ഇന്ത്യന്‍ വനിതകള്‍ക്ക് ഇന്ന് കഠിന പരീക്ഷ; എതിരാളികൾ ഓസ്ട്രേലിയ

അപരാജിത കുതിപ്പിനു കടിഞ്ഞാണ്‍ വീണ അതേ മണ്ണില്‍ വീണ്ടും ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങുന്നു. വനിതാ ലോകകപ്പില്‍ ഇന്ന് തീപാറും പോരാട്ടം നടക്കും. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയാണ് ഇന്ത്യക്ക് മുന്നിലെത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇതേ പിച്ചില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോടു അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. കൈയിലിരുന്ന പോരാട്ടം ദക്ഷിണാഫ്രിക്കന്‍ താരം നാദിന്‍ ഡി ക്ലാര്‍ക് ഇന്ത്യയില്‍ നിന്നു തട്ടിയെടുത്തു. തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ചെത്തിയ ഇന്ത്യക്ക് ആ തോല്‍വി വലിയ ഞെട്ടലുണ്ടാക്കുന്നതായി.
തോല്‍വി ഭാരം ഇറക്കി വച്ച് ആത്മവിശ്വാസത്തോടെ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇനിയൊരു തോല്‍വി കന്നി ലോകകപ്പ് കിരീടമെന്ന സ്വപ്നം ഏറെക്കുറെ അസാധ്യമാക്കുമെന്ന തിരിച്ചറിവിലായിരിക്കും ഹര്‍മന്‍പ്രീത് കൗറും സംഘവും.