”ജയ് ഷാ എത്ര റൺസെടുത്തു” എന്ന് ചോദിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ; പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്ക്ക് ഒരേ വേതനം എന്ന പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ച ആളാണ് ജയ് ഷാ
പലരും എല്ലായ്പ്പോലും കുറ്റപ്പെടുത്തുന്ന ഒരു വ്യക്തിയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രസിഡണ്ട് കൂടിയായ ജയ് ഷാ. ബിജെപി നേതാവും മന്ത്രിയുമായ അമിത് ഷായുടെ മകൻ എന്ന ഒറ്റ കാര്യം കൊണ്ട് മാത്രമാണ് പലരും ഇദ്ദേഹത്തെ എതിർക്കുന്നത്. എന്നാൽ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ ചെറുതല്ല എന്ന് തന്നെ പറയേണ്ടി വരും.
പ്രധാനമായും വനിതാ ക്രിക്കറ്റിന് ജയ് ഷായുടെ കാലത്ത് നൽകിയ പിന്തുണ വലിയ രീതിയിൽ ഇപ്പോൾ ചർച്ചയായി മാറിയിരുന്നു. മാച്ച് ഫീസ് വർദ്ധനവ്, സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ മാച്ച് ഫീസ് എന്നിവ ജയ് ഷായുടെ കാലഘട്ടത്തിൽ ഉണ്ടായ തീരുമാനങ്ങളാണ്. ഇത്തരത്തിൽ സാമ്പത്തികമായി ഏറെ മുന്നേറുന്ന ഒരു ബോർഡ് എന്ന നിലയിൽ, ബിസിസിഐയ്ക്ക്, ഐസിസിയിൽ ഉള്ള സ്വാധീനം വളരെ വലുതാണ്
ഇതൊക്കെയാണ് ജയ് ഷായുടെ എതിരില്ലാത്ത തിരഞ്ഞെടുപ്പിന് കാരണമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോള തലത്തിൽ ക്രിക്കറ്റ് വളരുന്നതിന് സഹായിക്കുന്ന, ക്രിക്കറ്റിന്റെ ഒളിമ്പിക്സ് പ്രവേശനത്തിന് ജയ്ഷാ പ്രധാന പങ്ക് വഹിച്ച ആളാണ്. അതുവരെ ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തേണ്ട എന്ന തീരുമാനം എടുത്ത ബിസിസിഐ നിലപാട് മാറ്റിയത് ജയ് ഷാ വന്നതിന് ശേഷം ആണ്.
ക്രിക്കറ്റുമായി യാതൊരു ബന്ധമില്ലാത്ത ജയ് ഷായെ ബിസിസിഐ സെക്രട്ടറി ആക്കിയത് പലരും വിമർശിച്ചിരുന്നു. യഥാർത്ഥത്തിൽ ക്രിക്കറ്റ് കളിക്കുന്നതും അതിന്റെ അഡ്മിനിസ്ട്രേനും രണ്ടു വശങ്ങളാണ്. ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ജയ് ഷാ ഒരു വിജയം തന്നെ ആയിരുന്നു.
ഇനി ജയ് ഷായ്ക്ക് ക്രിക്കറ്റ് കളിയ്ക്കാൻ അറിയില്ലെന്ന് പരിഹസിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങളുമുണ്ട്. ഇതിനു മുന്നേ ഐസിസിയുടെ തലപ്പത്തിരുന്ന ശരദ് പവാർ ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നോ.. ജഗ്മോഹൻ ഡാൽമിയ ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നോ??
ശരത്പവാർ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ കൂടിയായിരുന്നു. എന്നാൽ ജയ് ഷാക്ക് നേരിട്ടുള്ള രാഷ്ട്രീയ പശ്ചാത്തലമില്ല. എന്നാൽ ജയ് ഷായുടെ ആദ്യകാലത്തെ വളർച്ചയുടെ പിന്നിൽ അദ്ദേഹത്തിൻ്റെ പിതാവിൻ്റെ രാഷ്ട്രീയ പശ്ചാത്തലം തന്നെ ആയിരുന്നു.
2009ൽ, വെറും 21 വയസ്സുള്ളപ്പോഴാണ് അമിത് ഷായുടെ മകൻ ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ എക്സികുട്ടീവ് ബോർഡ് മെമ്പർ ആയി വരുന്നത്. അന്ന് നരേന്ദ്ര മോദിയാണ് അസോസിയേഷൻറെ പ്രസിഡന്റ്. പിതാവ് അമിത്ഷാ അന്ന് മോദിയുടെ വലംകൈയ്യും.
എന്നാൽ വെറും നാല് വർഷത്തിനുള്ളിൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ്റെ ജോയിന്റ് സെക്രട്ടറി ആയി ജയ് ഷാ വളർന്നു. അപ്പോഴേയ്ക്കും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ്റെ പ്രസിഡന്റ് പദവിയിലേയ്ക്ക് അമിത് ഷാ എത്തിയിരുന്നു. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയും അമിത് ഷാ ബിജെപി പ്രസിഡൻ്റുമായതോടെ ഇരുവരുടെ ഡൽഹിയിലേയ്ക്ക് ചേക്കേറി.
പക്ഷെ അപ്പോഴും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റായി അമിത് ഷാ തുടർന്നു. പിന്നീട് കേന്ദ്ര മന്ത്രിസഭയിൽ ഇടംപിടിച്ചതോടെയാണ് അമിത് ഷാ ആ പദവി ഒഴിഞ്ഞത്. അപ്പോഴേയ്ക്കും ക്രിക്കറ്റ് സംഘാടകനെന്ന നിലയിൽ ബിസിസിഐയുടെ തലപ്പത്ത് ജയ് ഷാ വളർന്ന് കഴിഞ്ഞിരുന്നു.
ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആയിരിക്കെത്തന്നെ ബിസിസിഐയുടെ ഫിനാൻസ്, മാർക്കറ്റിംഗ് കമ്മിറ്റികളിലും ജയ് ഷാ അംഗമായിരുന്നു. അഹമ്മദാബാദിൽ നരേന്ദ്രമോദി സ്റ്റേഡിയം പണിയാൻ മുൻകൈയെടുത്തതും ജയ് ഷാ ആയിരുന്നു. ആ സ്റ്റേഡിയത്തിൽ ‘നമസ്തേ ട്രംപ്’ പരുപാടിയടക്കം നടന്നത് ശ്രദ്ധ നേടുകയും ചെയ്തു.
ലോകത്ത് നിരവധി രാജ്യങ്ങൾ ക്രിക്കറ്റ് കളിക്കുന്നുണ്ടെങ്കിലും, ക്രിക്കറ്റിനെ ഏറ്റവും നല്ല രീതിയിൽ മാർക്കറ്റ് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഐപിഎൽ. രണ്ട് മാസം രാജ്യത്ത് ഒരു ഉത്സവം പോലെയാണ് ഐപിഎൽ കൊണ്ടാടുന്നത്.
കൊവിഡ് ലോകം നിറഞ്ഞ 2020ൽ കർശനമായ ബയോ ബബിളിൽ യുഎഇയിൽ ഐപിഎൽ നടന്നത് ജയ് ഷായുടെ തീരുമാനപ്രകാരമായിരുന്നു. 2022ൽ ഐപിഎല്ലിന്റെ മീഡിയ റൈറ്റ്സ് റെക്കോർഡ് തുകയായ നാൽപ്പത്തി എണ്ണായിരത്തി മുന്നൂറ്റി തൊണ്ണൂറ് കോടി രൂപക്ക് വിറ്റുപോയതും ജയ് ഷായുടെ മൂല്യം ഉയർത്തി.
രാജ്യത്തെ ഏറ്റവും സമ്പന്നമായ കായിക സംവിധാനത്തിലൂടെ വളർന്ന് ഐസിസി അധ്യക്ഷ പദവിയിലെത്തി നിൽക്കുകയാണ് ജയ്ഷാ . ഇന്ത്യൻ ക്രിക്കറ്റിലെ കിംഗ് ആയ വിരാട് കോഹ്ലിയും ജയ് ഷായും സമപ്രായക്കാരാണ് എന്നത് മറ്റൊരു യാഥാർഥ്യമാണ്.
17 അംഗ വോട്ടിംഗ് കൗൺസിലാണ് ഐസിസിയുടേത്. അതിൽ 12 വോട്ടുകൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളുടേതാണ്. മറ്റ് 5 വോട്ടുകൾ ഭരണനിർവഹണ തലത്തിലുളള ഉദ്യോഗസ്ഥരുടേതും. എന്നാൽ കഴിഞ്ഞ വര്ഷം ഇലക്ഷൻ സമയത് ജയ് ഷായുടെ മുൻപിൽ എതിരാളികൾ ആരും ഉണ്ടായിരുന്നില്ല. ഒരാൾ പോലും ജയ് ഷായെ എതിർത്ത് വോട്ട് ചെയ്തതുമില്ല.
അദ്ദേഹം മുൻകയ്യെടുത്ത് ചെയ്ത ചില കാര്യങ്ങൾ ഉണ്ട്. വിമൻസ് പ്രീമിയർ ലീഗ്, അതായത് വനിതാ ഐപിഎൽ തുടങ്ങാൻ മുൻകൈ എടുത്തു. വനിതകൾക്ക് ശരിയായ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം ഒരുക്കി. കൂടുതൽ സംഘടിതമായ ആഭ്യന്തര മത്സരങ്ങൾ ഉറപ്പാക്കി.
വനിതാ-പുരുഷ ക്രിക്കറ്റർമാർക്ക് മാച്ച് ഫീസിൽ തുല്യമാക്കിയത് ലോകമെമ്പാടും ശ്രദ്ധ നേടിയ ഒരു വിപ്ലവകരമായ തീരുമാനമായിരുന്നു. സ്റ്റേഡിയത്തിലേക്ക് കാണികളെ ആകർഷിക്കാൻ WPL മത്സരങ്ങൾക്കും മറ്റും സൗജന്യ ടിക്കറ്റുകൾ നൽകി.
ജയ് ഷാ ഒരു നെപോ കിഡ് തന്നെയാണ്. പക്ഷെ കാര്യപ്രാപ്തിയുള്ള, വിപ്ലവകരമായ മാറ്റാനാണ് വരുത്തിയ ഒരു നല്ല പ്ലാനറാണ് അദ്ദേഹം. ശരദ് പവാറും ശ്രീനിവാസനും ഒക്കെ ഉണ്ടായിരുന്ന കാലത്ത് നിന്നും ഇന്ത്യൻ ക്രിക്കറ്റിനെ ഏറെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.













