അഴിമതിക്കേസുകളിൽ മാപ്പ് തരണമെന്ന അപേക്ഷയുമായി നെതന്യാഹു; ഗാസയെ ആക്രമിക്കുന്നത് 6 വർഷമായി തുടരുന്ന വിചാരണയിൽ നിന്നും രക്ഷപ്പെടാൻ
വളരെ അപൂർവ്വമായ ഒരു നീക്കമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇപ്പോൾ നടത്തിയിരിക്കുന്നത്. അഴിമതിക്കേസുകളില്‍ മാപ്പ് അപേക്ഷിച്ച് കൊണ്ട്, ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് അദ്ദേഹം അപേക്ഷ നൽകിയിരിക്കുകയാണ്.
‘ഇതൊരു അസാധാരണമായ അഭ്യര്‍ത്ഥനയാണെന്നും അതിന് കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസിന് അറിയാം. പ്രസക്തമായ എല്ലാ അഭിപ്രായങ്ങളും ലഭിച്ച ശേഷം, പ്രസിഡന്റ് ഉത്തരവാദിത്തത്തോടെ അഭ്യര്‍ത്ഥന പരിഗണിക്കും’ എന്നാണ് നെതന്യാഹുവിന്റെ അപേക്ഷ സ്വീകരിച്ച ഇസ്രയേല്‍ പ്രസിഡന്റിന്റെ ഓഫീസ് പറഞ്ഞത്.
നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം ആദ്യം ഇസ്രയേല്‍ പ്രസിഡന്റിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഔദ്യോഗിക മാപ്പപേക്ഷ എത്തുന്നത്.
തനിക്കെതിരായ ആറ് വര്‍ഷം നീണ്ട അഴിമതി വിചാരണ അവസാനിക്കുന്നത് ഇസ്രായേലിന്റെ ദേശീയ താല്‍പ്പര്യത്തിന് അനിവാര്യമാണെന്ന് നെതന്യാഹു ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
‘എനിക്കെതിരായ അന്വേഷണങ്ങള്‍ ആരംഭിച്ചിട്ട് ഏകദേശം ഒരു ദശാബ്ദത്തോളമായി. ഈ കേസുകളിലെ വിചാരണ ഏകദേശം ആറ് വര്‍ഷമായി തുടരുകയാണ്, ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണ്’ എന്നുമാണ് നെതന്യാഹു പറയുന്നത്.
‘ഇസ്രയേല്‍ വലിയ വെല്ലുവിളികള്‍ നേരിടുകയാണ്, അതോടൊപ്പം വലിയ അവസരങ്ങളുമുണ്ട്. ഭീഷണികളെ ചെറുക്കാനും അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ദേശീയ ഐക്യം ആവശ്യമാണ്. വിചാരണയുടെ തുടര്‍ച്ച ഭിന്നതകള്‍ സൃഷ്ടിക്കുകയും, പിളര്‍പ്പുകള്‍ വലുതാക്കുകയും ചെയ്യുന്നു. രാജ്യത്തെ മറ്റനേകം ആളുകളെ പോലെ എനിക്കും ഉറപ്പുണ്ട്, വിചാരണ പെട്ടെന്ന് അവസാനിപ്പിക്കുന്നത് സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്ന്. അത് നമ്മുടെ രാജ്യത്തിന് അത്യന്താപേക്ഷിതമാണ് എന്നും നെതന്യാഹു പറഞ്ഞു.
എന്നാല്‍ നെതന്യാഹുവിന്റെ മാപ്പപേക്ഷ തള്ളിക്കളയണം എന്നാണ് ഇസ്രയേലിലെ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രിയുടെ ദീര്‍ഘകാലമായുള്ള അഴിമതി വിചാരണ അവസാനിപ്പിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കുമെന്നും, ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തെ അനുവദിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. ‘കുറ്റസമ്മതം, ഖേദപ്രകടനം, അല്ലേങ്കിൽ രാഷ്ട്രീയ ജീവിതത്തില്‍ നിന്നുള്ള വിരമിക്കല്‍ ഇതൊന്നും ഇല്ലാതെ പ്രസിഡന്റിന് നെതന്യാഹുവിന് മാപ്പ് നല്കാന് കഴിയില്ല എന്നാണ് പ്രതിപക്ഷതാവ് യായര്‍ ലാപിഡ് പറയുന്നത്.
പ്രസിഡന്റിന്റെ ഓഫീസിലെ നിയമ വിഭാഗത്തിനാണ് നെതന്യാഹു അപേക്ഷ നല്‍കിയിരിക്കുന്നത്. നിയമ മന്ത്രാലയം ഇത് പരിശോധിച്ച ശേഷം പ്രസിഡന്റിന്റെ ഓഫീസിലെ നിയമ ഉപദേഷ്ടാവിന് അയക്കുകയാണ് ചെയ്യുക. ഉപദേഷ്ടാവ് കത്ത് പരിശോധിക്കും. നിയമ മന്ത്രാലയത്തിന്റെ അഭിപ്രായവും പരിഗണിക്കും. ശേഷം സ്വന്തം അഭിപ്രായവും ചേര്‍ത്താണ് പ്രസിഡന്റിന് കൈമാറുക. എന്നിട്ടാണ് തീരുമാനം വരുന്നത്.
നെതന്യാഹുവിനെതിരെ മൂന്ന് അഴിമതിക്കേസുകളാണുള്ളത്. അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന ഏക ഇസ്രായേല്‍ പ്രധാനമന്ത്രിയുമാണ് അദ്ദേഹം. തട്ടിപ്പ്, വിശ്വാസ വഞ്ചന, വന്‍കിടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങി എന്നീ കേസുകളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിട്ടുള്ളത്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. വിചാരണ നടക്കുകയാണ്.
ഈ വിചാരണയില്‍ നിന്ന് രക്ഷപ്പെടാനാണ് നെതന്യാഹു ഗാസയില്‍ ആക്രമണം നടത്തുന്നത് എന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. 2020 മുതല്‍ വിചാരണ തുടങ്ങിയെങ്കിലും ഇതുവരെ തീര്‍ന്നിട്ടില്ല. ഒരു വ്യവസായിയില്‍ നിന്ന് ഏഴ് ലക്ഷം ഷെക്കേല്‍ കൈകൂലി വാങ്ങി എന്ന കേസുള്‍പ്പെടെയാണിത്.
അപൂര്‍വമായിട്ടാണ് ഇസ്രായേല്‍ പ്രസിഡന്റിന് മുമ്പാകെ മാപ്പ് അപേക്ഷ എത്തുകയും , മാപ്പ് അനുവദിക്കുകയും ചെയ്യുക. നെതന്യാഹുവിന്റെ കാര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം













