ക്രിക്കറ്റിൽ ഇന്ത്യയെ മറികടക്കാൻ സൗദി അറേബ്യയുടെ എണ്ണപ്പണത്തിന് കഴിയുമോ?? ഇന്ത്യ ഐസിസി ഭരിക്കുന്നത് പണം കൊണ്ട് മാത്രമല്ല, കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ കരുത്ത് കൊണ്ടാണ്
ഫുട്ബോളിന് ശേഷം ക്രിക്കറ്റ് മേഖലയിലേക്ക് കൂടി ഔദ്യോഗികമായി പ്രവേശനം പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഫുട്ബോള്‍, ടെന്നിസ്, ഫോര്‍മുല 1 കാര്‍ റേസിംഗ് , ഗോള്‍ഫ്, ബോക്സിങ് തുടങ്ങിയ കായിക രംഗങ്ങളിൽ എല്ലാം തന്നെ ഇതിനകം സൗദി അറേബ്യ വ്യക്ത്തമായ മേധാവിത്തം നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ലോകോത്തര താരത്തെ വലിയ തുക നൽകി അല്‍ നാസര്‍ ക്ലബ്ബിലെത്തിച്ചതോടെ പ്രമുഖ ഫുട്ബോര്‍ താരങ്ങള്‍ സൗദിയിലേക്ക് വരുവാൻ തയ്യാറായി തുടങ്ങി. ഇനിയിപ്പോൾ ക്രിക്കറ്റില്‍ എന്താണ് സൗദിയുടെ നീക്കം എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
സൗദി അറേബ്യ തങ്ങളുടെ സോവറിങ് ഫണ്ട് ആയ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വഴിയാണ് നിക്ഷേപങ്ങള്‍ നടത്തുന്നത്. സൗദി സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള നിക്ഷേപ ഫണ്ടാണ് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അഥവാ പി ഐ എഫ്. രാജ്യത്ത് 13 മേഖലകളിലായി 103 കമ്പനികള്‍ ഇതുവരെ സ്ഥാപിച്ചതായി പിഐഎഫ് ഗവര്‍ണര്‍ യാസിര്‍ അല്റുമയാന് വെളിപ്പെടുത്തിയിരുന്നു. ഗ്രീൻഫീൽഡ് പദ്ധതികൾക്കായി പ്രതിവര്‍ഷം 40 മുതൽ 50 വരെ ബില്യണ്‍ ഡോളറാണ് നിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നുമില്ലായ്മയിൽ നിന്ന് പുതുതായി കെട്ടിപ്പടുക്കുന്ന പദ്ധതികളാണ് ഗ്രീൻഫീൽഡ് പദ്ധതികൾ.
ഇപ്പോൾ യുഎഇയുമായി സഹകരിച്ചാണ് ക്രിക്കറ്റിലേക്ക് സൗദി ചുവടുവച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ലീഗ് ടി20 യില്‍ സൗദിയും ഇനി സഹകരിക്കും. 20 ഓവര്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റാണ് ഇതില്‍ നടക്കുക. 2023ലാണ് ഐഎല്‍ടി20 തുടങ്ങിയത്. ഇപ്പോൾ മൂന്ന് സീസണ് കഴിഞ്ഞിരിക്കുന്നു. ഇനി വരാൻ പോകുന്ന നാലാം സീസണ് സൗദിയുടെ സഹകരണത്തോടെയാകും നടത്തുക.
സൗദി അറേബ്യന്‍ ക്രിക്കറ്റ് ഫെഡറേഷനും ഇനി തീരുമാനങ്ങളില്‍ ഭാഗമാകും. അതായത്, യുഎഇക്ക് പുറത്ത് സൗദിയിലും ഇനി മല്‍സരങ്ങള്‍ നടത്തും. നാലാം സീസണില്‍ വനിതാ ടൂര്‍ണമെന്റും പദ്ധതിയിട്ടിട്ടുണ്ട്. ഇതോടെ, ക്രിക്കറ്റ് ലോകത്ത് സൗദി അറേബ്യ പിടിമുറുക്കും. സാമ്പത്തികമായി തടസങ്ങള്‍ ഇല്ലാത്തതിനാല്‍ സൗദിയുടെ ക്രിക്കറ്റ് ലോകത്തേക്കുള്ള വരവ് ക്രിക്കറ്റ് താരങ്ങളും ആവശത്തോടെയാണ് കാണുന്നത്. കാരണം, കൂടുതല്‍ പേര്‍ക്ക് ക്രിക്കറ്റ് മേഖലയില്‍ തിളങ്ങാന്‍ അവസരം ലഭിക്കും. ഒരുപക്ഷേ, ഇന്ത്യയ്ക്ക് സൗദിയുടെ വരവ് വെല്ലുവിളിയാകാനുള്ള സാധ്യതയുമുണ്ട്.
നേരത്തെ മാഞ്ചസ്റ്ററില്‍ നിന്ന് അപ്രതീക്ഷിതമായി കളംവിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയുടെ അല്‍ നാസര്‍ എഫ്സിയുടെ ഭാഗമായതോടെ സൗദി അറേബ്യ ഫുട്ബോള്‍ രംഗത്ത് കാലുറപ്പിച്ചു കഴിഞ്ഞു. ഇന്ന് സൗദിയുടെ ഫുട്ബോള്‍ മുഖമാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. മറ്റു പ്രമുഖ താരങ്ങളും സൗദി ക്ലബ്ബുകളിലേക്ക് ആകര്‍ഷിക്കപ്പെട്ടു.

സമാനമായ നീക്കം ക്രിക്കറ്റിലും സൗദി നടത്തിയേക്കും. ക്രിക്കറ്റില്‍ ആധിപത്യമുള്ള ഇന്ത്യയ്ക്ക് അതൊരു തിരിച്ചടിയായേക്കും. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണിസിലിന് വലിയ സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയെയും മറികടന്നാണ് ഇന്ത്യ ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഐപിഎല്ലിന്റെ ആവേശവും ഇതിന് സഹായിച്ചു.
അതേസമയം, സൗദി സമാനമായ മുന്നേറ്റം ക്രിക്കറ്റില്‍ നടത്തുമോ എന്നാണ് ഇനി അറിയേണ്ടത്. ഇന്ത്യയുമായി അടുത്ത സൗഹൃദമുള്ള സൗദി അടുത്തിടെ പാകിസ്താനുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. അതുകൊണ്ടുതന്നെ സൗദിയുടെ ഓരോ നീക്കവും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഐപിഎല്ലിൽ കളിയ്ക്കാൻ അവസരമില്ലാത്ത കൊണ്ട് നിരാശയിലായ ഒരുപാട് കളിക്കാർ പാക്കിസ്താനിലുണ്ട്. ഇന്ത്യൻ കളിക്കാരും ഐപിഎൽ കളിക്കുന്നവരും കോടികൾ വരുമ്പോൾ തീർത്തും ദരിദ്രമായ അവസ്ഥയാണ് പാകിസ്ഥാൻ കളിക്കാർക്കുള്ളത്. സൗദി ലീഗ് നടത്തിയാൽ അവർക്ക്ക് അതൊരു ചാകര തന്ന്നെ ആയിരിക്കും.
ഇനി സൗദി ക്രിക്കറ്റ് ലോകം ഭരിക്കുമോ എന്നൊരു ചോദ്യം ഉയർന്നാൽ, അടുത്ത കാലത്തൊന്നും അങ്ങനെ ഉണ്ടാവില്ല എന്ന് തന്നെയാണ് മറുപടി. കാരണം ഇന്ത്യയിലെ പണക്കൊഴുപ്പ് ഉണ്ടാക്കിയത് ഇവിടുത്തെ കോടിക്കണക്കിന് ക്രിക്കറ്റ് പ്രേക്ഷകരാണ്. എണ്ണപ്പണം ഉള്ളത് കൊണ്ട് ക്രിക്കറ്റ് ലോകം കീഴടക്കാമെന്നത് സൗദിയുടെ വെറും വ്യാമോഹം മാത്രമാണ്. 1983 ൽ ഗാനമേള നടത്തി പണം പിരിച്ച് ഇംഗ്ലണ്ടിൽ ലോകകപ്പ് കളിയ്ക്കാൻ പോയതാണ് ഇന്ത്യൻ ടീം. ഇന്ന് ഐസിസി യെ ഇന്ത്യ അടക്കി ഭരിക്കുന്നതിന്റെ കാരണം പണം മാത്രമല്ല, ഈ രാജ്യത്ത് ക്രിക്കറ്റ് എന്ന കളിക്കുള്ള സ്വീകാര്യത കൊണ്ടാണ്. ആ ലെവലിലേക്ക് എത്താൻ സൗദിക്ക് പതിറ്റാണ്ടുകൾ തന്നെ വേണ്ടി വരും.













