WPL – ദീപ്തി ശർമ്മക്ക് ലേലത്തുകയില്‍ റെക്കോഡ്; മലയാളികളായ ആശ ശോഭനക്ക് 1.1 കോടി, സജനക്ക് 75 ലക്ഷം
2026 വനിതാ പ്രീമിയര്‍ ലീഗിൽ അഞ്ച് ഫ്രാഞ്ചൈസികള്‍ അവരുടെ ടീമുകളെ തെരഞ്ഞെടുത്തു. ഇന്നലെ നടന്ന ലേലത്തിന് എത്തിയ 277 കളിക്കാരില്‍ നിന്ന് 67 കളിക്കാരെ 40.8 കോടി രൂപ ചെലവഴിച്ചാണ് ടീമുകള്‍ സ്വന്തമാക്കിയത്.
വാശിയേറിയ ലേലവും, അതോടൊപ്പം ചില അപ്രതീക്ഷിത തെരഞ്ഞെടുപ്പുകളും ഇന്നലെ നടന്നിരുന്നു. അഞ്ച് ടീമുകളിലായി ആകെ 23 വിദേശ താരങ്ങളാണ് എത്തിയത്. വനിതാ ലോകകപ്പില്‍ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റായ ദീപ്തി ശര്‍മയെ ആര്‍ടിഎം കാര്‍ഡ് അതായത് റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ചാണ് യുപി വാരിയേഴ്സ് 3.2 കോടി രൂപയ്ക്ക് നിലനിര്‍ത്തിയത്. ലേലത്തിലെ ഏറ്റവും വിലയേറിയ താരമാണ് ദീപ്തി ശര്‍മ.
ലേലത്തിന് മുന്നോടിയായി ദീപ്തിയെ യുപി ഒഴിവാക്കിയിരുന്നു. ദീപ്തിയെ മാത്രമല്ല മുമ്പുണ്ടായിരുന്ന ടീമിൽ ഉള്ള എല്ലാവരെയും ഒഴിവാക്കിയാണ് മെഗാ താരലേലത്തിന് യു പി എത്തിയത്. എന്നാൽ ലേലത്തിൽ 50 ലക്ഷം അടിസ്ഥാന വിലയ്ക്ക് ഡൽഹി ദീപ്തിയെ വിളിച്ചെടുത്തതോടെ ആർടിഎം സംവിധാനത്തിലൂടെ യുപി 3.2 കോടി രൂപയ്ക്ക് താരത്തെ തിരികെയെത്തിച്ചു.
ഇതോടെ രണ്ട് വ്യത്യസ്ത ഡബ്ല്യുപിഎൽ ലേലങ്ങളിൽ രണ്ടര കോടി രൂപയിൽ കൂടുതൽ വിലയ്ക്ക് വിറ്റുപോയ ആദ്യ വനിതാ ക്രിക്കറ്റ് താരമായി ദീപ്തി ശർമ.
യുപി വാരിയേഴ്സ് ലേലത്തില്‍ സ്വന്തമാക്കിയ മറ്റ് പ്രധാന താരങ്ങൾ, എമ്പത്തിയഞ്ച ലക്ഷത്തിന് സോഫി എക്ലെസ്റ്റോൺ, ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപക്ക് മെഗ് ലാനിംഗ്, ഒരു കോടി ഇരുപത് ലക്ഷത്തിന് ഫോബി ലിച്ച്ഫീൽഡ്, ഒരു കോടി പത്ത് ലക്ഷത്തിന് മലയാളി തരാം ആശ ശോഭന, അമ്പത് ലക്ഷത്തിന് ഹാർലീൻ ഡിയോൾ, ക്രാന്തി ഗൗഡ് എന്നിവരുമാണ്.
എന്നാൽ ഇതിൽ രണ്ടു കോടി നാൽപ്പത് ലക്ഷം മുടക്കി ശിഖാ പാണ്ഡേയെ യു പി സ്വന്തമാക്കിയതാണ് എല്ലാവരെയും ഞെട്ടിച്ചത്. 2023 ല്‍ അവസാനമായി ദേശീയ ടീമിനായി കളിച്ച വെറ്ററന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെയ്ക്ക് വേണ്ടി അപ്രതീക്ഷിതമായാണ് യു പി ഉയർന്ന തുക നൽകിയത്.
മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനുമാണ് ലേലത്തിൽ മികച്ച നേട്ടം സ്വന്തമാക്കിയത്. തിരുവനന്തപുരം സ്വദേശിയായ ഓൾറൗണ്ടർ ആശ ശോഭനയെ 1 കോടി പത്ത് ലക്ഷം രൂപയ്ക്ക് യുപി വാരിയേഴ്സാണ് ടീമിലെത്തിച്ചത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ലെഗ് സ്പിന്നറായ ആശയ്ക്കായി ഡൽഹി ക്യാപിറ്റൽസും ആർസിബിയും ശക്തമായ വെല്ലുവിളി ഉയർത്തിയെങ്കിലും ഒടുവിൽ യുപി സ്വന്തമാക്കുകയായിരുന്നു. 2023-ൽ ആർസിബിക്ക് വേണ്ടി പത്ത് ലക്ഷം രൂപയ്ക്ക് കരാറിൽ ഒപ്പുവെച്ച താരമാണ് രണ്ട് സീസൺ കഴിഞ്ഞപ്പോൾ കോടികൾ മൂല്യമുള്ള താരമായി മാറിയത്.
വയനാട് സ്വദേശിയായ ഓൾറൗണ്ടർ സജന സജീവനെ 75 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യൻസാണ് വീണ്ടും തങ്ങളുടെ നിരയിലെത്തിച്ചത്. 30 ലക്ഷമായിരുന്നു സജനയുടെ അടിസ്ഥാന വില. കഴിഞ്ഞ രണ്ട് സീസണിലും മുംബൈക്കായി തന്നെയാണ് സജന കളിച്ചത്.
മലയാളി താരം മിന്നുമണി ആദ്യ റൗണ്ടിൽ അൺസോൾഡ് ആയെങ്കിലും അവസാന റൗണ്ടിൽ 40 ലക്ഷം രൂപക്ക് ഡൽഹി ക്യാപിറ്റൽസിലെത്തി. മറ്റ് മലയാളി താരങ്ങളായ വിജെ ജോഷിത, നജ്ല നൗഷാദ്, പണവി ചന്ദ്രൻ, സലോനി എന്നിവരെ ആരും ടീമിലെടുത്തില്ല. കഴിഞ്ഞ സീസണിൽ ബെംഗളൂരു ടീമിൽ കളിച്ച പേസർ ആണ് വി.ജെ.ജോഷിത. എന്നാൽ കേരള ടീമിൽ കളിക്കുന്ന തെലങ്കാന സ്വദേശിനി അരുന്ധതി റെഡ്ഡിയെ 75 ലക്ഷത്തിന് ബെംഗളൂരു ടീം സ്വന്തമാക്കി.
ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി തിളങ്ങിയ ജെമിമ റോഡ്രിഗസ്, ഷഫാലി വർമ എന്നിവരെ ഡല്‍ഹി ക്യാപിറ്റല്‍സ് 2.2 കോടി രൂപക്കാണ് നിലനിർത്തിയത്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്മൃതി മന്ദാനയെ മൂന്നര കോടിക്കും, വെടിക്കെട്ട് ബട്ടർ റിച്ച ഘോഷിനെ രണ്ടേ മുക്കാൽ കോടി രൂപക്കും നിലനിർത്തി.
ഇന്ത്യൻ ക്യാപ്റ്റൻ കർമം പ്രീത് കൗറിനെ മുംബൈ ഇന്ത്യൻസ് രണ്ടര കോടിക്ക് നിലനിർത്തിയപ്പോൾ അമൻ ജോത് കൗറിന് ഒരു കോടിയാണ് നൽകിയത്.
വിദേശതാരങ്ങളിൽ ഇത്തവണ ഏറ്റവും കൂടുതൽ പണം നേടിയത് ന്യൂസീലൻഡിന്റെ അമേലിയ കെർ ആണ്. 3 കോടിക്കാണ് മുംബൈ ഇന്ത്യൻസ് അമേലിയയെ ടീമിൽ എത്തിച്ചത്.
എന്നാൽ ഓസ്ട്രേലിയൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലീസ ഹീലി അൺസോൾഡ് ആയത് ഏവരെയും ഞെട്ടിച്ചു. 50 ലക്ഷ്യമായിരുന്നു അലീസയുടെ അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ പാദത്തിനേറ്റ പരുക്ക് മൂലം യു പി താരമായ അലീസ വിട്ട് നിൽക്കുകയായിരുന്നു. 17 w p l മത്സരങ്ങളിൽ നിന്നായി 130 എന്ന സ്ട്രൈക്ക് റെറ്റോടെ 428 റൺസ് നേടിയ താരമാണ് അലീസ ഹീലി.
അടുത്ത വർഷത്തെ വനിതാ പ്രീമിയർ ലീഗിൻ്റെ നാലാം പതിപ്പ് 2026 ജനുവരി 9 മുതൽ ഫെബ്രുവരി 5 വരെ നടക്കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. ടൂർണമെൻ്റിൻ്റെ ആദ്യ പകുതി നവി മുംബൈയിലും ഫെബ്രുവരി 5-ന് നടക്കുന്ന ഫൈനൽ ഉൾപ്പെടെയുള്ള രണ്ടാം പകുതി വഡോദരയിലുമാണ് നടക്കുക. വനിതാ പ്രീമിയർ ലീഗ് ചെയർമാൻ ജയേഷ് ജോർജാണ് തീയതികൾ പ്രഖ്യാപിച്ചത്.












