അറബ് രാജ്യങ്ങൾ പാക്കിസ്ഥാനെ പടിയടച്ച് പിണ്ഡം വെക്കുന്നു; പാക് ഭിക്ഷാടകരെ കൊണ്ട് പൊറുതിമുട്ടി സൗദിയും യു എ ഇയും
ഗൾഫ് രാജ്യങ്ങളിൽ പൊതുവേ സ്വീകാര്യത ഉള്ളവർ ആയിരുന്നു പാകിസ്ഥാനികൾ. അധികം വിദ്യാഭ്യാസമില്ലാത്ത ഭൂരിഭാഗം പാകിസ്ഥാനികളും കടുത്തശാരീരിക അധ്വാനമുള്ള ജോലികളാണ് ചെയ്തിരുന്നത്. പിന്നീട് പലരും ലൈസൻസ് എടുത്ത് ഡ്രൈവര്‍മാരായി ജോലി ചെയ്യും. വിദ്യാഭ്യാസമുള്ള അപൂർവ്വം പാകിസ്ഥാനികൾ ബാങ്കിങ്ഹ് മേഖലയിലും ഐടി മേഖലയിലും ഒക്കെ ഉയർന്ന ജോലികളും ചെയ്യുന്നുണ്ട്.
എന്നാൽ പാകിസ്ഥാനില്‍ നിന്നുള്ള സംഘടിത ഭിക്ഷാടന മാഫിയകളുടെ ശല്യം കാരണം ഗള്‍ഫ് രാജ്യങ്ങള്‍ പാകിസ്ഥാനികള്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചതായാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറയുന്നത്. പാകിസ്ഥാനിലെ യാചക ശൃംഖലകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് വീടുകള്‍ വാങ്ങുന്നതായും വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഖ്വാജ ആസിഫിന്റെ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതിനാല്‍ നിലവിൽ ഈ വിഡിയോ ഇന്ത്യയില്‍ ലഭ്യമല്ല.
യാചക മാഫിയയെ വിദേശത്തേക്ക് കടത്തുന്നതില്‍ പാക് വിമാനത്താവളങ്ങളിലെ ജീവനക്കാര്‍ക്കും പോലീസിനും പങ്കുണ്ടെന്നും പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഈ ബിസിനസ്സ് നടക്കില്ലെന്നും ഖ്വാജ ആസിഫ് സമ്മതിക്കുകയും ചെയ്തു. മന്ത്രി പങ്കുവെച്ച വീഡിയോയില്‍, ഫൈസലാബാദില്‍ സ്വന്തമായി വീടുള്ള ഒരു കുടുംബത്തിലെ കുട്ടികള്‍ ഭിക്ഷാടനത്തിലൂടെ പ്രതിദിനം ശരാശരി 12,000 പാകിസ്ഥാന് രൂപ സമ്പാദിക്കുന്നതായി പറയുന്നുണ്ട്. ഭിക്ഷാടനത്തിന് പുറമെ മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പാകിസ്ഥാനികള്‍ വ്യാപകമായി പിടിക്കപ്പെടുന്നതും വിസ നിയന്ത്രണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
കുട്ടികളെയും സ്ത്രീകളെയും ‘വ്യാജ’ അംഗവൈകല്യമുള്ളവരെയും റിക്രൂട്ട് ചെയ്ത് കോടികള്‍ സമ്പാദിക്കുന്ന ഇടനിലക്കാരും കരാറുകാരും പാകിസ്ഥാനിലുണ്ട്. ഇതേ മാഫിയയാണ് ആയിരക്കണക്കിന് യാചകരെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ‘കയറ്റുമതി’ ചെയ്യുന്നത്. യാചക ശല്യം സഹിക്കവയ്യാതെ സഊദി അറേബ്യ, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ പാകിസ്ഥാനികള്‍ക്ക് വിസ നല്‍കുന്നത് കര്‍ശനമായി നിയന്ത്രിക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്തിട്ടുണ്ട്.
2024 ഡിസംബര്‍ മുതല്‍ പാകിസ്ഥാനിലെ 30 ഓളം നഗരങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ അനിശ്ചിതകാല വിസ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2019 നും 2025 നും ഇടയില്‍ ഭിക്ഷാടനം ഉള്‍പ്പെടെയുള്ള വിവിധ കുറ്റങ്ങള്‍ ചുമത്തിഏതാണ്ട് എണ്ണായിരം പാകിസ്ഥാനികളെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാടുകടത്തിയിട്ടുണ്ട്.
2025ല്‍ മാത്രം ഏകദേശം ഇരുപത്തി നാലായിരം പാകിസ്ഥാനി പൗരന്മാരെ സൗദി അറേബ്യ തിരിച്ചയച്ചു എന്നാണ് കണക്കുകൾ. തുടര്‍ച്ചയായി ഭിക്ഷാടനം നടത്തുന്ന പാക് പൗരന്മാര് അറസ്റ്റിലായതോടെയാണ് യു.എ.ഇ പാകിസ്ഥാൻ പൗരന്മാര്ക്ക് കര്‍ശനമായ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
സംഘടിത യാചക സംഘങ്ങളെയും നിയമവിരുദ്ധ കുടിയേറ്റക്കാരെയും തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറുപത്തി ആറായിരത്തിൽ കൂടുതൽ യാത്രക്കാരെയാണ് വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയച്ചത്. ഇതില്‍ അമ്പതിനായിരം പേരും വര്‍ക്ക് വിസ, ടൂറിസ്റ്റ് വിസ, ഉംറ വിസ എന്നിവ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചവരാണെന്ന് കണ്ടെത്തുകയും ചെയ്തു.
യാചക സംഘങ്ങള്‍ പാകിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ സാരമായി ബാധിക്കുന്നതായി എഫ്.ഐ.എ ഡയറക്ടര്‍ ജനറല്‍ പാര്‍ലമെന്ററി സമിതിയെ അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയ്ക്കും യു.എ.ഇക്കും പുറമെ ആഫ്രിക്ക, കംബോഡിയ, തായ്ലന്ഡ് എന്നിവിടങ്ങളിലേക്കും ഇത്തരത്തിലുള്ള നിയമവിരുദ്ധ യാത്രകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്ഥാനില്‍ ഭിക്ഷാടനം ഇപ്പോള്‍ ഒരു ദരിദ്രർ മാത്രം ചെയ്യുന്ന ഒരു കാര്യമല്ല. അവിടുത്തെ സ്വാധീനമുള്ള വ്യക്തികള്‍ നിയന്ത്രിക്കുന്ന മാഫിയാ സംവിധാനമാണ് ഇപ്പോൾ ഭിക്ഷാടനം. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലാണ്. അറസ്റ്റിലായാല്‍ പുറത്തിറക്കാന്‍ ഒരുപാട് വക്കീൽമാരും ഈ ഭിക്ഷാടന മാഫിയകൾക്ക് ഉണ്ട്.
പാകിസ്ഥാനിൽ പലയിടത്തും ഭിക്ഷാടനത്തെ ഒരു വ്യാപാരമായാണ് കാണുന്നത്. ഇതിലൂടെ വന്‍ സമ്പാദ്യമുണ്ടാക്കുന്ന ഇവര്‍, പണം പലിശയ്ക്ക് കൊടുക്കുന്നവരായി വരെ മാറിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഭിക്ഷാടകരെ സംഘമായി അയക്കുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റോ മറ്റ് കടുത്ത നിബന്ധനകളോ ആവശ്യമില്ലാത്ത തീര്‍ത്ഥാടക വിസയാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. സൗദി അറേബ്യയിലേക്കാണ് ഇത്തരത്തില്‍ കൂടുതല്‍ പേര് പോകുന്നത്. ഭിക്ഷാടനത്തിലൂടെ കിട്ടുന്ന വരുമാനത്തിന്റെ പകുതി ഏജന്റ്മാര്‍ക്ക് നല്‍കാമെന്ന കരാറിലാണ് ഇവർ വിദേശത്തേക്ക് കടക്കുന്നത്.








