ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റാം; ചരിത്ര തീരുമാനവുമായി റെയില്‍വേ

ട്രെയിന്‍ യാത്രികര്‍ക്ക് വലിയ ആശ്വാസം നല്കുന്ന പുതിയ നയം നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ യാത്രക്കാര്‍ക്ക് പണം പണം നഷ്ടപ്പെടില്ല. പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികള്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നയമാണ് റെയില്‍വേ നടപ്പാക്കുന്നത്. കണ്‍ഫേം ആയ ട്രെയിന്‍ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതല്‍ ഫീസ് ഇല്ലാതെ ഓണ്‍ലൈനായി മാറ്റാം എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ടിക്കറ്റുകള്‍ റദ്ദാക്കുന്ന സമയത്തിനനുസരിച്ച് വലിയ തുക പിഴയായി ഈടാക്കുന്ന ഈ പ്രക്രിയ അന്യായമാണ്, യാത്രക്കാരുടെ താല്‍പ്പര്യത്തിന് എതിരുമാണ്’ മന്ത്രി പറഞ്ഞു. യാത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു.
അടുത്ത വര്‍ഷം ജനുവരി മുതല്‍ ഈ പദ്ധതി പ്രാബല്യത്തില്‍വരും. നിലവിലെ രീതിയനുസരിച്ച് യാത്രാ തീയതി മാറിയാല്‍ യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കി പുതിയൊരെണ്ണം ബുക്ക് ചെയ്യുകയേ മാര്‍ഗമുള്ളൂ. ടിക്കറ്റ് റദ്ദാക്കുന്നതിന്റെ കാലക്രമം അനുസരിച്ച് ക്യാന്സലേഷന് ചാര്‍ജുകളും നഷ്ടമായിരുന്നു. പുതിയ നയത്തില്‍ ടിക്കറ്റിന്റെ തീയതി മാറ്റാന്‍ സാധിക്കുമെങ്കിലും സീറ്റുകളുടെ ലഭ്യത അനുസരിച്ച് മാത്രമേ ഇതിന് സാധിക്കൂവെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. കൂടാതെ, പുതിയ ടിക്കറ്റിന് നിരക്ക് കൂടുതലാണെങ്കില്‍, യാത്രക്കാര്‍ ആ വ്യത്യാസം നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.