ക്രിക്കറ്റ് ലോകകിരീടം ഇന്ത്യക്ക്, പകരക്കാരിയായെത്തി ഫൈനലിലെ താരമായി ഷെഫാലി; ടൂർണമെന്റിലെ താരമായി പെർഫെക്റ്റ് ഓൾ റൗണ്ടർ ദീപ്തി ശർമ്മ
വനിതാ ഏകദിന ലോകകപ്പ് നേടിയിരിക്കുകയാണ് നമ്മുടെ ഇന്ത്യൻ ടീം. ഇന്നലെ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യൻ വനിതകളുടെ ആദ്യ ഏകദിന ലോകകപ്പ് കിരീടവും ഒപ്പം ആദ്യ ഐ സി സി കിരീടവും കൂടിയാണ് ഇത്.
സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോള്‍വാര്‍ഡ് സെഞ്ച്വറിയുമായി പൊരുതിയെങ്കിലും വിജയം ഇന്ത്യക്ക് തന്നെ ആയിരുന്നു. .ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ അഞ്ചു വിക്കറ്റും ഷെഫാലി വർമ രണ്ട് വിക്കറ്റും നേടി.
ഇന്ത്യയ്ക്കായി ബാറ്റിങ്ങിൽ തിളങ്ങിയതും ഇവർ രണ്ടു പേരുമായിരുന്നു. ഷെഫാലി എമ്പത്തിയേഴ് റൺസ് അടിച്ചപ്പോൾ ദീപ്തി നേടിയത് അമ്പത്തിയെട്ട് റൺസാണ്.
ഷെഫാലിയാണ് പ്ലേയർ ഓഫ് ദി മാച്ച്. ദീപ്തി ആണ് പ്ലയെർ ഓഫ് ദി ടൂർണ്ണമെന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. സ്മൃതി മന്ദനാ, റിച്ച ഘോഷ്, ജെമീമ, ഹർമൻ പ്രീത് എന്നിവരും ഇന്ത്യക്കായി ഭേദപ്പെട്ട സ്കോർ നേടിയിരുന്നു.
78 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും അടക്കമായിരുന്നു ഷെഫാലിയുടെ ഇന്നിങ്സ്. ഷെഫാലിയുടെ ഏറ്റവും മികച്ച ഏകദിന സ്കോറും ഈ ഇതായിരുന്നു.
ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിക്കുമ്പോൾ ഷെഫാലി ടീമിൽ ഉണ്ടായിരുന്നില്ല. പരിക്കേറ്റ ഓപ്പണർ പ്രതിക റാവലിന് പകരക്കാരിയയാണ് ഷെഫാലി എത്തിയത്. സെമി ഫൈനലിലാണ് ആദ്യ മത്സരം കളിച്ചത്.
ഏകദിനത്തിലെ ആവറേജോ സ്കോറുകളോ നോക്കിയാൽ ഷെഫാലി അത്രക്ക് പോരാ എന്നേ തോന്നുകയുള്ളൂ. പക്ഷെ എതിർ ടീമുകൾ ഭയപ്പെടുന്ന ഒരു ഓപ്പണറാണ് ഷെഫാലി. പണ്ട് സെവാഗും സച്ചിനും ചേർന്ന് ബാറ്റ് ചെയ്യുമ്പോൾ, സച്ചിനെ പുറത്താക്കാൻ അല്ല എതിർ ടീം കൂടുതൽ ആഗ്രഹിച്ചിരുന്നത്. അവരുടെ ലക്ഷ്യം എപ്പോളും സെവാഗ് ആയിരുന്നു.
കാരണം ഒരു പത്ത് ഓവർ അയാൾ ക്രീസിൽ നിന്നാൽ ബൗളർമാരുടെ ആത്മവിശ്വാസവും നിയന്ത്രണവും എല്ലാം പോയിട്ടുണ്ടാകും. ഏറ്റവും കൂടുതൽ റൺസ് അടിക്കുന്നവരേക്കാൾ എതിരാളികൾ ഭയക്കുന്നത് സേവാഗിനെ പോലെയുള്ള ബാറ്റർമാരെയാണ്. ഒരു ബൗളറുടെ ഏറ്റവും നല്ല പന്തുകൾ പോലും ബൗണ്ടറിയിലേക്ക് പറക്കുമ്പോൾ അയാളുടെ മനോവീര്യം തകരുകയാണ്.
ഷെഫാലിയിലും അതെ പോലൊരു ഹിയർ ഫാക്റ്റർ ഉണ്ട്. വലിയ ഷോട്ടുകൾ കളിക്കുന്ന ഒരു പ്ലെയറാണ് ഷെഫാലി. എല്ലാ തരാം ഷോട്ടുകളും കളിക്കാൻ പറ്റുന്നില്ല എന്നൊരു പ്രശ്നം കൂടി ഷെഫാലിക്കുണ്ട്. പക്ഷെ കൂടുതൽ ഓവറുകൾ കളിച്ചാൽ സ്കോർബോഡ് കത്തിക്കയറും എന്നത് ഗ്യാരണ്ടിയാണ്. പലപ്പോളും കൂറ്റൻ അടികൾക്ക് ശ്രമിച്ച് ഔട്ടാകുന്ന ആൾ കൂടിയാണ് ഷെഫാലി.
ഒരു ചെറിയ ടി 20 ടൂര്‍ണമെന്റ് കളിച്ച് കൊണ്ടിരിക്കുമ്പോളാണ് ഇപ്പോൾ ടീമിലേക്കുള്ള വിളി വരുന്നത്. ആ വരവ് ഫൈനലിൽ ഇന്ത്യക്ക് ഗുണം ചെയ്തു. ഫുൾടൈം ബൗളർ അല്ലെങ്കിലും ഇന്നലെ 2 വിക്കറ്റുകൾ നേടി ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിക്കാനും അവർക്ക് കഴിഞ്ഞരുന്നു. ഫോമിലായാൽ ഒരു മൽസരം ഒറ്റക്ക് വിജയിപ്പിക്കാൻ വനിതാ ടീമിൽ ഷെഫാലിക്കൊപ്പം ആരും ഇല്ല.
അതേപോലെയാണ് പ്ലെയർ ഓഫ് ദി ടൂർണ്ണമെന്റ് ആയ ദീപ്തി ശർമ്മയും. ഇന്ത്യൻ ടീമിലെ ഏറ്റവും നല്ല ടീം പ്ലേയർ ദീപ്തി തന്നെയാണ്. മികച്ച എകണോമിയിൽ പന്തെറിയാനും, ഏതു പൊസിഷനിൽ ബാറ്റ് ചെയ്യാനും കഴിയുന്ന അപൂർവ്വം കളിക്കാരിൽ ഒരാളാണ് ദീപ്തി ശർമ്മ.
ഈ വർഷം 6 ഫിഫ്റ്റികളുമായി 17 ഇന്നിങ്സുകളിൽ നിന്നും 49.66 ശരാശരിയിൽ 596 റൺസാണ് ദിപ്തി നേടിയത്. എല്ലായ്പ്പോലും സ്ട്രൈക്ക് റേറ്റ് കുറവായിരുന്ന ദീപ്തി ഈ വര്‍ഷം കളിച്ചത് 99 എന്ന സ്ട്രൈക്ക് റേറ്റിലാണ്. ഇപ്പോൾ ലോകകപ്പ് പ്ലേയർ ഓഫ് ദി സീരിസോടെ അർഹിച്ച അംഗീകാരം നേടിയിരിക്കുകയാണ് ദീപ്തി ശർമ്മ. ഫൈനലിൽ 58 റൺസും 5 വിക്കറ്റുകളും. ടൂർണ്ണമെൻ്റിൽ ആകെ 215 റൺസും 22 വിക്കറ്റുകളും ആണ് ഇന്ത്യയുടെ ഈ ഓൾ റൗണ്ടർ നേടിയത്.













