ഉളുപ്പില്ലാത്ത ഒരു മന്ത്രിയുടെ ആൾദൈവ പൂജ; സുധാമണിയെ ആദരിക്കുന്ന കമ്യൂണിസ്റ്റ് മന്ത്രി സജി ചെറിയാൻ

നമ്മുടെ സാംസ്കാരിക വകുപ്പ് മന്ത്രി മന്ത്രി സജി ചെറിയാൻ എന്ന് കേക്കുമ്പോൾ തന്നെ ആദ്യം ഓർമ്മയിൽ വരുന്നത് ഭരണഘടനാ വിരുദ്ധ പരാമർശമാണ്. പോലീസ് സജി ചെറിയാനെ വെള്ളപൂശിയുള്ള ഒരു അന്വേഷണ റിപ്പോർട്ട് കൊടുത്തെങ്കിലും ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന ഭരണഘടനയാണ് രാജ്യത്തുള്ളതെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം.
എന്നാൽ സിപിഎം എടുത്ത വിചിത്രമായ നിലപാട് കൊണ്ട് മാത്രം വീണ്ടും ഇദ്ദേഹം മന്ത്രിയായി എത്തി. പിന്നീടും വിവാദങ്ങൾക്ക് കുറവൊന്നുമില്ല. സംസ്ഥാനത്ത് മരണസംഖ്യ കുറയുന്നത് പെൻഷൻബാധ്യത കൂട്ടിയെന്നാണ് ഇദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം. ലക്ഷക്കണക്കിനാളുകള്‍ പെന്ഷന് പറ്റുന്ന കേരളത്തില്‍ മരണനിരക്ക് വളരെ കുറവാണെന്ന് ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ വെച്ചാണ് സജി ചെറിയാൻ പറഞ്ഞത്.
പെൻഷൻ കൊടുക്കാതിരിക്കാൻ പറ്റുമോ?. ആരോഗ്യ പരിപാലനത്തിൽ കേരളം ഒന്നാമതാണ്. അതും പ്രശ്നമാണ്. ജനിക്കുന്നത് മാത്രമല്ല, മരിക്കുന്നതും വളരെ കുറവാണ്. അതായത് വയസായ കുറെ പേര് മരിച്ചെങ്കിൽ സർക്കാരിന് പെൻഷൻ കാശ് ലഭിക്കാമായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞത്.
പിന്നീട് പുകവലി തെറ്റാണോ എന്നാണ് സജി ചെറിയാൻ ചോദിച്ചത്. ഞാനും വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കാറുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ കെട്ടുകണക്കിന് ബീഡി വലിക്കാറുണ്ട്, അതൊക്കെ കുറ്റമാണോ എന്നാണ് മന്ത്രി ചോദിച്ചത്. അത് കുറ്റമല്ല, പൊതുസ്ഥലത്ത് വച്ച് പുക വലിക്കുന്നതാണ് കുറ്റം എന്ന് ഇദ്ദേഹത്തിന് അറിയാം. എന്നാലും വേദിയിൽ ഇരിക്കുന്ന പ്രതിഭ ഹരി എംഎൽഎയെ ഒന്ന് സുഖിപ്പിക്കാനാണ് സജി ചെറിയാൻ ഈ പ്രസ്താവന നടത്തിയത്.
ഇപ്പോൾ സജി ചെറിയാൻ മാത അമൃതാനന്ദമയിയെ വാഴ്ത്തി പാടുന്ന കാഴ്ചയാണ് നമുക്ക് കാണേണ്ടി വന്നത്. ലോകമാകെ സേവനത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രകാശം പരത്തുന്ന അമ്മ, കേരളത്തിലെ സംസ്കാരിക മൂല്യങ്ങളാണ് മാതൃഭാഷയായ മലയാളത്തിലൂടെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയതെന്ന് സജി ചെറിയാൻ പറയുന്നു.
മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ശക്തി ലോകത്തിനു മുന്നിൽ തെളിയിക്കാൻ അമ്മയ്ക്ക് കഴിഞ്ഞു. നമ്മുടെ ഭാഷയെ വിസ്മരിക്കുന്നവർക്കുള്ള സന്ദേശമാണ് നൽകിയത് എന്നും അദ്ദേഹം പറഞ്ഞു. മലയാളഭാഷയുടെ മഹിമ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച അമ്മയെ സംസ്ഥാന സർക്കാർ ആദരിക്കുകയാണ്. ഇത് കേവലം ഒരു ആദരമല്ല ഇതൊരു സാംസ്കാരികമായ ഉണർവാണെന്നും സംസ്ഥാന മുഖ്യമന്ത്രി തൻ്റെ ആശംസയും ആദരവും ഇവിടെ അറിയിക്കുന്നു എന്നും സജി ചെറിയാൻ പറഞ്ഞു.
മലയാള ഭാഷയെ അമൃതാനന്ദമയി ഉദ്ധരിച്ചത് എങ്ങനെയാണെന്ന് കൂടി മന്ത്രി പറഞ്ഞാൽ നന്നായിരുന്നു. ഈ ചടങ്ങ് എന്തിനാണെന്ന് കൂടി നോക്കുക.
ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മാതാ അമൃതാനന്ദമയി മലയാളത്തിൽ പ്രസംഗിച്ചതിൻ്റെ രജത ജൂബിലിയാണ് ആഘോഷിച്ചത്. മലയാളം അല്ലാതെ വേറെയൊരു ഭാഷയും അറിയാത്ത അമൃതാനന്ദമയി യു എന്നിൽ എന്നല്ല, എവിടെ പോയാലും മലയാളമേ പറയൂ. അത് മലയാള ഭാഷയോടുള്ള ബഹുമാനം കൊണ്ടല്ല, അന്യഭാഷകൾ അറിയാത്ത കൊണ്ടാണ്. ആ സംഭവമാണ് രജത ജൂബിലി ആഘോഷിക്കുന്നത്.
ഈ ചടങ്ങിൽ കോൺഗ്രസ്സ് എംഎൽഎ മാറും ഉണ്ടായിരുന്നു. സി ആർ മഹേഷും ഉമാ തോമസും ഒക്കെ അമൃതാനന്ദമയിയെ വാനോളം പുകഴ്ത്തിയിരുന്നു. അവർക്ക് അതൊക്കെ ആകാം. പ്രത്യേകിച്ച് നിലപാടൊന്നും ഇല്ലാത്ത ഒരു രാഷ്ട്രീയത്തിന്റെ വക്താക്കളാണ് അവരൊക്കെ.
എന്നാൽ മനുഷ്യ ദൈവങ്ങളെ, ആൾ ദൈവങ്ങളെ ആരാധിക്കരുത് എന്ന് പറഞ്ഞ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ്, സംസ്ഥാനത്തെ മന്ത്രി ഇതൊക്കെ പറയുമ്പോൾ ചെറുതാകുന്നത് ആ ചെങ്കൊടിയാണ്. അതിന് വേണ്ടി ജീവൻ കൊടുത്ത ആയിരക്കണക്കിന് സഖാക്കളാണ്.
അമൃതാനന്ദമയി എന്ന ആള്‍ദൈവം വിമര്‍ശനങ്ങള്‍ക്ക് അതീതയല്ല. അവരുടെ ആള്‍ദൈവ പരിവേഷത്തെയും ആശ്രമത്തിന്റെയും അതിന് കീഴിലെ സ്ഥാപനങ്ങളുടെയും, ഭക്തിയുടെ മറവില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളും ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്ന മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളുമെല്ലാം വിമര്ശിക്കപ്പെടേണ്ടത് തന്നെയാണ്.
ആശുപത്രികളില്‍ മതിയായ വേതനമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നഴ്സുമാരും മറ്റ് ജീവനക്കാരുമെല്ലാം ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. സത്നാം സിംഗിന്റെ കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളും ഇവരെ വിമര്‍ശിക്കാനുള്ള മതിയായ കാരണങ്ങളാണ്. എന്നാൽ ആ പരിധിയൊക്കെ കടന്ന് ‘കടപ്പുറം സുധാമണി’ എന്ന പേര് വിളിച്ചവരാണ് എസ്എഫ്ഐയും ഡിവൈ എഫ്ഐ യും.
പണ്ട് മാതാ അമൃതാനന്ദമയീ മഠത്തില്‍ നടക്കുന്ന പല കാര്യങ്ങളും എതിർത്ത് കൊണ്ട്, ആശ്രമത്തിൽ നിന്നും തെറ്റിപ്പിരിഞ്ഞുപോയ വിദേശവനിത ഗെയിൽ ട്രെഡ്വെൽനെ വിദേശത്ത് പോയി അഭിമുഖം ചെയ്യാന്‍ തയ്യാറായ ആളാണ് കൈരളി ടിവിയിലെ ജോൺ ബ്രിട്ടാസ്. അവരൊക്കെ ഇനി വള്ളിക്കാവിലെ ആശ്രമത്തിൽ വന്നു ക്യൂ നിൽക്കുമോ എന്നും കൂടി അറിയാനുണ്ട്.
നാല് വോട്ടിന് വേണ്ടി ആരുടേയും കാൽ നക്കുന്ന ഈ സമീപനം ഒരിക്കലും ഗുണം ചെയ്യില്ല, മറിച്ച് ഇരട്ടി ദോഷമാണ് ഉണ്ടാക്കുക. പണ്ടൊക്കെ കമ്യൂണിസ്റ്റ് എന്ന വാക്ക് പോരാട്ടത്തിന്റെ പ്രതീകമായിരുന്നു. മർദ്ദനങ്ങളും അധിക്ഷേപങ്ങളും, ഒറ്റപ്പെടുത്താലും ഒക്കെ ഭയപ്പെടാതെ അക്കാലത്ത് നാലും അഞ്ചും പേരുള്ള ചെറിയ സംഘങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രകടനം നടത്തിയിട്ടുണ്ട്. പലയിടത്തും ചെങ്കൊടി ഉയർത്തിയിട്ടുണ്ട്. ആ പാർട്ടിയെ ആണിപ്പോൾ സജി ചെറിയാനെ പോലുള്ള കപട സഖാക്കൾ ആൾദൈവത്തിന്റെ കാൽച്ചുവട്ടിൽ കൊണ്ടുപോയി വെക്കുന്നത്.
.
ഇന്നലെകളിൽ ആർജിച്ചെടുത്ത എല്ലാ പുരോഗമനാ ആശയങ്ങളുടേയും അന്തസത്ത തീർത്തും ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ് ഇന്ന് പുതിയ സഖാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം മത പ്രീണനങ്ങൾ വളമാകുന്നത് കാവിക്കൊടി പിടിക്കുന്നവർക്ക് തന്നെയാണ്. കാരണം മൃദു ഹിന്ദുത്വയെക്കാൾ, കൂടുതൽ ആളുകൾ എത്തിപ്പെടാൻ പോകുന്നത് തീവ്ര ഹിന്ദുത്വ എന്ന ആശയത്തിലേക്ക് തന്നെയാണ്.