തിരുവനന്തപുരം മേയറാകാൻ തയ്യാറെടുത്ത് ശബരീനാഥൻ; ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി ആര്യയെ മത്സരിപ്പിക്കാൻ പോലും സിപിഎമ്മിന് ധൈര്യമില്ലെന്ന് കോൺഗ്രസ്സ് അണികൾ
സാധാരണയായി ഏതു തെരഞ്ഞെടുപ്പ് വരുമ്പോളും ആദ്യ നീക്കങ്ങളും സ്ഥാനാർഥി പ്രഖ്യാപനവും ഒക്കെ ഉണ്ടാകുന്നത് ഇടത് മുന്നണിയിൽ നിന്നാണ്. ഗ്രൂപ്പ് തർക്കമൊക്കെ ഒരു വിധത്തിൽ അവസാനിപ്പിച്ച് അവസാന നിമിഷത്തിലാണ് കോൺഗ്രസ്സ് സജീവമായി കളത്തിൽ ഇറങ്ങുന്നത്
എന്നാൽ നാടകക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്പ്പറേഷന് പിടിക്കാന്‍ കോൺഗ്രസ്സ് തയ്യാറെടുത്ത് കഴിഞ്ഞു. ഇന്നേവരെ കനത്ത ചടുലമായ നീക്കങ്ങളാണ് കോൺഗ്രസ്സ് നടത്തുന്നത്.
മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ കളത്തില്‍ ഇറക്കിയാണ് കോണ്‍ഗ്രസ് മത്സരം കൊഴുപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കവടിയാര്‍ വാര്‍ഡില്‍ ശബരീനാഥനെ മത്സരിപ്പിക്കാനാണ് ഡിസിസി ഓഫീസില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്. കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടാന്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശബരീനാഥനെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണയായത്.
കെപിസിസി ജംബോ പട്ടികയെ ചൊല്ലിയുള്ള തര്‍ക്കമെല്ലാം മാറ്റി വച്ച്, തദ്ദേശ തിരഞ്ഞെടുപ്പിനായി നേരത്തെ ഇറങ്ങുകയാണ് കോൺഗ്രസ്സ്. തിരുവനന്തപുരത്തെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനായുള്ള 48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന് പ്രഖ്യാപിച്ചു കഴിഞ്ഞു. 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന് പറഞ്ഞു.
ശബരീനാഥന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വനിതാ വാര്‍ഡ് ആയത് കൊണ്ടാണ്, തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ നിന്ന് മത്സരിക്കുന്നത്. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള കോര്‍പ്പറേഷനില്‍ വിജയം നേടുക എന്ന ലക്ഷ്യത്തോടെ, ജനകീയരും മുതിര്‍ന്ന നേതാക്കളും മത്സരിക്കണമെന്ന എ.ഐ.സി.സി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ നീക്കം. നിലവില്‍ കോണ്‍ഗ്രസ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്താണ്.
ഇത്തവണ പരമാവധി സീറ്റുകള്‍ നേടുക എന്നതാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. ഒപ്പം ആര്യ രാജേന്ദ്രൻ എന്ന പേര് തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും വെട്ടിമാറ്റുക എന്നതും.
ആര്യ രാജേന്ദ്രനെ ഏറ്റവും പ്രായംകുറഞ്ഞ മേയർ എന്ന് സിപിഎം ഉയർത്തി കാട്ടുമ്പോൾ, ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി എന്ന ലേബലാണ് കോൺഗ്രസ്സും ബിജെപിയും ചാർത്തിക്കൊടുക്കുന്നത്.
യുവത്വത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ള ശബരിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം നഗരത്തിലെ വോട്ടര്‍മാരെ, പ്രത്യേകിച്ച് യുവജനങ്ങളെയും വിദ്യാസമ്പന്നരെയും സ്വാധീനിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. നിലവില്‍ യു.ഡി.എഫിന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 10 സീറ്റുകള്‍ മാത്രമാണുള്ളത്; ഇതില്‍ 8 എണ്ണം കോണ്‍ഗ്രസിനും 2 എണ്ണം ഘടകകക്ഷികള്‍ക്കുമാണ്. കോണ്‍ഗ്രസ് ആകെ 48 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.
ദീര്‍ഘകാലത്തിനുശേഷം യുഡിഎഫ് തിരുവനന്തപുരത്ത് അധികാരത്തില്‍ വരുമെന്ന് ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനും പറയുന്നുണ്ട്. നവംബര്‍ 12വരെ വാഹന പ്രചാരണ ജാഥയുമുണ്ടാകും. 30 വര്‍ഷമായിട്ട് കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന ജോണ്സണ് ജോസഫ് , കെഎസ്യു വൈസ് പ്രസിഡന്റ് സുരേഷ് മുട്ടട, മുന്‍ കൗണ്‍സിലറും അധ്യാപികയുമായ ത്രേസ്യാമ്മ തോമസ് , ഡിസിസി സെക്രട്ടറി എംഎസ് അനില്‍കുമാര്‍ എന്നിവർ അടക്കമുള്ള സ്ഥാനാർഥി പട്ടികയാണ് പുറത്തുവിട്ടത്. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് ഇത്തവണ ബിജെപി-സിപിഎം പോരാട്ടമായി മാത്രം ചുരുങ്ങാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്.
ശബരീനാഥൻ അടക്കം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആദ്യ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും കോര്‍പ്പറേഷനില്‍ സജീവമായ നീക്കങ്ങള്‍ നടത്തുകയാണ്. എന്നാൽ നിലവിലെ മേയറായ ആര്യ രാജേന്ദ്രന് ഇത്തവണ കോര്‍പ്പറേഷനിലേക്ക് മത്സരിച്ചേക്കില്ല എന്നാണ് വിവരം.
എന്നാൽ അവര്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകും എന്നാണ് വിവരം.
മികച്ച പ്രവര്‍ത്തനമാണ് ആര്യ നടത്തിയതെന്ന് സിപിഎം വിലയിരുത്തുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുള്ള നേതാവായി മാറിയെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഈ സാഹച്യത്തില്‍ ആര്യാ രാജേന്ദ്രനെ സിപിഎം നിയമസഭയിലേക്ക് മല്‍സരിപ്പിച്ചേക്കും. അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആഴ്ചകള്‍ മാത്രമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ഇനി ബാക്കിയുള്ളത്. അധികം വൈകാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകും.
മേയര്‍ സ്ഥാനത്തേയ്ക്ക് സിപിഎം ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ എസ് പി ദീപക്ക്, മുന്‍ എംപി എ സമ്പത്ത് എന്നിവരെയാണ് സിപിഎം പരിഗണിക്കുന്നത് എന്നാണ് വിവരം. ദീപക്കിനാണ് സാധ്യത കൂടുതല്‍ എന്നും റിപ്പോർട്ടുകളുണ്ട്.
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതാവായിരുന്ന ദീപകിന് നഗരസഭാ പരിധിയിലുള്ള ആളുകളുമായി വളരെ അടുത്ത ബന്ധവും ഉണ്ട്. ഇത് കണക്കിലെടുത്താണ് ദീപക്കിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്. എസ് എ സുന്ദര്‍, ആര് പി ശിവജി, മുന്‍ മേയര്‍ കെ ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു എന്നിവരും മത്സര രംഗത്തുണ്ടാകും.
മുതിര്‍ന്ന നേതാവ് വി വി രാജേഷ് അടക്കമുള്ളവരെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. നിലവിലെ കൗണ്‍സിലര്‍മാര്‍ എല്ലാവരും മത്സരിക്കുമെന്നാണ് വിവരം. കഴിഞ്ഞ തവണ 52 സീറ്റ് നേടിയാണ് സിപിഎം നേതൃത്വത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചത്. 35 സീറ്റ് നേടി ബിജെപി നയിക്കുന്ന എന്‍ഡിഎ പ്രതിപക്ഷ സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് വെറും 10 സീറ്റ് നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ നാണക്കേട് മറികടക്കാനാണ് ഇപ്പോൾ ശബരിനാഥ് അടക്കമുള്ള പ്രമുഖരെ രംഗത്തിറക്കി കോൺഗ്രസ്സ് എത്തിയിരിക്കുന്നത്.













