ട്രെയിനിലെ എ സി കമ്പാർട്ട്മെന്റിൽ ഭക്ഷണം പാചകം ചെയ്യുന്ന വീഡിയോ; കെറ്റിലിൽ നൂഡിൽസ് ഉണ്ടാക്കിയ സ്ത്രീക്കെതിരെ നടപടിയുമായി റെയിൽവേ
ഇന്ത്യൻ റെയിൽവേയുടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച് ഒരു സ്ത്രീ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് നൂഡില്‍സ് പാചകം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്ത്രീയുടേയും കുടുംബത്തിന്റെയും ഈ പ്രവൃത്തിക്കെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയരുകയും ചെയ്തു.
ഇപ്പോഴിതാ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ. ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കൂടിയാണ് കേന്ദ്ര റെയില്‍വേ ഇക്കാര്യം അറിയിച്ചത്.
വീഡിയോയിലുള്ള വ്യക്തിക്കും അത് പ്രചരിപ്പിച്ച ചാനിലുമെതിരെ നടപടി സ്വീകരിച്ചതായി പോസ്റ്റില്‍ പറയുന്നു. ഇലക്ട്രോണിക് കെറ്റില്‍ ട്രെയിനുകള്‍ക്കുള്ളില്‍ ഉപയോഗിക്കുന്നതിന് കര്‍ശനമായ വിലക്കുണ്ട്. അത് സുരക്ഷിതമല്ല, നിയമവിരുദ്ധമാണ്, കുറ്റകരമായ ലംഘനമാണെന്നും റെയില്‍വേ വ്യക്തമാക്കി. ഇത് തീപ്പിടിത്തത്തിലേക്ക് നയിക്കാനിടയുണ്ടെന്നും മറ്റ് യാത്രക്കാര്‍ക്കും അത് ദോഷകരമാണെന്നും പോസ്റ്റിലുണ്ട്.
ചിലപ്പോള്‍ വൈദ്യുതി വിതരണം തടസപ്പെടാനും എസിയുടെയും ട്രെയിനിലെ മറ്റ് ഇലക്ട്രോണിക് പോര്ട്ടുകളുടെയും പ്രവര്‍ത്തനം തടസപ്പെടാനും സാധ്യതയുണ്ട്.
ഇത്തരത്തിലുള്ള അപകടകരമായ പ്രവൃത്തികളില്‍ നിന്ന് യാത്രക്കാര്‍ വിട്ടുനില്‍ക്കണം. അത്തരം പ്രവൃത്തികള്‍ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും റെയില്‍വേ നിര്‍ദേശം നല്കി. അതേസമയം ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.
മഹാരാഷ്ട്ര സ്വദേശിനിയായ ഒരു സ്ത്രീയാണ് ഇലക്ട്രിക് കെറ്റിൽ, ട്രെയിനിലെ എസി കംപാര്‍ട്ട്മെന്റിലുള്ള ചാര്‍ജിങ് സോക്കറ്റില്‍ കണക്ട് ചെയ്ത് നൂഡില്‍സ് പാകം ചെയ്യുന്ന രംഗം എടുത്തത്. വളരെ സന്തോഷത്തോടെ, ചിരിച്ച് കൊണ്ടാണ് അവര്‍ അത് ചെയ്യുന്നതും വീഡിയോ ചിത്രീകരിക്കാന്‍ നിന്നുകൊടുക്കുന്നതും.
ഈ കെറ്റിൽ എന്ന ഉപകരണത്തിനെ കുറിച്ച് മിക്കവാറും ബ്രാൻഡുകളും പറയുന്നത് അത് വെള്ളം തിളപ്പിക്കാൻ മാത്രമാണ് ഉപയോഗിക്കേണ്ടത് എന്നാണ്. അതിലേക്ക് പലരും ചായപ്പൊടിയും പാലും ഒക്കെ ഒഴിക്കാറുണ്ട്. കാപ്പിപൊടി അതിനുള്ളിൽ ഇട്ട് കാപ്പി ഉണ്ടാക്കുന്നവരും ഉണ്ട്. ചിലർ അതിൽ മുട്ട പുഴുങ്ങുകയും ചെയ്യുന്നുണ്ട്. യഥാർത്ഥത്തിൽ അത് വെള്ളം തിളപ്പിക്കാനുള്ള അല്ലെങ്കിൽ ചൂടാക്കാനുള്ള ഒരു ഉപകരണം മാത്രമാണ്.
സാധാരണയായി കുടുംബത്തോടൊപ്പം ട്രെയിനികളിൽ ദീർഘദൂര യാത്ര ചെയ്യുന്നവർ ഭക്ഷണം ഒക്കെ കയ്യിൽ കരുതിയിട്ടുണ്ടാകും. മിക്ക ആളുകളും വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരികയോ, അല്ലെങ്കിൽ ട്രെയിൻ എവിടെങ്കിലും നിർത്തുമ്പോൾ വാങ്ങുകയോ ചെയ്യും.
എന്നാൽ ട്രെയിനുള്ളിലെ പാചകം എന്നത് ഗൗരവതാരമായ സുരക്ഷാ വിഷയം കൂടിയാണ്. എ സി കമ്പാർട്ട്മെൻറിലാണ് ഇവർ ചൂടുള്ള ഭക്ഷണം തയ്യാറാക്കുന്നത്. അത് മാത്രമല്ല സർക്യൂട്ടിൽ നിന്നും കൂടുതൽ വൈദ്യുതി കൺസ്യുയം ചെയ്യാനും തീ പിടുത്തതിനും ഒക്കെ ഇത് കാരണമാകും.
നമ്മുടെ നാട്ടിലെ കുറെ ആളുകൾ അങ്ങനെയാണ്. സ്വന്തം സൗകര്യം മാത്രം നോക്കി കാര്യങ്ങൾ ചെയ്യുന്ന കൂട്ടരാണ് അവർ. അതുകൊണ്ട് കൂടെ ഇരിക്കുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ എന്നത് അവർക്ക് ഒരു വിഷയമേയല്ല. ട്രെയിനിൽ ആയാലും പബ്ലിക് ബസ്സിൽ ആയാലും അവർ അതൊക്കെ ചെയ്തിരിക്കും.
അതേപോലെ തന്നെയാണ് ട്രെയിനിൽ കയറി മൊബൈലിൽ ഉച്ചത്തിൽ വീഡിയോ പ്ലേ ചെയ്യുന്നവർ. ഹെഡ്ഫോൺ ഒക്കെ കയ്യിൽ ഉണ്ടെങ്കിലും ഇക്കൂട്ടർ അതൊന്നും ഉപയോഗിക്കില്ല. അവർക്ക് ഇഷ്ടമുള്ള ഭാഷയിലെ പാട്ടും സിനിമയും ഒക്കെ മറ്റുള്ളവരും കേട്ടുകൊള്ളണം എന്നതാണ് അവരുടെ മനോഭാവം. അത് കേൾപ്പിച്ചേ അടങ്ങൂ എന്നൊരു മനോവൈകല്യം കൂടി അവർക്കുണ്ട്.
മറ്റുള്ളവർക്ക് ശല്യമായി, കൂട്ടത്തിൽ ഇരുന്നു പാചകം ചെയ്യുന്നവരും, ഉച്ചത്തിൽ ഇങ്ങനെ പാട്ട് കേൾക്കുന്നവരും ഒക്കെ തീർത്തും സംസ്കാര ശൂന്യൻമാരാണ്. പലപ്പോളും ടൂറിസ്റ്റുകളായി വരുന്ന വിദേശികൾ നമ്മളെ പരിഹസിക്കുന്നതും ഇത്തരം ആളുകളെ ചൂണ്ടി കാണിച്ച് കൊണ്ടാണ്.













