂന്ന് സെഞ്ചുറി അടിച്ച, ഈ ഏഷ്യ കപ്പിൽ ഒരു മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയ ഒരു T20 ബാറ്റ്സ്മാനെ ഓരോ മാച്ചിലും ഓരോ ബാറ്റിംഗ് പൊസിഷൻ മാറിമാറി നൽകുന്നു. ഒരു ബൗളിംഗ് ഓൾറൗണ്ടർ ആയ അക്സർ പട്ടേലിനും താഴെയാണ് ഇന്നലെ സഞ്ജുവിനെ ടീം കരുതി വെച്ചത്.
സഞ്ജു ഹെൽമറ്റ് പോലും ഇല്ലാതെയാണ് ഡഗ് ഔട്ടിൽ ഇരുന്നത്. അതിന്റെ അർഥം ഇന്ത്യയുടെ ഒരു വിക്കറ്റ് കൂടി വീണെങ്കിലും കുൽദീപ് യാദവോ ജസ്പ്രീത് ബുംറയോ ബാറ്റുമായി ഇറങ്ങുമായിരുന്നു എന്ന് തന്നെയാണ്.
നേരത്തെ ഒമാനെതിരെ സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യാത്തത് ഇതുമായി താരതമ്യം ചെയ്യേണ്ട ഒന്നല്ല. ഏത് പൊസിഷനിലും ക്യാപ്റ്റൻ എന്ന നിലയിൽ സൂര്യക്ക് ഇറങ്ങാൻ കഴിയും. അന്ന് നടത്തിയത് ബാറ്റിങ്ങ് ഓർഡറിലെ പരീക്ഷണങ്ങളും എല്ലാവര്ക്കും അവസരം നൽകുക എന്നുമായിരുന്നു.
ശിവം ദുബേയും സൂര്യകുമാറും തിലക് വർമ്മയും അക്സർ പട്ടേലും നൂറിന് താഴെയുള്ള സ്ട്രൈക്ക് റേറ്റിലാണ് കളിച്ചത്. എന്നിട്ടും സഞ്ജുവിന് ക്രീസിൽ ഇറങ്ങാൻ കഴിഞ്ഞില്ല.
സെലക്ടർ അഗർക്കാരും ഗംഭീറും അടക്കമുള്ള പ്രധാനികൾക്ക് സഞ്ജുവിനെ അംഗീകരിക്കാൻ മടിയുണ്ട എന്നത് ഒരു സത്യം തന്നെയാണ്. ജിതേഷ് ശർമ്മ കളിക്കുമെന്നും സഞ്ജു പുറത്തിരിക്കുമെന്നും അഭിപ്രായപ്പെടുന്നു പലരെയും നമ്മൾ കണ്ടു. ഋഷഭ് പന്ത് നിരന്തരം മോശമായി കളിക്കുമ്പോളും ഇത്തരം പകരക്കാരനെ ആരും ചൂണ്ടി കാണിച്ചിരുന്നില്ല.
ഇന്ത്യൻ ക്രിക്കറ്റിൽ ഒരു മലയാളി വരുന്നതിൽ പലർക്കും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. പഴയ താരം ശ്രീശാന്തിനെ വെറുക്കുന്ന ഒട്ടേറെ പേര് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. അത് അഗ്രസ്സീവ് ആയ പെരുമാറ്റം അതിരു കടക്കുമ്പോൾ ഉണ്ടായതാകാം.
എന്നാൽ കളിക്കളത്തിലെ പുറത്തും തീർത്തും സൗമ്യനായ സഞ്ജുവിനോട് ആ കാരണത്താൽ ആർക്കും വിരോധം ഉണ്ടാകില്ല. എല്ലാവരെയും അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരു പ്ലെയറാണ് സഞ്ജു. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ ആയിരിക്കുമ്പോളും സഹകളിക്കാരോട് ദേഷ്യപ്പെട്ടതായി കാണാൻ കഴിയില്ല.
എന്നാലും സഞ്ജുവിന്റെ രക്തത്തിനായി ഒരു ലോബി, ഇന്ത്യൻ ക്രിക്കറ്റിൽ മുറവിളി കൂട്ടുന്നുണ്ട്. അതൊരു യാഥാർഥ്യമാണ്.
മറ്റൊരു കാര്യം എന്തെന്നാൽ ഒരുകണക്കിന് സഞ്ജു ബാറ്റ് ചെയ്യാൻ ഇറങ്ങാത്തതും നന്നായി. ഇന്നലെ സൂര്യകുമാറോ, ദുബെയോ, അക്സർ പട്ടേലോ നേടിയ സ്കോർ സഞ്ജുവാണ് അടിച്ചതെങ്കിൽ, അതോടെ അയാളെ ടീമിൽ നിന്നും പുറത്താക്കിയേനെ എന്നതിൽ ഒരു സംശയവും വേണ്ട.