ക്യാപ്റ്റൻ ചോദിച്ച് വാങ്ങിയ നാണം കേട്ട തോൽവി; വൈഭവ് സൂര്യവംശി എന്ന പ്രതിഭയെ ഒതുക്കാൻ ഇപ്പോളേ ശ്രമം തുടങ്ങിയോ??
ഏഷ്യാ കപ്പ് റെെസിങ് സ്റ്റാർസ് ടൂർണമെന്റിൽ ഇന്ത്യ സെമിയിൽ തോറ്റ് പുറത്തായിരിക്കുകയാണ്. സെമിയിൽ ബംഗ്ലാദേശ് എ ടീമിനോട് സൂപ്പർ ഓവറിലാണ് ഇന്ത്യയുടെ എ ടീം തോൽക്കുന്നത്. രണ്ട് ടീമും 20 ഓവറിൽ 6 വിക്കറ്റിന് 194 റൺസ് എടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് എത്തി.
എന്നാൽ ഇന്ത്യയെ കാത്തിരുന്നത് വലിയ നാണക്കേടായിരുന്നു. സൂപ്പർ ഓവറിൽ ഒരു റൺസ് പോലും നേടാൻ ഇന്ത്യൻ എ ടീമിന് സാധിച്ചില്ല. അമിത ആത്മവിശ്വാസം കാട്ടി ഓപ്പണറായി ബാറ്റ് ചെയ്യാനിറങ്ങിയ ജിതേഷ് ശർമ ആദ്യ പന്തിൽത്തന്നെ പുറത്തായി എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇന്ത്യയുടെ തോൽവിക്ക് കാരണം ജിതേഷ് ശർമയുടെ ഈ മണ്ടൻ ക്യാപ്റ്റൻസിയും അമിത ആത്മവിശ്വാസവുമാണെന്നതിൽ ഒരു തർക്കവുമില്ല. ജിതേഷ് ശർമ്മയുടെ കരിയറിനെ തന്നെ ഇത് പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.
സൂപ്പർ ഓവറിൽ ജിതേഷ് ശർമ ക്കും രമൺദീപ് സിങ്ങിനും അശുതോഷ് ശർമക്കുമാണ് ഇന്ത്യ അവസരം നൽകിയത്. ഏറ്റവും മികച്ച സ്ട്രെെക്ക് റേറ്റിൽ കളിച്ച വെെഭവ് സൂര്യവംശിയെ ഇന്ത്യ മാറ്റി നിർത്തി.
സൂപ്പര്‍ ഓവറില്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിനാണ് ആരാധകര്‍ കാത്തിരുന്നതെങ്കിലും രണ്ടു വിക്കറ്റ് പോയതോടെ വൈഭവിന് ബാറ്റെടുക്കേണ്ടി വന്നില്ല. സൂപ്പർ ഓവറിൽ രണ്ടു വിക്കറ്റ് വീണാൽ ആ ടീമിന്റെ ബാറ്റിംഗ് അതോടെ തീരും.
ഈ ടൂര്‍ണമെന്റില്‍ മിന്നും ഫോമിലുള്ള, ടോപ് സ്കോറർ ആയ വൈഭാവിനെ ബാറ്റിങ്ങിന് ഇറക്കിയിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നു എന്നാണ് 99 ശതമാനം ആരാധകരും പറയുന്നത്.
നേരത്തെ ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും പ്രിയാൻഷ് ആര്യയും ഇന്ത്യയ്ക്ക് മികച്ച തുടക്കം ആണ് നൽകിയത്. ആദ്യ ഓവറിൽ തന്നെ വൈഭവ് 19 റൺസ് അടിച്ചെടുത്തു. രണ്ടാം ഓവറിലും വൈഭവ് തകർത്തടിച്ചതോടെ ടീം സ്കോർ 33 റൺസിലെത്തി. പ്രിയാൻഷ് ആര്യയും ഫോമിലായതോടെ ഇന്ത്യ മൂന്നോവറിൽ 49 റൺസിലെത്തുകയും ചെയ്തു. എന്നാൽ നാലാം ഓവറിൽ കൂറ്റനടിക്ക് ശ്രമിക്കവേ വൈഭവ് പുറത്തായി. പ്രിയാൻഷ് 23 പന്തിൽ 44 റൺസെടുത്തു. 15 ബോളിലാണ് വൈഭവ് 38 റൺസ് എടുത്തത് സ്ട്രൈക്ക് റേറ്റ് 253.. പ്രിയാൻഷിൻറെ സ്ട്രൈക്ക് റേറ്റ് 191.
ഓപണിംഗിന് ഇറങ്ങി അടിച്ച് തകർത്ത ഈ രണ്ടു പേരെയും സൂപ്പർ ഓവറിൽ ഇറക്കാതെ ക്യാപ്റ്റൻ സ്വയം ഇറങ്ങി വരുന്നത് വേറൊരു ടീമിലും നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും ആകില്ല. നമ്മുടെ നാട്ടിൽ പണ്ട് പാടത്തും പറമ്പിലും കളിക്കുമ്പോൾ, ബാറ്റ് മേടിച്ചവൻ എപ്പോളും ആദ്യം ബാറ്റിങ്ങിന് ഇറങ്ങുന്ന പോലത്തെ ഒരു പരിപാടിയാണ് ക്യാപ്റ്റൻ ജിതേഷ് ശർമ്മ ഇന്നലെ കാണിച്ചത്. ഇയാൾ ഔട്ട് ആയപ്പോളും വൈഭാവിനെയോ, പ്രിയാൻഷിനെയോ ഇറക്കിയില്ല എന്നതാണ് കൂടുതൽ ഗൗരവമുള്ള സംഗതി.
സൂപ്പര്‍ ഓവര്‍ ലൈനപ്പ് ഒരു ടീമായി എടുത്ത തീരുമാനമായിരുന്നു. അന്തിമ തീരുമാനം എടുത്തത് ഞാന്‍ തന്നെയാണ്. പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഒരു സീനിയർ എന്ന നിലയിൽ ഞാൻ കളി പൂർത്തിയാക്കേണ്ടതായിരുന്നു’, ഇതാണ് മത്സരശേഷം നടന്ന ജിതേഷ് പറഞ്ഞത്.
ഇന്ത്യ ഇത്രയും ശക്തമായ താരനിരയെ കളത്തിലിറക്കിയിട്ടും ജയിക്കാൻ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇന്ത്യൻ ടീമിലെ മിക്ക താരങ്ങളും അനുഭവ സമ്പന്നരാണ്. നമൻ ധിർ. അശുതോഷ് ശർമ, രമൺദീപ് സിങ്, പ്രിയൻഷ് ആര്യ, നിഹാൽ വദേര, സുയാഷ് ശർമ, വിജയകുമാർ വെെശാഖ്, വെെഭവ് സൂര്യവംശി എന്നിവരെല്ലാം ഐപിഎൽ കളിക്കുന്നവരാണ്. എന്നാൽ ഇവരുടെ അനുഭവസമ്പത്ത് മുതലാക്കാൻ ഇന്ത്യക്ക് സാധിക്കാതെ പോയി എന്നതാണ് നിരാശപ്പെടുത്തുന്നത്.
നന്നേ പ്രായം കുറഞ്ഞ ഒരു പയ്യൻ എല്ലാ കളികളിലും അടിച്ച് കയറുന്നത് കണ്ടപ്പോൾ ഉണ്ടായ ഒരു ചെറിയ അസൂയ ആണോ ഇതിന് പിന്നിൽ എന്ന് സംശയിച്ചാലും കുറ്റം പറയാനാവില്ല. സ്ഥിരം മുൻനിരയിൽ കളിക്കുന്ന, അതും ഈ ടൂർണ്ണമെന്റിൽ ഉജ്ജ്വല ഫോമിൽ കളിക്കുന്ന ആളുകളെ തഴയുക എന്നത് ഒരിക്കലും അംഗീകരിക്കാൻ ആകാത്ത കാര്യമാണ്. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ഒരു കണക്ക് തീർക്കാനുള്ള അവസരം കൂടി കിട്ടുമായിരുന്നു.
ലീഗ് ഘട്ടത്തിൽ തങ്ങളെ തോൽപ്പിച്ച പാകിസ്താനെ ഫൈനലിൽ നേരിടാനും, ആ തോൽവിക്ക് പ്രതികാര ചെയ്യാനുമുള്ള അവസരമാണ് ഇന്ത്യൻ ടീം നഷ്ടപ്പെടുത്തിയത്. ഇന്ത്യൻ ടീം നഷ്ടപ്പെടുത്തി എന്നല്ല, ജിതേഷ് ശർമ്മ എന്ന ക്യാപ്റ്റന്റെ തെറ്റായ തീരുമാനം മൂലം ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി എന്നതാണ് സത്യം.












