കൈക്കൂലി മേടിച്ച് ബസ്സിൽ ഓടിക്കേറാൻ ശ്രമിച്ച KSEB എൻജിനീയറെ വിജിലൻസ് പൊക്കി; ഭാര്യക്കും ഭർത്താവിനും കൂടെ 4 ലക്ഷം ശമ്പളം ഉണ്ടായിട്ടും ആർത്തി മാറാത്ത ഉദ്യോഗസ്ഥൻ
നാട്ടുകാരെല്ലാം നോക്കി നിൽക്കെ, ബസ് സ്റ്റോപ്പില്‍ നിന്നാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം കൈക്കൂലി വാങ്ങിയ കെ എസ്ഇബി ഉദ്യോഗസ്ഥനെ പിടികൂടിയത്.
ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ജോലിയുണ്ടായിട്ടും ആര്‍ത്തിമൂത്ത് കൈക്കൂലി വാങ്ങാനിറങ്ങിയ ആളാണ് കെഎസ്ഇബി ഉദ്യോഗസ്ഥനായ എന്‍. പ്രദീപ്. കുറച്ച ദിവസങ്ങളുടെ നിരീക്ഷണത്തിന് ഒടുവിലാണ് ആളെ പിടികൂടിയത്. നോട്ടുകെട്ടുകള്‍ വാങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ മുന്നില്‍വച്ചാണ് പ്രദീപിനെ വിജിലന്‍സ് പിടിക്കുന്നത്. ഉദ്യോഗസ്ഥരുടെ പക്കല്‍നിന്ന് രക്ഷപ്പെടാന്‍ പ്രദീപ് പല അടവുകള്‍ പ്രയോഗിച്ചെന്നും പറയുന്നു.
ബസ് സ്റ്റോപ്പില്‍ നിന്ന് നാട്ടുകാരുടെ മുന്നിൽ വെച്ച് വിജിലന്‍സ് സംഘം പിടികൂടിയപ്പോൾ, ‘ഇത് ശരിയല്ല സാറെ, ആകെ നാണക്കേടായല്ലോ. ബസ് സ്റ്റോപ്പില്‍ വെച്ചൊക്കെയാണോ ഒരാളെ പിടിക്കുന്നത് എന്നാണ് പ്രദീപ് ചോദിച്ചത്.
എന്നാൽ പൊതു സ്ഥലത്ത് വെച്ച് കൈക്കൂലി വാങ്ങാന്‍ തനിക്ക് നാണക്കേടുണ്ടായില്ലെ എന്ന് വിജിലന്‍സ് എസ്ഐ തിരിച്ച് ചോദിച്ചതോടെ പ്രദീപ് ഒതുങ്ങി.
തേവര കെഎസ്ഇബി ഓഫിസിലെ അസിസ്റ്റന് എന്‍ജിനീയറാണ് എന്‍. പ്രദീപന്. ഇയാൾക്ക് മാസം രണ്ട് ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. ഇതിന് പുറമെയാണ് കൈക്കൂലി പോലുള്ള മറ്റ് വരുമാനങ്ങളും.
കൊച്ചി നഗരത്തിലെ ഒരു പ്രധാനപ്പെട്ട പോസ്റ്റിൽ ഇരിക്കുന്നത് കൊണ്ട് ഒന്ന് കണ്ണടച്ചാല്‍ തന്നെ പ്രദീപന്റെ പോക്കറ്റില്‍ ലക്ഷങ്ങള്‍ എത്തും. പ്രദീപന് അങ്ങനെ ചെയ്യുന്നുണ്ടെന്ന് വിജിലന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പേ പ്രദീപന് വിജിലന്‍സിന്റെ നിരീക്ഷണത്തിലായി. നാല് നില അപ്പാര്‍ട്ട്മെന്റ് നിര്‍മിച്ച ഒരു കെട്ടി ഉടമയിൽ നിന്നാണ് ഇത്തവണ പ്രദീപന് കൈക്കൂലി വാങ്ങിയത്.
കെട്ടിടത്തിന് നല്കിയ താത്കാലിക വൈദ്യുതി കണക്ഷന് സ്ഥിരപ്പെടുത്തി നല്‍കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കണക്ഷന് സ്ഥിരപ്പെടുത്താന്‍ പത്ത് ലക്ഷം രൂപയുടെ ഉപകരണം കെട്ടിടത്തില്‍ സ്ഥാപിക്കേണ്ടതുണ്ട്. അഞ്ച് ലക്ഷം കൈക്കൂലി നല്കിയാല് ഈ ഉപകരണം ഇല്ലാതെ തന്നെ കണക്ഷന് നല്‍കാമെന്നായിരുന്നു പ്രദീപൻ പറഞ്ഞത്.
പലതവണ കെഎസ്ബിയിൽ കയറി ഇറങ്ങിയിട്ടും കൈക്കൂലി കൊടുക്കാതെ ഈ കാര്യം നടക്കില്ലെന്ന് പ്രദീപന് ഉറച്ച് നിന്നതോടെ കെട്ടിട ഉടമ വിജിലന്‍സിനെ സമീപിച്ചു. പിന്നീട് എല്ലാ കാര്യങ്ങളും വിജിലന്‍സ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് നടത്തിയത്.
പണത്തിനായി പ്രദീപന് പലതവണ കെട്ടിട ഉടമയെ വിളിച്ചു. വിലപേശി ഒടുവിൽ ഒന്നരലക്ഷത്തിന് കരാര്‍ ഉറപ്പിച്ചു. ഈ വിലപേശല്‍ ഉടമ നടത്തിയത് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ആയിരുന്നു. എല്ലാം തെളിവുകളും അങ്ങനെ വിജിലന്‍സിൻറെ കയ്യിൽ കിട്ടുകയും ചെയ്തു.
ബുധനാഴ്ച കൈക്കൂലിയുടെ ആദ്യ ഗഡുവായ തൊണ്ണൂറായിരം രൂപ കൈമാറാന്‍ പ്രദീപൻ പറഞ്ഞിരുന്നു. അന്ന് വിളിച്ചാല്‍ സമയവും സ്ഥലവും പറയാമെന്നും ഇയാൾ കെട്ടിട ഉടമയെ അറിയിച്ചു. അങ്ങനെ ഉച്ചയ്ക്ക് ശേഷം പണം കൈമാറാന്‍ ധാരണയായി. എംജി റോഡില്‍ തേവര പൊലീസ് സ്റ്റേഷന് പരിസരമാണ് കൈക്കൂലി വാങ്ങാന്‍ പ്രദീപന് പറഞ്ഞ സ്ഥലം. പണവുമായി ഉടമയും ഒപ്പം വിജിലന്‍സ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി നിലയുറപ്പിച്ചു.
എന്നാൽ അഞ്ച് മണിയായിട്ടും പ്രദീപന് വിളിച്ചില്ല. ഇതോടെ ഉടമ തിരിച്ചുവിളിച്ചു. കാത്ത് നിന്ന് മടുത്തു പൊക്കോട്ടെ എന്ന് ചോദിച്ചപ്പോള്‍ വെയ്റ്റ് ചെയ്യാൻ പറഞ്ഞു. ഓഫിസില്‍ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ പ്രദീപന് ആദ്യം തേവര ഫെറി റോഡിന് സമീപത്തെ ഹോട്ടലിനടുത്ത് എത്തി. അവിടെ ഒന്ന് ചുറ്റിയ ശേഷം ഇയാൾ സൗത്ത് പൊലീസ് സ്റ്റേഷന് മുന്നിലെ ബസ് സറ്റോപ്പിലെത്തി. പണവുമായി ഇവിടെ കാത്തു നില്‍ക്കാനായിരുന്നു ഉടമയ്ക്ക് പ്രദീപന് നല്കിയ നിര്‍ദേശം. ഇവിടെ ബസ് സ്റ്റോപ്പിന് പുറകിലേക്ക് മാറി നിന്ന് പ്രദീപന് നോട്ടുകെട്ടുകള്‍ വാങ്ങി. ഓകെ എന്ന് പറഞ്ഞ് പ്രദീപന് ആ വഴിക്ക് വന്ന ബസിന് കൈനീട്ടി ഓടിക്കയറാന്‍ ശ്രമിച്ചു. ബസ് സ്റ്റോപ്പില്‍ രണ്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നില്പുണ്ടായിരുന്നു. ഒപ്പം ഗസ്റ്റഡ് ഓഫീസറായ വനിതയും യാത്രക്കാരിയെപ്പോലെ സ്റ്റോപ്പിലുണ്ടായിരുന്നു.
ബസിലേക്ക് കയറാന്‍ പോയ പ്രദീപനെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വളഞ്ഞിട്ട് പിടിച്ചു. അപ്പോളാണ് ‘ഇത് ശരിയല്ല സാറെ, ആകെ നാണക്കേടായല്ലോ. ബസ് സ്റ്റോപ്പില്‍ വെച്ചൊക്കെയാണോ പിടിക്കുന്നേ’.എന്ന് പ്രദീപ്രദീപൻ ചോദിച്ചത്.
ഇയാളുടെ ഭാര്യയും കെഎസ്ഇബിയില്‍ ഉദ്യോഗസ്ഥയാണ്. രണ്ട് പേര്‍ക്കും കൂടി ചുരുങ്ങിയത് നാല് ലക്ഷമെങ്കിലും ശമ്പളമുണ്ട്. പ്രദീപന്റെ സ്വത്ത് വിവരങ്ങളടക്കം ശേഖരിച്ചാണ് വിജിലന്‍സിന്റെ അന്വേഷണം.
റേഞ്ച് എസ്പി പി.എന്‍. രമേശ്കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ടി.എം. വര്‍ഗീസിന്റെ ടീമാണ് പ്രദീപനെ പിടികൂടിയത്.













