ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ പ്രതികാരം ചെയ്യും: വിഡി സതീശന്

ഷാഫി പറമ്പിൽ എംപിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇതില്‍ ഒരു സംശയവും വേണ്ട. മനഃപൂര്‍വം ഷാഫിയെ പൊലീസ് തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സര്‍ക്കാരിനെതിരെയുള്ള എല്ലാ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ്, പൊലീസിനെ അഴിച്ചു വിട്ട് ക്രൂരമര്‍ദ്ദനം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പൊലീസുകാര്‍, എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ഓര്‍ത്തിരുന്നാല്‍ നല്ലതായിരിക്കും. ഈ ഗൂഢാലോചനയ്ക്കും അക്രമത്തിനും നേതൃത്വം കൊടുത്ത മുഴുവന്‍ പൊലീസുകാര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയാണ്. ഈ സംഘര്‍ഷത്തില്‍ ഒരു യുഡിഎഫ് പ്രവര്‍ത്തകന്റെ കാഴ്ച തന്നെ അവതാളത്തിലായിരിക്കുകയാണ്.
ശബരിമലയില്‍ പ്രതിരോധത്തിലായ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സിപിഎമ്മിനെയും രക്ഷിക്കാനായിട്ടാണ് ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നതെങ്കില്‍ എല്ലാ ശക്തിയും സമാഹരിച്ച് കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും ശക്തിയായി പ്രതികരിക്കുക തന്നെ ചെയ്യും. ഷാഫി പറമ്പിലിനെ ക്രൂരമായിട്ടാണ് പൊലീസ് മര്‍ദ്ദിച്ചത്. ഒരു പ്രകോപനവും ഇല്ലാതെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജാഥ തടഞ്ഞുകൊണ്ടാണ് പ്രകോപനം ഉണ്ടാക്കിയതെന്നും സതീശൻ പറഞ്ഞു.