ഉറി ജലവൈദ്യുതകേന്ദ്രം ആക്രമിക്കാനുള്ള പാകിസ്ഥാൻറെ ശ്രമം തകർത്തു; സിഐഎസ്എഫിലെ 19 ധീര സൈനികരെ ആദരിച്ചു
ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ, നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ് വെളിപ്പെടുത്തുന്നു. എന്നാൽ ആ ശ്രമം പരാജയപ്പെടുത്തിയെന്നും, നാശനഷ്ടങ്ങളുണ്ടായില്ലെന്നും സേന വ്യക്തമാക്കി.
ഇന്ത്യന്‍ സേന നടത്തിയ ‘ഓപ്പറേഷന് സിന്ദൂര്‍’ ദൗത്യത്തിന് മറുപടിയായി പാക്കിസ്ഥാന് 2025 മെയ് 6-7 രാത്രിയില്‍ ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ട് നടത്തിയ ആക്രമണം സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) തകര്‍ത്തതിന്റെ വിവരങ്ങള്‍ ആണിപ്പോൾ പുറത്ത് വരുന്നത്.
ആക്രമണത്തില്‍ നിലയത്തിന് കേടുപാടുകളൊന്നുമില്ലെന്ന് സിഐഎസ്എഫ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഈ ധീരമായ പ്രതിരോധത്തില്‍ പങ്കെടുത്ത 19 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ഡയറക്ടര്‍ ജനറലിന്റെ പുരസ്കാരം നല്കി ആദരിച്ചു.
പാക് അധിനിവേശ കശ്മീരിലെ തീവ്രവാദികളുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ ‘ഓപ്പറേഷന് സിന്ദൂരി’ന് പിന്നാലെയാണ് പാകിസ്ഥാന് സൈന്യം ഇന്ത്യന്‍ പ്രദേശത്തേക്ക്, പ്രത്യേകിച്ച് നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ഉറി ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രോജക്ട്സ് ഉള്‍പ്പെടെയുള്ള നിര്‍ണായക കേന്ദ്രങ്ങളെയും സമീപത്തെ ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് കനത്ത ഷെല്ലാക്രമണം നടത്തിയത്.
ലൈൻ ഓഫ് കൺട്രോളിൽ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന സിഐഎസ്എഫ് യൂണിറ്റുകളും ഈ അപ്രതീക്ഷിത ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നു. കനത്ത വെടിവെപ്പിനിടയിലും, കമാന്‍ഡന്റ് രവി യാദവിന്റെയും ഡെപ്യൂട്ടി കമാന്‍ഡന്റിന്റെയും നേതൃത്വത്തിലുള്ള സിഐഎസ്എഫ് സംഘം നിലയങ്ങളെയും ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങളെയും സംരക്ഷിക്കാന്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചു. നിലയങ്ങളെ ലക്ഷ്യമിട്ട് വന്ന ശത്രു ഡ്രോണുകളെ സിഐഎസ്എഫ് നിര്‍വീര്യമാക്കുകയും, ആയുധങ്ങള്‍ വേഗത്തില്‍ വിതരണം ചെയ്ത്, ആയുധശേഖരം ഭദ്രമാക്കുകയും ചെയ്തു. സുരക്ഷിതമായി , സാധാരണക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.
ഉറി ജലവൈദ്യുത പദ്ധതികളില്‍ അന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന 19 ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ ഡയറക്ടര്‍ ജനറലിന്റെ ഡിസ്ക് സമ്മാനിച്ചു. നിര്‍ണായകമായ ദേശീയ ആസ്തികളുടെയും പ്രദേശവാസികളായ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ജാഗ്രതയും ധീരമായ ഇടപെടലുകളും നിര്‍ണായകമായിരുന്നു. ഇതോടെയാണ് ആക്രമണം തകര്‍ത്ത വിവരം പുറത്തറിയുന്നത്.
2025 മെയ് 6-7 രാത്രിയിലുണ്ടായ ഈ സംഭവം സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ധീരത തെളിയിക്കുന്ന ഒന്നായിരുന്നു. അതീവ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ അതിര്‍ത്തി കടന്നുള്ള കടുത്ത ഷെല്ലാക്രമണവും ഡ്രോണ്‍ ഭീഷണിയുമുണ്ടായിട്ടും സൈനികര്‍ ശത്രു ഡ്രോണുകളെ നിര്‍വീര്യമാക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. നിരന്തരം മുഴങ്ങുന്ന വെടിയൊച്ചകള്‍ക്കിടയിലും 250 ഓളം സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. ഈ ധീരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് 19 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ഡയറക്ടര്‍ ജനറലിന്റെ ഡിസ്ക് പുരസ്കാരം നല്‍കിയത്.
ഉറി ജലവൈദ്യുത നിലയം എന്നത് ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍, ഝലം നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട വൈദ്യുത പദ്ധതിയാണ്. ഇതിന് 480 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്. ഇത് 1997-ലാണ് കമ്മീഷന് ചെയ്യപ്പെട്ടത് . നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്പ്പറേഷന് ആണ് ഈ പദ്ധതിയുടെ നടത്തിപ്പ് കമ്പനി.
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. ദക്ഷിണ കശ്മീരിൽ ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരർ ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. അതിനുള്ള ഇന്ത്യയുടെ മറുപടി ആയിരുന്നു ഓപ്പറേഷൻ സിന്ദൂർ.













