വ്യാജ യാത്രാ രേഖകളുമായി വിദേശത്തേക്ക് കടക്കാൻ ശ്രമം; രണ്ട് ആന്ധ്ര സ്വദേശിനികൾ അറസ്റ്റിൽ
വ്യാജയാത്രാ രേഖകളുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ആന്ധ്ര സ്വദേശിനികൾ അറസ്റ്റിൽ. ഈസ്റ്റ് ഗോദാവരി രാമചന്ദ്രപുരം റേലങ്കി ജാനകി (44), വെസ്റ്റ് ഗോദാവരി ചെബ്റോലു ഗോപിനാഥപട്ടണം ഗുരാല സൗജന്യ (23) എന്നിവരെയണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യാ വിമാനത്തിൽ മസ്ക്കറ്റിലേക്ക് പോകാൻ ഇവർ വിമാനത്താവളത്തിലെത്തിയത്. യാത്രാ രേഖകളിൽ സംശയം തോന്നിയ എയർ ഇന്ത്യ അധികൃതർ പോലീസിനെ അറിയിച്ചു.
പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ കൈവശം ഉണ്ടായിരുന്ന വിസ, റിട്ടേൺ ടിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്ന് കണ്ടെത്തി. വിസിറ്റിംഗ് വിസയിൽ മസ്ക്കറ്റിലേക്ക് കടന്ന് അവിടെ അനധികൃതമായി വീട്ടുജോലി ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി എം ബൈജു, സബ് ഇൻസ്പെക്ടർ ആർ ജയപ്രസാദ്, എ എസ് ഐ പ്രമോദ് തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Content Highlight: 2 Andhra women arrested at Cochin Airport over fake travel records.