പാകിസ്ഥാൻ പ്രധാനമന്ത്രി രാജ്യം വിട്ടുപോയി, അസിം മുനീർ സർവ്വാധികാരി; പാക് സൈന്യത്തെ തെരുവിൽ നേരിടാൻ തയ്യാറായി ഇമ്രാൻഖാൻറെ അനുയായികൾ
പാകിസ്ഥാന്റെ ആദ്യത്തെ പ്രതിരോധ സേനാ മേധാവിയായി അസിം മുനീറിനെ നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ രാജ്യം വിട്ട് പോയിരിക്കുകയാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വിജ്ഞാപനത്തില്‍ ഒപ്പിടുന്നത് ഒഴിവാക്കാനാണ് പ്രധാനമന്ത്രി രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തു നിന്ന് മാറിനില്‍ക്കുന്നതോടെ ഉത്തരവിൽ ഒപ്പിട്ടുവെന്ന ഉത്തരവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഷെഹ്ബാസ് ഷെരീഫിന് കഴിയുമെന്ന് നാഷ്നല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് മുന്‍ മെംബറായ തിലക് ദേവാഷര്‍ എ എന്‍ ഐയോട് പറഞ്ഞു. ഷെഹ്ബാസ് ഷെരീഫ് ബഹ്റൈനിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയതായും അദ്ദേഹം പറഞ്ഞു.
അസിം മുനീറിന് അഞ്ച് വര്‍ഷത്തേക്ക് സിഡിഎഫ് പദവി നല്‍കുന്നതാണ് വിജ്ഞാപനം. ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സിഡിഎഫ് പദവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഏറ്റെടുക്കുന്നതോടെ പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറും. നവംബര്‍ 29നായിരുന്നു അസിം മുനീറിനെ സിഡിഎഫായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തു വരേണ്ടിയിരുന്നത്. കരസേനാ മേധാവിയെന്ന നിലയില്‍ അസിമിന്റെ കാലാവധി അന്ന് അവസാനിച്ചിരുന്നു. എന്നാല്‍ നവംബര്‍ 29ന് ഈ വിജ്ഞാപനം ഇറങ്ങിയിരുന്നില്ല.
പാകിസ്ഥാനിലെ സൈന്യം ഇപ്പോൾ ഗൗരവമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. കരസേനാ മേധാവിയായ അസിം മുനീറിന്റെ കാലാവധി അവസാനിച്ചതോടെ ഇപ്പോൾ പാകിസ്ഥാനിൽ ഔദ്യോഗിക സൈനിക മേധാവിയില്ലാത്ത അവസ്ഥയാണ്. ഇതിന്റെ ഫലമായി സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന് കീഴിലുള്ള ആണവ കമാൻഡ് അതോറിറ്റിക്കും വ്യക്തമായ ഒരു നേതൃത്വം ഇല്ലാതാകുന്ന അസാധാരണ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.
ഈ സാഹചര്യം അതീവ ആശങ്കജനകമാണെന്നും, പുതിയ സൈനിക മേധാവിയെ നിയമിക്കാൻ സിഡിഎഫ് വിജ്ഞാപനം ആവശ്യമുണ്ടോ എന്ന കാര്യത്തിൽ നിയമ വിദഗ്ധർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ആണവായുധശക്തിയായ ഒരു രാജ്യത്തിന് സൈനിക മേധാവിയും ആണവ കമാൻഡ് അതോറിറ്റിയുടെ തലവനും ഇല്ലാത്ത അവസ്ഥയിൽ പ്രവർത്തിക്കാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
ഇതിനിടെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ രാജ്യത്ത് കലാപത്തിന് വഴിയൊരുക്കുമെന്ന പേടിയിൽ റാവൽപിണ്ടിയിൽ സർക്കാർ സെക്ഷൻ 144 ഏർപ്പെടുത്തി. ഇതോടെ പൊതുസമ്മേളനങ്ങൾക്കും പ്രതിഷേധങ്ങൾക്കും നഗരത്തിൽ വിലക്ക് നിലവിൽ വന്നു.
ഇമ്രാൻ ഖാനെ കാണാൻ അനുമതി ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിൻ്റെ പി.ടി.ഐ പാർട്ടി പ്രവർത്തകർ പ്രതിഷേധം നടത്തുന്നതിനിടെയാണ് ഈ നിർണായക നീക്കം. എല്ലാത്തരം സമ്മേളനങ്ങൾ, ഒത്തുചേരലുകൾ, കുത്തിയിരിപ്പ് സമരങ്ങൾ, റാലികൾ, ജാഥകൾ, പ്രകടനങ്ങൾ, ധർണകൾ, പ്രതിഷേധങ്ങൾ തുടങ്ങി അഞ്ചോ അതിലധികമോ ആളുകൾ ചേർന്നുള്ള എല്ലാ ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്.
ആയുധങ്ങൾ, സ്പൈക്കുകൾ, ബാറ്റണുകൾ, പെട്രോൾ ബോംബുകൾ, സ്ഫോടകവസ്തുക്കൾ അല്ലെങ്കിൽ അക്രമത്തിന് ഉപയോഗിക്കാൻ സാധ്യതയുള്ള മറ്റേതെങ്കിലും ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകുന്നതും, വിദ്വേഷ പ്രസംഗങ്ങളും, ഉച്ചഭാഷിണി ഉപയോഗവും ഒക്കെ നിരോധിച്ചിട്ടുണ്ട്.
സഹോദരിമാര്‍ക്കോ മക്കള്‍ക്കോ ഇതുവരെയും ഇമ്രാന് ഖാനെ നേരിട്ട് കാണിച്ചുകൊടുക്കാന്‍ പാക് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇതോടെ പിടിഐ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇമ്രാന്‍ഖാനെ വധിച്ചുവെന്ന ആരോപണം ശക്തിപ്പെടുകയാണ്. ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ പിടിഐ ഭരിയ്ക്കുന്ന ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍, ഇമ്രാന് ഖാന് അനുയായികള്‍ പാകിസ്ഥാൻ പട്ടാളവുമായി ഏറ്റുമുട്ടാന്‍ തയ്യാറായി നില്‍ക്കുകയാണ്.
ഇമ്രാന് ഖാന് അനുയായികളായ ആയിരക്കണക്കായ സാധാരണക്കാര്‍ എന്തിനും തയാർ എന്ന അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. എന്തായാലും ജയിലിലെ ഇമ്രന്‍ഖാന്‍, അദ്ദേഹം മരിച്ചതോ ജീവനുള്ളതോ ആയാലും പാകിസ്ഥാനിലെ സൈനിക മേധാവിത്വത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് .













