വീണ്ടും ഒരു മഞ്ഞപ്പടക്കായി ആർത്ത് വിളിക്കാൻ തയ്യാറെടുത്ത് മലയാളികൾ; സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ എത്തി
ഏറെ നാളുകളായി കേരളം ഒരു മഞ്ഞപ്പടക്ക് ഒപ്പമായിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് ഒത്ത് ആ മഞ്ഞപ്പടയ്ക്ക് ഉയരാൻ കഴിയാതെ പോയതോടെ ആരാധകർ ഏറെ നിരാശയിൽ ആയിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് എന്ന ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന ടീം തീർത്തും നിറം മങ്ങിയതോടെ ആരാധകരുടെ ആവേശവും കെട്ടടങ്ങി.
എന്നാൽ ഇപ്പോൾ വീണ്ടുമൊരു മഞ്ഞപ്പടക്കായി കയ്യടിക്കാനും ആർത്തു വിളിക്കാനും ഒരുങ്ങുകയാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ. ഇന്ത്യൻ പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ടീമുകളിൽ ഒന്നായ ചെന്നൈ സൂപ്പർ കിങ്സിലേക്ക് നമ്മുടെ സ്വന്തം സഞ്ജു സാംസൺ എത്തിയതോടെ ആവേശത്തിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ താരക്കൈമാറ്റത്തിലൂടെയാണ് സഞ്ജു ചെന്നൈ സൂപ്പർ കിംഗ്സിൽ എത്തിയത്. രാജസ്ഥാൻ റോയൽസുമായുള്ള ഈ ട്രേഡ് ഡീലിൽ
സഞ്ജു സാംസൺ എന്ന വിക്കറ്റ് കീപ്പർ-ബാറ്റർ ചെന്നൈയിലേക്ക് എത്തുമ്പോൾ, പകരമായി
രാജസ്ഥാനിലേക്ക് എത്തുന്നത് ഇന്ത്യയുടെ സൂപ്പർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും, ഇൻഗ്ലണ്ട് ഓൾ റൗണ്ടർ സാം കറനുമാണ്.
ചെന്നൈയുടെ അടുത്ത ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായാണ് സഞ്ജുവിനെ ആരാധകരും ടീം മാനേജ്മെന്റും കാണുന്നത്. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം ചെന്നൈയുടെ തലപ്പത്തേക്ക് എത്താൻ തല്ക്കാലം സഞ്ജുവിനെക്കാൾ മികച്ചൊരാളില്ല.
ഇപ്പോൾ രാജസ്ഥാൻ വിട്ട് ചെന്നൈ സൂപ്പർ കിങ്സിലെത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ജു സാംസൺ എത്തിയിരുന്നു. രാജസ്ഥാന് നന്ദി പറഞ്ഞ് തുടങ്ങിയ പോസ്റ്റിൽ സമയമാകുമ്പോൾ മുന്നോട്ട് പോകണമെന്നും സഞ്ജു കുറിച്ചിട്ടുണ്ട്.
നമ്മൾ ഇവിടെ കുറച്ചു കാലമേ ഉള്ളൂ, ഈ ഫ്രാഞ്ചൈസിക്ക് വേണ്ടി എന്റെ എല്ലാം നൽകി, മികച്ച ക്രിക്കറ്റ് ആസ്വദിച്ചു. ജീവിത കാലം മുഴുവൻ മുതൽ കൂട്ടാവുന്ന നല്ല ബന്ധങ്ങളുണ്ടായി. എല്ലാവരെയും ഒരു കുടുംബത്തെ പ്പോലെയാണ് കണ്ടത്. സമയമാകുമ്പോൾ മുന്നോട്ട് പോകും. എല്ലാത്തിനും, എപ്പോഴും നന്ദിയുള്ളവനായിരിക്കുമെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് സഞ്ജുവിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നീണ്ട കാലം താരമായും ക്യാപ്റ്റനായും ടീമിനൊപ്പമുണ്ടായിരുന്ന സഞ്ജുവിന് നന്ദി അറിയിച്ച് രാജസ്ഥാൻ റോയൽസും സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി എത്തി.
നായകസ്ഥാനം നൽകാമെന്ന ഉറപ്പിലാണ് ജഡേജ രാജസ്ഥാനിലേക്ക് മാറാൻ തയ്യാറാകുന്നത് എന്നാണ് റിപ്പോർട്ടുകൾ. പക്ഷെ ജഡേജയുടെ ഐപിഎല്ലിൽ ക്യാപ്റ്റൻ എന്ന നിലക്കുള്ള റെക്കോർഡുകൾ മോശമാണ്. 2002ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകസ്ഥാനം ധോണിയിൽ നിന്ന് ഏറ്റെടുത്ത ജഡേജയ്ക്ക് എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിനെ വിജയിപ്പിക്കാനായത്. തുടർന്ന് ജഡേജ ക്യാപ്റ്റൻ സ്ഥാനം ധോണിക്ക് തന്നെ കൈമാറുകയും ചെയ്തു. ഇന്ത്യൻ ടീമിൽ സീനിയർ ഓൾറൗണ്ടർ ആയിരുന്നിട്ടും ഒരിക്കൽ പോലും ജഡേജയെ തേടി ക്യാപ്റ്റൻ സ്ഥാനം വന്നിട്ടുമില്ല.
അതേപോലെ ചെന്നൈ സൂപ്പർ കിങ്സിലും ക്യാപ്റ്റൻ ആരാകുമെന്നതിൽ ആകാംഷയുണ്ട്. നിലവിൽ റുതുരാജ് ഗെയ്ക്ക്വാദാണ് ചെന്നൈയുടെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ പരിക്കിനെ തുടർന്ന് റുതുരാജ് പകുതിക്ക് വെച്ച് പിന്മാറിയിരുന്നു. പിന്നീട് ധോണിയായിരുന്നു ചെന്നൈയുടെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ ചെന്നൈ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. റുതുരാജ് ക്യാപ്റ്റനായിരുന്ന 2024ലെ സീസണിലും ചെന്നൈയുടെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. അഞ്ചാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്.
തല്ക്കാലം സഞ്ജു നായകൻ ആകുമോ എന്നത് ഉറപ്പില്ല. പക്ഷെ അടുത്ത വര്ഷം ധോണിയുടെ വിരമിക്കൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. അത് കണക്കാക്കി തന്നെയാണ് ചെന്നൈ സഞ്ജുവിനെ കൊണ്ടുവന്നതെന്നും റിപ്പോർട്ടുകളുണ്ട്.
സഞ്ജു ക്യാപ്റ്റൻ ആയാലും ഇല്ലെങ്കിലും ഇനി മുതൽ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തീം ചെന്നൈ ആയിരിക്കും. നേരത്തെയും ചെന്നൈ തന്നെയായിരുന്നു ഫാൻ ബേസിൽ മുന്നിൽ നിന്നത്. ഇനി സഞ്ജു അണ്ണയുടെ വരവോടെ ചെന്നൈ ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ കൂടും. ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് പങ്ക് വെച്ചിരിക്കുന്ന പോസ്റ്റുകളുടെ ലൈക്കുകൾ നോക്കിയാൽ തന്നെ അക്കാര്യം വ്യക്തമാകും.













