”ഐ ലൗ മുഹമ്മദ്” പ്ലക്കാർഡും തൂക്കി നടന്നാൽ പൊലീസ് നടപടിയുണ്ടാകും; കുട്ടികളെ ചീത്തയാക്കാൻ ശ്രമിക്കരുതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ ബറേലി നഗരത്തിൽ “ഐ ലവ് മുഹമ്മദ്” എന്ന പ്ലക്കാർഡ് ഏന്തിയുള്ള പ്രതിഷേധം അക്രമസക്തമായി തുടരുകയാണ്. പ്രതിഷേധം കടുത്തതോടെ നഗരം മുഴുവന്‍ പൊലീസ് വലയത്തിലാണ്. അതേസമയം ബറേലി അക്രമ കേസിലെ പ്രധാന ഗൂഢാലോചനക്കാരനായ നദീം ഖാൻ ഉൾപ്പെടെ 56 പേരെ ബറേലി പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമത്തിന് പ്രേരിപ്പിക്കുക, അതിന് നേത്യത്വം നല്‍കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നദീമിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് ബറേലി എസ്എസ്പി അനുരാഗ് ആര്യ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷം ‘ഐ ലവ് മുഹമ്മദ്’ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധക്കാർ അല ഹസ്രത്ത് ദർഗയിലും ഐഎംസി മേധാവി മൗലാന തൗഖീർ റാസ ഖാൻ്റെ വീടിന് മുന്നിലും പ്രതിഷേധം നടത്തി. കൂടാതെ പ്രതിഷേധക്കാർ കല്ലെറിയുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
സംഘർഷത്തിൽ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും പൊതു സ്വത്ത് നശിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. വാട്സ് ആപ്പിലെ പ്രകോപനപരമായ സന്ദേശങ്ങളാണ് പ്രതിഷേധക്കാരുടെ രോഷം കൂട്ടിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ബറേലിയിൽ അടുത്തിടെ നടന്ന അക്രമത്തിൽ ഉൾപ്പെട്ടവരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. ഇനിയും അക്രമസക്തമായാല് പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
“ചില വ്യക്തികളെ പരിസ്ഥിതി നശിപ്പിക്കാൻ അനുവദിക്കരുത്. അഴിമതി നിറഞ്ഞ സർക്കാരുകൾക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണ് അക്രമകാരികള്‍. ഈ ആളുകൾ കാരണം സംസ്ഥാനത്ത് നിക്ഷേപങ്ങളോ വികസനങ്ങളോ ഉണ്ടായിട്ടില്ല. ഇപ്പോൾ അവർ സംസ്ഥാനത്തിനെതിരെ പുതിയ തന്ത്രങ്ങൾ മെനയുന്നു. എന്നാൽ അവർ വിചാരിക്കുന്നതിലും അപ്പുറം ഞങ്ങള്‍ തയ്യാറാണ് എന്നവര്‍ ഓര്‍മിക്കുക. കുട്ടികളുടെ ജീവിതം നശിപ്പിക്കുന്ന വിഡ്ഢികളാണ് ഈ ഐ ലവ് മുഹമ്മദ് പ്രതിഷേധക്കാരെന്നും” മുഖ്യമന്ത്രി പറഞ്ഞു.
വിശ്വാസത്തിൻ്റെ ചിഹ്നങ്ങൾ ബഹുമാനിക്കപ്പെടുന്നുവെന്ന് ഈ വിഡ്ഢികൾക്ക് അറിയില്ല. വിശ്വാസം കവലകളിലും തെരുവുകളിലും കാണിക്കേണ ഒന്നല്ല, അത് മനഃസാക്ഷിയുടെ കാര്യമാണ്. ചിലർ ‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്ററുകൾ ചെറിയ കുട്ടികൾക്ക് വരെ നൽകി സമൂഹത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു. .
സ്വന്തം ജീവിതം ഇതിനകം നശിച്ചൂവെന്ന് അവർ മനസിലാക്കുന്നില്ല. പക്ഷേ ഇപ്പോൾ ഈ കുട്ടികളുടെ ജീവിതവും നശിപ്പിക്കാൻ അവർ കഠിനമായി ശ്രമിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ‘ഐ ലൗ മുഹമ്മദ്’ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ മുൻ പൊലീസുകാരൻ അറസ്റ്റിലായിരുന്നു. കാൺപൂരിലെ സമാജ്വാദി പാർട്ടി പ്രവർത്തകനായ സുബൈർ അഹമ്മദ് ഖാനാണ് സംഘർഷത്തിന് കാരണമാകുംവിധം പ്രകോപനപരമായ ഓഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലായത്.
കോൺസ്റ്റബിളായിരിക്കെ സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട സുബൈർ പിന്നീട് സമാജ്വാദി പാർട്ടിയിൽ ചേരുകയായിരുന്നു. ഞായറാഴ്ചയാണ് സുബൈറിനെ കാൺപൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷം സുബൈർ വിശ്വാസികളെ ഓഡിയോ ക്ലിപ്പ് കേൾപ്പിച്ചെന്നും സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചതായും പൊലീസ് ആരോപിക്കുന്നു.
ബറേലിയിലെ സംഘർഷത്തിൽ പണ്ഡിതനും ഇത്തിഹാദെ മില്ലത്ത് കൗൺസിൽ അധ്യക്ഷനുമായ തൗഖീർ റാസയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബറേലി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സെപ്തംബർ നാലിന് സയ്യിദ് നഗറിൽ നബിദിനത്തിന്റെ ഭാഗമായി ഒരു ഫ്ലക്സ് സ്ഥാപിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ‘ഐ ലൗ മുഹമ്മദ്’ എന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചതിന് പിന്നാലെ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് പുതിയ രീതിയാണെന്നും ഇവിടെ അനുവദിക്കില്ലെന്നും പറഞ്ഞ് മോഹിത് ബാജ്പയി എന്നയാളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
തുടർന്ന്, സെപ്തംബർ 16ന് ഉത്തർപ്രദേശിലെ കാൺപൂരിൽ സ്ഥാപിച്ച ‘ഐ ലൗ മുഹമ്മദ്’ ബോർഡ് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ നശിപ്പിച്ചിരുന്നു. എന്നാൽ ബോർഡ് നശിപ്പിച്ചവർക്കെതിരെ കേസെടുക്കുന്നതിന് പകരം 12 മുസ്ലിം യുവാക്കൾക്കും തിരിച്ചറിയാനാവാത്ത 15 പേർക്കെതിരെയുമാണ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് യുപിയിൽ ഐ ലൗ മുഹമ്മദ് ക്യാമ്പയിൻ ശക്തമായത്. എന്നാൽ ഇതിനെതിരെ വളരെ കർശനമായ നടപടികളാണ് യോഗി സർക്കാർ ഇപ്പോൾ കൈക്കൊള്ളുന്നത്. ഇനിയും ഇത് തുടർന്നാൽ അതൊരു കലാപത്തിലേക്ക് നയിച്ചേക്കുമെന്നനും അതിനാൽ തന്നെ ഇത് അടിച്ചമർത്തും എന്നതാണ് സർക്കാരിന്റെ നിലപാട്.