നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍. സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. ഇന്ന് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ശബരിമല വിവാദത്തെ ചോല്ലി ചോദ്യോത്തരവേള തടസപ്പെടുന്നത്. ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.
സിആര്‍ മഹേഷ്, ഐസി ബാലകൃഷ്ണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാച്ച് ആന്‍ഡ് വാര്‍ഡുമാരെ പിടിച്ച് തള്ളിയത്. ഈ സമയം വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ അംഗങ്ങള്‍ അടിക്കുകയാണെന്ന് മന്ത്രി ശിവന്‍കുട്ടി സ്പീക്കറോട് വിളിച്ചുപറയുകയും ചെയ്തു. ഒരു മണിക്കൂറോളം ചോദ്യോത്തരവേള നടത്തിക്കൊണ്ടുപോകാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ സഭ താത്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡിനെ കൂടാതെ ഭരണപക്ഷ അംഗങ്ങളും സ്പീക്കര്‍ക്ക് കവചമൊരുക്കിയതോടെ ഇരുപക്ഷവും നേര്‍ക്കുനേര്‍ വരുന്ന സാഹചര്യവും ഉണ്ടായി
പ്രതിപക്ഷ ബഹളത്തിനിടെ കോാണ്‍ഗ്രസ് അംഗം റോജി എം ജോണിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാമെന്നും ഇതല്ല പ്രതിഷേധരീതിയെന്നും സ്പീക്കര്‍ പറഞ്ഞു. ബാനര്‍ താഴ്ത്തി പിടിക്കണമെന്നും ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നും ഇതെല്ലാം സഭ കാണാന്‍ എത്തിയ കുട്ടികള്‍ കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.