ശബരിമല സ്വർണ മോഷണത്തിൽ ബിജെപി പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ചിട്ടും പിന്മാറാതെ പ്രവർത്തകർ

ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറേറ്റുകളിലേക്ക് ബിജെപി പ്രതിഷേധം. അയ്യപ്പന്റെ സ്വത്ത് സർക്കാർ കൊള്ളയടിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധം. കാസർകോടും കോഴിക്കോടും പാലക്കാടും ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തിയവരുടെ നേർക്ക് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സ്വർണമോഷണത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തുമെന്ന് ആഹ്വാനം ചെയ്തിരുന്നു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് സമരപരിപാടികൾ സംഘടിപ്പിക്കുന്നത്.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബിജെപി കഴിഞ്ഞദിവസം മാർച്ച് നടത്തിയിരുന്നു.ശബരിമല സ്വർണ കൊള്ളയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രിയും ദേവസ്വ ബോർഡ് പ്രസിഡൻറ്റും രാജിവയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ്ചന്ദ്രശേഖർ ആവശ്യപ്പെട്ടു.