അവാർഡ് നമ്മുടെ സ്വന്തം ചേട്ടന് !! സഞ്ജു സാംസണ് ഇംപാക്ട് പ്ലെയര്‍

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ഇംപാക്ട് പ്ലെയര്‍ ഓഫ് ദി മാച്ചായത് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് തന്നെയാണ്. താരത്തിനു ഡ്രസിങ് റൂമില്‍ വച്ച് മെഡലും സമ്മാനിച്ചു. ഇതിന്റെ വിഡിയോ ബിസിസിഐ പുറത്തുവിട്ടു.
ഒരു കളിയില്‍ മികവ് പുലര്‍ത്തുന്ന താരങ്ങള്‍ക്ക് ഡ്രസിങ് റൂമില്‍ വച്ച് മെഡല്‍ നല്കുന്ന രീതി ഇന്ത്യന്‍ ടീം കുറച്ചു കാലമായി ചെയ്യുന്നുണ്ട്. മികച്ച ഫീല്‍ഡര്‍ക്ക്, അല്ലെങ്കില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ച താരം അടക്കമുള്ളവര്‍ക്കാണ് മെഡല്‍ നല്‍കാറുള്ളത്.
ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ ബാറ്റിങിലും വിക്കറ്റിനു പിന്നിലും നിര്‍ണായക സാന്നിധ്യമായിരുന്നു സഞ്ജു. അഞ്ചാമനായി ബാറ്റിങിനെത്തിയ താരം തിലക് വര്‍മയ്ക്കൊപ്പം ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ടീം സ്കോര്‍ 200 കടത്തുന്നതില്‍ പ്രധാനിയായി. 23 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 39 റണ്‍സെടുത്താണ് മലയാളി താരം മടങ്ങിയത്.