മെസ്സിയുടെ പേരും പറഞ്ഞ് കലൂർ സ്റ്റേഡിയം അടിച്ച് മാറ്റുമോ?? നവീകരണത്തിൻറെ പേരിൽ ആക നടന്നത് മരംമുറിക്കലും മെറ്റൽ ഇടലും
എന്തായാലും അടുത്ത കാലത്തെങ്ങും കൊച്ചിയിൽ ഫുട്ബോൾ കളിയ്ക്കാൻ മെസ്സിയും അർജന്റീന ടീമുമൊന്നും എത്തില്ല എന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഇനി അഥവാ വരുന്നെങ്കിൽ വേൾഡ് കപ്പ് ഒക്കെ കഴിഞ്ഞാവും വരവ്. അപ്പോളേക്കും മെസ്സി വിരമിക്കലും പ്രഖ്യാപിച്ച് കാണും.
അപ്പോളും കലൂര്‍ സ്റ്റേഡിയം നവീകരണത്തിലുള്ള സ്പോണ്‍സറുടെ താല്പര്യത്തില് ദുരൂഹത വർധിച്ച് വരികയാണ്. അര്‍ജന്റീനയുമായുള്ള മത്സരത്തിനു ശേഷവും സ്റ്റേഡിയത്തില്‍ അവകാശം വേണമെന്നാണ് സ്പോണ്സര് ആന്റോ അഗസ്റ്റിന് ആവശ്യപ്പെട്ടിരുന്നത് എന്ന് പറയുന്നു.
എന്നാല്‍ ആ ആവശ്യം അപ്പോൾ തന്നെ തള്ളിക്കളഞ്ഞ ജിസിഡിഎ, വീണ്ടും മത്സരം കൊണ്ടുവന്നാല്‍ പരിഗണന മാത്രം നല്‍കാമെന്ന നിലപാടാണ് എടുത്തത്. വിവിഐപി ഗാലറികള്‍, ലൈറ്റിങ്, സ്റ്റേഡിയം ബലപ്പെടുത്തല്‍, പുറമേയുള്ള അറ്റകുറ്റപ്പണികള്‍ എല്ലാം ഉടന്‍ പൂര്‍ത്തിയാക്കും, അര്‍ജന്റീനയുടെ മത്സരത്തിനുശേഷം മറ്റ് രാജ്യാന്തര മത്സരങ്ങള്‍ക്കും സ്റ്റേഡിയം ഉപയോഗിക്കാം എന്നൊക്കെ ആയിരുന്നു സ്പോണ്‍സറുടെ അവകാശവാദങ്ങള്‍.
സ്റ്റേഡിയത്തില്‍ തുടര്‍ന്നും അവകാശം വേണമെന്ന ആവശ്യവും സ്പോണ്സര് സര്‍ക്കാറിനു മുന്നില്‍ വച്ചിരുന്നു. മെസിയും അർജന്റീനയും പങ്കെടുക്കുന്ന മത്സരത്തിന്റെ പേരില്‍, കലൂര്‍ സ്റ്റേഡിയം സ്വന്തമാക്കാനോ അല്ലെങ്കിൽ അത് മറിച്ചു വില്‍ക്കാനോ ഉള്ള നീക്കം ആണിതെന്നും സംശയമുണ്ട്.
ജിസിഡിഎ ഒരു മത്സരത്തിന് മാത്രമാണ് സ്റ്റേഡിയം വിട്ടുനല്‍കിയതെന്നും മറ്റൊരു കരാറുമില്ലെന്നും ആളുകള്‍ക്ക് എന്തും ആവശ്യപ്പെടാമല്ലോ എന്നുമാണ് ജിസിഡിഎ ചെയര്മാന് കെ.ചന്ദ്രന് പിള്ള പറയുന്നത്.
എന്തായാലും മെസിയുടെ വരവിന്റെ പേരില്‍ കേരളത്തിലെ പ്രധാന വ്യവസായിയ്ക്ക് കോടികള്‍ നഷ്ടമായി എന്നാണ് സൂചന. പ്രതിദിനം രണ്ടായിരം തൊഴിലാളികളെ വച്ച് സ്റ്റേഡിയം നവീകരണം വേഗത്തിലാക്കും എന്നായിരുന്നു സ്പോൺസറുടെ പ്രഖ്യാപനമെങ്കിലും, ആകെ ചെയ്തത് പണി എന്തെന്നാൽ സ്റ്റേഡിയത്തിന് സമീപത്തെ മരം മുറിച്ചതും, മെറ്റൽ നിരത്തിയതുമാണ്.
നവംബറിൽ രാജ്യാന്തര സൗഹൃദമത്സരം കളിക്കാൻ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്കില്ലെന്ന് അറിയിച്ചതോടെ സർക്കാരും സ്പോൺസറും നടത്തി വന്ന പ്രഖ്യാപനങ്ങൾക്കും തള്ളുകൾക്കും നുണകൾക്കും അവസാനമായി.
ഓസ്ട്രേലിയയുടെ നവംബറിലെ സൗഹൃദ മത്സരങ്ങള്‍ കൊളംബിയ, വെനസ്വേല ടീമുകള്‍ക്കെതിരെ അമേരിക്കയിൽ നടക്കുമെന്ന് ഫുട്ബോള്‍ ഓസ്ട്രേലിയയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മെസ്സിയെ പൊക്കിപ്പിടിച്ചുള്ള ഫുട്ബോൾ നാടകത്തിന്റെ മറവില്‍ നടത്തിയ, വിദേശയാത്രകൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും അന്വേഷണ വിധേയമാക്കണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര സ്റ്റേഡിയും യാതൊരു നിബന്ധനകളുമില്ലാതെ, ടെണ്ടര്‍ പോലും വിളിക്കാതെ സ്വകാര്യ സ്പോണ്സര്ക്ക് നല്കിയതും ഉള്‍പ്പെടെയുള്ള മറ്റുകാര്യങ്ങളും അന്വേഷിക്കണം.
കേരളത്തിലെ ഫുട്ബോൾ പ്രേമികളോടും പ്രത്യേകിച്ച് മെസിയുടെയും അർജന്റീന ടീമിന്റെയും ആരാധകരോടും സ്പോൺസറും മന്ത്രിയും കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് കൊടുക്കണം. ഈ വിശ്വാസ വഞ്ചനയ്ക്കും അതിന്റെ മറവിൽ നടക്കുമായിരുന്ന സാമ്പത്തിക തിരിമറിക്കും ഒക്കെ ഇവരെക്കൊണ്ട് മറുപടി പറയിക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്
ഈ സ്പോൺസറുടെ മുൻകാല ചെയ്തികൾ വെച്ച് നോക്കുമ്പോൾ ഇതുമൊരു വലിയ തട്ടിപ്പ് ആയിരുന്നോ എന്ന് ആരും ചിന്തിച്ച് പോകും. മാന്ഗോ ഫോണും ബാങ്ക് ഓഫ് ബറോഡയിലെ വ്യാജ രേഖയും മുട്ടിൽ മരം മുറികേസും ചൂരല്‍ മല ദുരന്ത സമയത്തെ ടൗണ്‍ ഷിപ്പ് പ്രഖ്യാപനവും ഒക്കെ ആളുകൾ മറന്നിട്ടില്ല.
അതുകൊണ്ട് അർജന്റീന ടീമിന് കൊടുത്ത പണത്തെ കുറിച്ചും അന്വേഷണം വേണം.
വിവിധ കേസുകളിൽ പ്രതിയായ ആളുകളെ സംസ്ഥാന സർക്കാർ കൂടെ കൊണ്ടുനടക്കുന്നു എന്ന ആരോപണവുമായി മുസ്ലീം ലീഗ് നേതാവ് ഫിറോസ് രംഗത്ത് വന്നിട്ടുണ്ട്. കായിക മന്ത്രി സര്‍ക്കാര്‍ വക 13 ലക്ഷം ചെലവാക്കിയെന്നും ഫിറോസ് ആരോപിച്ചു. നിരവധി തട്ടിപ്പ് കേസില്‍ പ്രതിയായ ഒരാള്‍ എങ്ങനെ സര്‍ക്കാര്‍ സ്പോണ്സര് ആയെന്ന കാര്യം അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ഒരു സ്പോൺസർ ശബരിമലയിൽ നടത്തിയ കൊള്ളയുടെ വിവരങ്ങൾ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ ഫുട്ബോൾ സ്പോൺസർ വിഷയം കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നാണ് ഫിറോസ് പറയുന്നത്.
ഈ അർജന്റീന ടീമുമായി എന്തെങ്കിലും കരാർ ഉണ്ടാക്കിയതോ, ആസ്ട്രേലിയൻ ടീം ഇവിടെ വരുന്നത് സംബന്ധിച്ച എന്തെങ്കിലും പേപ്പറോ മറ്റുള്ള രേഖകളോ ഇന്നുവരെ ആരും കണ്ടിട്ടില്ല. സ്വന്തമായി ചാനൽ ഉള്ളത് കൊണ്ട് എല്ലാദിവസവും മെസി വരും, ഒരു കോടി ആളുകളെ കാണിക്കും എന്നൊക്കേയുള്ള തള്ളുകൾ മാത്രമാണ് കണ്ടത്. പിന്നീട് അത് അർജന്റീന വന്നാൽ അവർക്ക് കൊള്ളാം, മെസ്സി വന്നാൽ മെസ്സിക്ക് കൊള്ളാം, ഞാൻ ചെയ്യാനുള്ളത് ചെയ്തു എന്നരീതിയിലായി പ്രഖ്യാപനങ്ങൾ.
പിന്നീട് കുറ്റം മലയാളികൾക്കായി. ഇവിടെനിന്നും ആരൊക്കേയോ ഫിഫക്ക് മെയിൽ അയച്ച് കളി മുടക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഒടുവിൽ സമനില തെറ്റിയ പോലെ, മെസ്സി വരണമെങ്കിൽ ഞാൻ വിചാരിക്കണം എന്നൊക്കെയായി പ്രഖ്യാപനങ്ങൾ.
എന്തായാലും അരമതിൽ കെട്ടി, കുറച്ച് മെറ്റലും ഇട്ട്, കുറച്ച് മരംമുറിയും നടത്തി സ്റ്റേഡിയം നവീകരിച്ചിട്ടുണ്ട്. ഇനി സ്പോൺസറുടെ കാരുണ്യം കൊണ്ട് നമുക്ക് അന്താരാഷ്ട്ര മത്സരങ്ങൾ കലൂർ സ്റ്റേഡിയത്തിൽ സുഖമായി ഇരുന്നു കാണാം.













