ഭൗതികശരീരം എവിടെ കുഴിച്ചിട്ടാലും, ഒറ്റ ആർഎസ്എസുകാരനെയോ ബിജെപിക്കാരനേയോ കാണാൻ അനുവദിക്കരുതെന്ന് ആനന്ദിൻറെ കുറിപ്പ്; സംഘപരിവാറിനെ വേട്ടയാടുന്ന തുടർച്ചയായുള്ള 3 മരണങ്ങൾ
ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് തമ്പിയുടെ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് സുഹൃത്തുമായി നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
ആര്‍എസ്എസിന് വേണ്ടി രണ്ട് പതിറ്റാണ്ടിലേറെ പണിയെടുത്തു. ശരീരവും മനസും നല്കി. എന്നിട്ടും ബിജെപിയും ആര്‍എസ്എസും തന്നോട് ചെയ്യുന്നത് കണ്ടോ എന്ന് ആനന്ദ് സുഹൃത്തിനോട് വിഷമത്തോടെ ചോദിക്കുന്നുണ്ട് . എത്ര കൊമ്പന്മാരായാലും താന്‍ പോരാടുമെന്നും എന്ത് വിലകൊടുത്തും വ്യക്തിത്വവും അഭിമാനവും സംരക്ഷിക്കുമെന്നും ആനന്ദ് സുഹൃത്തിനോട് പറയുന്നതും ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കാം.
‘ഞാന്‍ രണ്ടും കല്‍പ്പിച്ച് തന്നെയാണ്. മത്സരിക്കാന്‍ തീരുമാനിച്ചു. എല്ലാ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ട്. ചുമതലയിലുള്ള സുഹൃത്തുക്കള്‍ക്ക് എന്നോട് പ്രശ്നമുണ്ടാകും. ഇത്രയൊക്കെ അപമാനിച്ചിട്ട് അവരെ വെറുതെവിടാന്‍ മനസ് അനുവദിക്കുന്നില്ല,’
ഒരു കാര്യം ഏറ്റെടുത്ത് കഴിഞ്ഞാല്‍ അത് എന്ത് വിലകൊടുത്തും ചെയ്യുമെന്നും അത് തന്നെ വ്യക്തിത്വമാണെന്നും ആനന്ദ് പറയുന്നു.
ആനന്ദ് മരിക്കുന്നതിന് മുന്നേ എഴുതിയ കുറിപ്പിലെ, നേതാക്കള്‍ക്ക് എതിരായ പരാമര്‍ശം ചര്‍ച്ചയാവുന്നതിനിടെയാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് മരണത്തിന് മുന്‍പ് സുഹൃത്തുക്കള്‍ക്ക് അയച്ച കുറിപ്പിലുള്ളത്.
ബിജെപി, ആര്‍എസ്എസ് നേതാക്കളെയോ പ്രവര്‍ത്തകരെയോ മൃതദേഹം കാണിക്കരുതെന്നാണ് മരിക്കുന്നതിന് മുന്‍പുള്ള ആനന്ദിന്റെ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ജില്ലാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല. ഇന്നലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദിനെ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാൽ ആനന്ദ് തമ്പിയെന്ന പേര് പോലും കേള്‍ക്കുന്നത് ആദ്യമായാണ് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും പ്രവര്ത്തകന് മരിക്കാനിടയായ കാരണങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്നാൽ ആനന്ദ് ബിജെപി വേദിയില്‍ നില്‍ക്കുന്നതിന്റെ ചിത്രം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. പ്രാദേശിക നേതാക്കള്‍ക്കൊപ്പം സിഎഎ അനുകൂല പരിപാടിയില്‍ ആനന്ദ് പങ്കെടുത്ത ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ആനന്ദ് തന്നെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രമാണിത്. ‘രാജ്യം സിഎഎയ്ക്ക് ഒപ്പം. ഞാനും സിഎഎക്ക് ഒപ്പം, ജയ് ഭാരത്’, എന്നാണ് കുറിച്ചിരിക്കുന്നത്.
ആനന്ദ് തമ്പിക്ക് സ്ഥാനാര്‍ഥിത്വം നിരസിച്ചു എന്നതില്‍ വസ്തുതയില്ലെന്നാണ് ബിജെപി നേതാവും കൊടുങ്ങാനൂരിലെ സ്ഥാനാര്‍ഥിയുമായ വി.വി. രാജേഷ് പറഞ്ഞത്. വാര്‍ഡിലെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ആനന്ദിന്റെ പേരില്‍ ഇല്ലായിരുന്നു എന്നും രാജേഷ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്ന് പ്രവര്‍ത്തകർ ജീവൻ ഒടുക്കിയതിൽ മൗനം പാലിക്കുകയാണ് ബിജെപി. വളരെ ചെറിയ കാലയളവില്‍ മൂന്നുപേരാണ് ബിജെപിയേയും ആര്‍എസ്എസ്സിനെയും വിമര്‍ശിക്കുന്ന കുറിപ്പുകളുമായി ജീവൻ ഒടുക്കിയത്.
തിരുവനന്തപുരത്തെ തിരുമല വാര്‍ഡിലെ ബിജെപി കൗണ്‍സിലറായിരുന്ന, തിരുമല അനില്‍ എന്നറിയപ്പെട്ടിരുന്ന കെ അനില്‍കുമാറിനെ സെപ്റ്റംബര്‍ 20ാം തീയതി ആയിരുന്നു ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിൽ എഴുതി വെച്ച കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. അനില്‍ നേതൃത്വം നല്കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നുവെന്നും അതില്‍ പാര്‍ട്ടി ഒന്നും സഹായിച്ചില്ല എന്നുമായിരുന്നു ആരോപണം. പാര്‍ട്ടി നേതാക്കള്‍ വായ്പ എടുത്തിട്ട് തിരിച്ച് അടക്കുന്നില്ലെന്നും പറഞ്ഞിരുന്നു.
ആര്‍എസ്എസ് ശാഖകളിലും ക്യാംപുകളിലും ലൈംഗികപീഡനത്തിന് ഇരയായ കോട്ടയം സ്വദേശി അനന്തു അജി കഴിഞ്ഞ മാസമാണ് ജീവനൊടുക്കിയത്. തന്റെ മരണത്തിന് ഉത്തരവാദിയായ നിതിന്‍ മുരളി എന്ന ആര്‍എസ്എസ് നേതാവിനെ കുറിച്ചുള്ള അനന്തുവിന്റെ വീഡിയോയും മരണാനന്തരം പുറത്തുവന്നു. കുട്ടികളെ ആര്‍എസ്എസില്‍ നിന്നും പുറത്തുകൊണ്ടുവന്ന് കൗണ്‍സിലിങ് നല്‍കണമെന്നും അനന്തു ആവശ്യപ്പെട്ടു. ജീവിതത്തില്‍ ഒരിക്കലും ആര്‍എസ്എസുകാരനുമായി ഇടപഴകരുതെന്നും അനന്ദു പറഞ്ഞിരുന്നു.
അനന്തുവിന്റെ മരണത്തില്‍ പോലിസ് കേസെടുത്തെങ്കിലും പ്രതി ഇതുവരെയും അറസ്റ്റിലായിട്ടില്ല.
ഇപ്പോൾ തദ്ദേശതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്ത്തകന് ആനന്ദ് കെ തമ്പി ഇന്നലെയാണ് ജീവനൊടുക്കിയത്. തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി പ്രവര്‍ത്തകനായിരുന്ന ആനന്ദിന്റെ അവസാന കുറിപ്പിൽ പ്രാദേശിക ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളുമുണ്ട്.
നിലവിലെ വാര്‍ഡ് സ്ഥാനാര്‍ഥി മണ്ണുമാഫിയക്കാരനാണെന്നും ആനന്ദ് ചൂണ്ടിക്കാട്ടുന്നു. ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് താന്‍ ഒരു ആര്‍എസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണെന്നും ആനന്ദ് പറയുന്നു.
ഈ മരിച്ചവരെല്ലാം ബിജെപിയേയും ആര്‍എസ്എസിനെയും തള്ളിപറയുന്നു എന്നതാണ് നിര്‍ണായകം. ബിജെപിക്കാരെയും ആര്‍എസ്എസുകാരെയും സുഹൃത്തുക്കള്‍ പോലും ആക്കരുതെന്നാണ് എല്ലാവരും അഭ്യര്‍ത്ഥിച്ചത്.
ആനന്ദ് തിരുമലയുടെ മരണത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൂജപ്പുര പൊലീസാണ് കേസെടുത്തത്. അന്ൻ എഴുതിയ കുറിപ്പില്‍ പേരുള്ള ബിജെപി നേതാക്കളെയും ചോദ്യംചെയ്യും. ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാര്‍, നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്കുശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക













