റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും; എല്ലാ ആക്രമണത്തെയും അതിജീവിക്കുന്ന ”ഓറസ് സെനറ്റ്” എന്ന കാറിൽ തന്നെ പുടിൻറെ സഞ്ചാരം
23ാമത് ഇന്ത്യാ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇന്ന് ഇന്ത്യയിലെത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ന്യൂഡൽഹിയിൽ സ്വാഗതം ചെയ്യും. ഇന്ത്യയില്‍ അമേരിക്ക ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിരിക്കുന്ന സമയത്താണ് പുടിൻ്റെ സന്ദര്‍ശനം എന്നതും വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്.
വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയില്‍ വ്യാപാര, ഊർജ പങ്കാളിത്തങ്ങളെ ക്കുറിച്ചുള്ള ചർച്ചകൾക്കൊപ്പം പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയുമായുള്ള ഒരു പ്രധാനപ്പെട്ട പ്രതിരോധ കരാറിലും മോസ്കോ ഒപ്പുവച്ചു. ഇത് ഉഭയകക്ഷി സൈനിക സഹകരണത്തിൻ്റെ കെട്ടുറപ്പിനെയാണ് സൂചിപ്പിക്കുന്നത്.
ഇന്ന് വൈകുന്നേരത്തോടെയാണ് വ്ലാദിമിർ പുടിന് ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. അതിനുശേഷം പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് സ്വകാര്യ അത്താഴ വിരുന്ന് നല്‍കും. കഴിഞ്ഞ വർഷം മോസ്കോ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിക്കായി റഷ്യൻ പ്രസിഡൻ്റ് വിരുന്നു ഒരുക്കിയിരുന്നു.
റഷ്യയുടെ എസ് യു 57 യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് നൽകുന്ന കാര്യത്തിലും ഇരുകൂട്ടരും ചർച്ച ചെയ്തേക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇന്ത്യൻ തൊഴിലാളികളെ റഷ്യയിലേക്ക് മാറ്റുന്നതിനുള്ള സൗകര്യം ഉൾപ്പെടെ നിരവധി കരാറുകളിൽ ഈ സന്ദർശനം ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യൂറോപ്യൻ സാമ്പത്തിക യൂണിയനുമായുള്ള ഇന്ത്യയുടെ നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും ചർച്ചകൾ ചെയ്തേക്കാം. പ്രധാനമന്ത്രി മോദിയുമായുള്ള ഉച്ചകോടിക്ക് ശേഷം പുടിൻ രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കുന്ന വിരുന്നിലും പങ്കെടുക്കും. റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്ററായ ആർടിയുടെ പുതിയ ഇന്ത്യ ചാനലും പുടിൻ ഉദ്ഘാടനം ചെയ്യും
ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ത്യയിലെത്തുന്നത്. യുദ്ധകാലത്തെ പുടിന്റെ ഈ ഇന്ത്യൻ സന്ദർശനം സ്വാഭാവികമായും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവും എന്നതിൽ സംശയമില്ല.
പുടിന്റെ ഇന്ത്യാ സന്ദർശനത്തിനൊപ്പം തന്നെ ചില കൗതുകമുള്ള കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ട്. അതിൽ ഏറ്റവും ശ്രദ്ധനേടുക പുടിനൊപ്പം ഇക്കുറി ഇന്ത്യയിലേക്കെത്തുന്ന റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ഓറസ് സെനറ്റ് അഥവാ ലിമോസിൻ ആയിരിക്കും.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലോകത്തെ ഏറ്റവും മികച്ച ആഡംബര കാറുകളിലൊന്നാണിത്. സുരക്ഷയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബീസ്റ്റിനോട് കിടപിടിക്കുന്ന റഷ്യൻ നിർമ്മിത വാഹനമാണ് ഇത്. വ്ളാഡിമിർ പുടിനുവേണ്ടി പ്രത്യേകം നിർമിച്ച ഈ കാർ ഓറസ് സ് മോട്ടോർസ് ആണ് രൂപ കൽപന ചെയ്തത്.
ഓറസ് സെനറ്റ് എന്നത് ഒരു ചലിക്കുന്ന കൊട്ടാരം പോലെയാണ്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, കട്ടിയുള്ള കവചമുള്ള വാതിലുകൾ, ആക്രമണസമയത്ത് വെടിയുണ്ടകളിൽ നിന്നും സ്ഫോടനങ്ങളിൽ നിന്നും സുരക്ഷിതമാക്കുന്ന ബോഡി. ആക്രമണത്തിന് ശേഷമുള്ള ചോർച്ച തടയാൻ കവചിത ഇന്ധന ടാങ്ക്, തീ അണയ്ക്കാനുള്ള അഗ്നി നിയന്ത്രണ സംവിധാനം, വിഷ വാതകത്തിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനുള്ള ശുദ്ധവായു വിതരണ സംവിധാനം എന്നിവ കാറിലുണ്ട്.
വാതിലുകൾ അടഞ്ഞുപോയാൽ, ലിമോസിനിൽ പിൻവശത്തെ ജനാലയിലൂടെ അടിയന്തര എക്സിറ്റ് ഉണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രസിഡന്റിന് ബന്ധം നിലനിർത്താൻ കഴിയുന്ന തരത്തിൽ സുരക്ഷിതമായ ആശയവിനിമയ സംവിധാനവും ഇതിലുണ്ട്. പോർഷെയുടെ സഹായത്തോടെ നിർമ്മിച്ച 4.4 ലിറ്റർ V8 പെട്രോൾ എഞ്ചിനാണ് ഇതിലുള്ളത്.
പ്രത്യേകമായി പരിശീലനം ലഭിച്ച പട്ടാളക്കാരാണ് ഈ കാർ സാധാരണയായി ഓടിക്കുന്നത് . 2018 ൽ പുടിന്റെ നാലാമത്തെ പ്രസിഡന്റ് സ്ഥാനാരോഹണ വേളയിലാണ് ഈ കാറും ഉത്ഘാടനം ചെയ്തത്. നേരത്തെ ചൈനയിൽ നടന്ന എസ്.സി.ഒ ഉച്ചകോടിക്ക് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഈ കാറിൽ സഞ്ചരിച്ചിട്ടുമുണ്ട്.
ഇന്ന് വൈകിട്ട് ഡൽഹിയിലെത്തുന്ന റഷ്യൻ പ്രസിഡന്റിന് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. പുടിന്റെ സുരക്ഷക്കായി 50ഓളം ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി. ഡൽഹി പൊലീസ്, എൻ.എസ്.ജി എന്നിവയുടെ പ്രത്യേക സംഘവും സുരക്ഷക്കുണ്ട്. അഞ്ച് തലത്തിലാണ് സുരക്ഷസംവിധാനം. പ്രതിനിധി സംഘത്തിൽ റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും ഭാഗമാകും.
ഡൽഹിയിൽ പുടിന്റെ താമസം ഐ ടി സി മൗര്യ ഹോട്ടലിലെ ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ടിലാവും. അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന ബിൽ ക്ലിന്റണും ബരാക് ഒബാമയുമടക്കം പ്രമുഖർ തമാസിച്ചിട്ടുള്ള അതേ സ്യൂട്ടാലാകും പുടിനും അന്തിയുറങ്ങുക. പുടിന്റെ താമസ കാലയളവിൽ ആ നില പൂർണ്ണമായും അടച്ചിട്ടിരിക്കും. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാകും ഇവിടെ പ്രത്യേക മുൻഗണന നൽകുന്നത്.













