രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കും വരെ BJP പ്രതിഷേധിക്കും; പ്രശാന്ത് ശിവൻ
പാലക്കാട് നിയോജകമണ്ഡലത്തിലെ പൊതുപരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്ത സംഭവത്തിൽ പ്രതികരിച്ച് BJP ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. രാഹുലുമായി വേദി പങ്കിടരുതെന്നത് പാർട്ടിയുടെ നിലപാടാണ്. ചെയർ പേഴ്സൻ പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ വിഷയം അറിയിച്ചിട്ടുണ്ട്. മറുപടി ഉടൻ ഉണ്ടാവും. രാഹുൽ രാജിവെക്കും വരെ BJP പ്രതിഷേധം തുടരുക തന്നെ ചെയ്യും.
ഒരാളും വേദി പങ്കിടരുതെന്നാണ് പാർട്ടിയുടെ നിലപാടെന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി. അതേസമയം രാഹുൽ മാങ്കൂട്ടവുമായി വേദി പങ്കിട്ട പാലക്കാട് നഗരസഭ അധ്യക്ഷക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.കൃഷ്ണകുമാർ രംഗത്തെത്തി. നഗരസഭ അധ്യക്ഷ പ്രമീള ശശിധരനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് സി കൃഷ്ണൻമാർ കോർ കമ്മിറ്റിയിൽ ആവശ്യപ്പെട്ടു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചതും പ്രമീളയാണ്. രാഹുലുമായി വേദി പങ്കിടുക വഴി കടുത്ത സ്ത്രീവിരുദ്ധതയാണ് നഗരസഭാ ചെയർപേഴ്സൺ നടത്തിയിരിക്കുന്നത്. പാർട്ടിക്ക് നാണക്കേടായ അവരെ ഉടൻ പുറത്താക്കണമെന്ന് സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു.











