ട്രെയിനിൽ നിന്നും പെൺകുട്ടിയെ ചവിട്ടി പുറത്തിട്ടവനെ വെള്ളപൂശാൻ ശ്രമം; സുരേഷിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്
തിരുവനന്തപുരത്തു പെൺകുട്ടിയെ ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാർ ആരാണ് എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഇയാൾ പ്രശ്നക്കാരൻ ആണെന്നും പിടിച്ചുപറി കേസിലും മോഷണക്കേസിലും പ്രതിയാണെന്നും മാധ്യമങ്ങൾ പറയുന്നുണ്ട്.
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ ചവിട്ടി താഴെയിട്ട സംഭവത്തിൽ അറസ്റ്റിലായ വെള്ളറട വേങ്ങോട് സ്വദേശി സുരേഷ് കുമാറിനെ കുറിച്ചുള്ള വിവരങ്ങൾ നാട്ടുകാർക്കിടയിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. നാട്ടുകാർ ഇയാളെ ഒരു “നല്ല മനുഷ്യൻ” എന്ന് വിശേഷിപ്പിക്കുമ്പോൾ, പുറത്തുവരുന്ന മാധ്യമ-പോലീസ് റിപ്പോർട്ടുകൾ പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തെ തുറന്നു കാട്ടുന്നുണ്ട്.
കുടുംബത്തിലെ പ്രശ്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പലതും പരസ്പര വിരുദ്ധവുമാണ്. നാട്ടുകാരുടെ കാഴ്ചപ്പാടിൽ മുള്ളുകമ്പി കെട്ടുന്ന ജോലിയാണ് സുരേഷ് കുമാറിന്റേത്. ഭാര്യയും ഹൈസ്കൂളിൽ പഠിക്കുന്ന രണ്ട് മക്കളുമുണ്ട്. നിലവിൽ വീട് പൂട്ടിയിട്ടിരിക്കുകയാണ്. സുരേഷിന്റെ കൊച്ചച്ഛൻ ഫ്രാൻസിസ് ഉൾപ്പെടെയുള്ള നാട്ടുകാർ പറയുന്നത്, സുരേഷ് കുമാർ വലിയ പ്രശ്നക്കാരനല്ലായിരുന്നു എന്നാണ്.
മദ്യപാനശീലമുണ്ടായിരുന്നെങ്കിലും, മദ്യപിച്ച് വഴിയിൽ കിടക്കുകയോ വീട്ടിൽ വഴക്കുണ്ടാക്കുകയോ ചെയ്യുന്ന ശീലം ഇല്ലായിരുന്നു. നാട്ടിലെ ക്ലബ്ബുകളിൽ സജീവമായിരുന്ന സുരേഷിന്റെ പേരിൽ മോശമായ ആരോപണങ്ങളോ, മോഷണക്കേസുകളോ മുൻപ് ഉണ്ടായിട്ടില്ലെന്ന് അയൽക്കാർ ഉറപ്പിച്ചു പറയുന്നു. സഹായമനസ്കനായ സുരേഷ് ഈ കൃത്യം ചെയ്തു എന്നത് വിശ്വസിക്കാൻ പറ്റുന്നില്ലെന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്.
എന്നാൽ മാധ്യമ റിപ്പോർട്ടുകളിലെ ആരോപണങ്ങളും പോലീസിന്റെ കണ്ടെത്തലുകളും നാട്ടുകാരുടെ ഈ നല്ല അഭിപ്രായങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന തരത്തിലാണ്. അത് പ്രകാരം, സുരേഷ് കുമാറിന് ക്രിമിനൽ പശ്ചാത്തലമുണ്ട് എന്നും ഇയാൾ മുൻ പോക്കറ്റടിക്കാരനായിരുന്നു എന്നും സ്ഥിരം പ്രശ്നക്കാരനായിരുന്നുവെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൂടാതെ, നാട്ടുകാർ പറയുന്നത് പോലെ വീട്ടിൽ സമാധാനമായിട്ടല്ല കഴിഞ്ഞിരുന്നത്. ഭാര്യയെ സ്ഥിരമായി മർദ്ദിച്ചിരുന്നു എന്നും, മർദ്ദനം സഹിക്കവയ്യാതെ അവർ വീടുവിട്ടുപോയന്നും റിപ്പോർട്ടുകളുണ്ട്.
ഇയാൾക്കെതിരെ റെയിൽവേ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ സുരേഷ് കുറ്റം സമ്മതിച്ചു. ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറിയില്ല, അതിന്റെ ദേഷ്യത്തിലാണ് പിന്നിൽ നിന്ന് ചവിട്ടിയതെന്നാണ് മദ്യലഹരിയിലായിരുന്ന സുരേഷ് പോലീസിന് നൽകിയ മൊഴി.
പെൺകുട്ടിയെ തള്ളിയിട്ടതിന് ശേഷം ഇതര സംസ്ഥാന തൊഴിലാളിയാണ് ഇത് ചെയ്തതെന്ന് വരുത്തി തീർക്കാൻ സുരേഷ് ശ്രമിച്ചതായും, പോലീസുമായി മൽപ്പിടിത്തം നടത്തി രക്ഷപ്പെടാൻ ശ്രമിച്ചതായും പറയുന്നു.
ഇയാളുടെ പേരിൽ മുൻപ് കേസുകളുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഒന്നും ഇല്ലെങ്കിലും ഈ കേസ് മതി ഇയാൾക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുക്കാൻ. അത്തരത്തിലുള്ള ഹീനമായ പ്രവർത്തിയാണ് ഇയാൾ ചെയ്തിരിക്കുന്നത്.
ഈ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം നിരവധി അക്രമങ്ങളാണ് റെയ്ൽവേയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായത്.
കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായി. പ്ലാറ്റ്ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.
ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അതിക്രമം.
മറ്റൊരു സംഭവത്തിൽ ഇരിങ്ങാലക്കുടയിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്ക് നേരെ ആക്രമണം ഉണ്ടായി. സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യാത്രക്കാരന് നിധിന് ആണ് സനൂപിനെ മദ്യലഹരിയിൽ ആക്രമിച്ചത്.
നാഗര്‍കോവിലില്‍ നിന്നും ഷാലിമാറിലേക്ക് പോയ ഗുരുദേവ് എക്സ്പ്രസില്‍ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇരിങ്ങാലക്കുട സ്റ്റേഷന് പിന്നിട്ടപ്പോഴാണ് റിസര്‍വ്ഡ് കോച്ചുകളിലൊന്നില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന നിലയില്‍ നിതിനെ സനൂപ് കണ്ടത്. ജനറല്‍ ടിക്കറ്റ് ആയതിനാല്‍ നിതിനോട് ജനറല്‍ കംപാര്‍ട്മെന്റിലേക്ക് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ ഇറങ്ങിയേക്കാമെന്ന് പറഞ്ഞ് നിതിന്‍ സനൂപിന്റെ കൈയ്യില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിടാൻ ശ്രമിക്കുകയായിരുന്നു. സമീപത്തെ ഒരു കൊളുത്തില്‍ പിടിത്തം കിട്ടിയതുകൊണ്ട് മാത്രമാണ് സനൂപ് പുറത്തേക്ക് വീഴാതിരുന്നത്.
ഇന്നലെ കൊല്ലത്തും ട്രെയിന്‍ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന് ക്രൂരമര്‍ദനം ഏറ്റു. ആലപ്പുഴ താമരക്കുളം വല്യത്ത് വീട്ടില്‍ നാസറിനാണ് മര്‍ദ്ദനമേറ്റത്. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കംപാര്‍ട്മെന്റില്‍ വച്ചായിരുന്നു അക്രമം ഉണ്ടായത്. കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിലാണ് മര്‍ദ്ദനമുണ്ടായത്.
കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസില്‍ ഇന്നലെയാണ് സംഭവം. ഭിന്നശേഷിക്കാരുടെ കംപാര്‍ട്മെന്റില്‍ എന്തിനാണ് കയറിയതെന്ന് ചോദിച്ചതോടെ യുവാവ് ക്ഷുഭിതനായി അക്രമം തുടങ്ങി. അക്രമിയെ സഹയാത്രികര്‍ തടഞ്ഞുവച്ചെങ്കിലും ഇയാള്‍ പുറത്തേക്കു ചാടി രക്ഷപ്പെട്ടു. അക്രമിക്കുവേണ്ടി റെയില്‍വേ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഈ സംഭവങ്ങളിൽ എല്ലാം പ്രധാന വില്ലൻ ലഹരി തന്നെയാണെന്ന് കാണാം. മദ്യം അല്ലെങ്കിൽ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിൽ യാത്ര ചെയ്തവരാണ് ഈ കുഴപ്പങ്ങൾ ഉണ്ടാക്കിയത്. കർശനമായ പരിശോധനകളും കൂടാതെ ട്രെയിനിൽ സുരക്ഷാഉദ്യോഗസ്ഥരും ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്ത പക്ഷം ഇനിയും ഒരുപാട് ഗോവിന്ദച്ചാമിമാർ ട്രെയിനുകളിൽ അഴിഞ്ഞാട്ടം നടത്തും.











