തനിക്കെതിരെ എല്ലാം കെട്ടിച്ചമച്ചത് കുറേ ക്രിമിനൽ പൊലീസുകാർ; കോടതി വെറുതെ വിട്ട നടൻ ദിലീപിൻറെ പ്രതികരണം
നടൻ ദിലീപിന് എട്ടുവർഷത്തിനു ശേഷം ഒടുവിൽ ആശ്വസിക്കാവുന്ന വിധിയാണ് ഇന്ന് വന്നിരിക്കുന്നത്. ക്വട്ടേഷൻ കൊടുത്ത് നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായി പ്രതി ചേർത്ത് പൊലീസ് ജയിലിൽ അടച്ചിരുന്ന ദിലീപിനെ വെറുതെ വിട്ടിരിക്കുകയാണ് വിചാരണ കോടതി. ജില്ലാ ജഡ്ജി ഹണി എം വർഗ്ഗീസ് ആണ് പ്രോസിക്യൂഷന് കനത്ത പ്രഹരം ഏൽപ്പിക്കുന്ന ഈ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്.
ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് ആദ്യ പിണറായി സർക്കാറിൻ്റ കാലത്താണ്. അതുകൊണ്ട് തന്നെ ഈ വിധിക്ക് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്. കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കെടുത്താ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റാക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് എതിരെ മുഴുവൻ കുറ്റവും നിലനിൽക്കും.
3215 ദിവസം നീണ്ട വിചാരണക്ക് ഒടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. രാജ്യത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം നീണ്ട വിധിന്യായമാണ് ഈ കേസിൽ ഉള്ളത്.
ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ആദ്യം ആരോപിക്കപ്പെട്ടത് അതിജീവിതയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്രപ്രവർത്തകർ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ്. നടി മഞ്ജു വാര്യരാണ് ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചത്. ഈ കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായിരുന്ന മഞ്ജുവാര്യർ.
പിന്നീട് പല ചാനലുകളും ദിലീപിന് എതിരായ ചില വെളിപ്പെടുത്തലുകൾ പുറത്ത് വിട്ട് ഈ കേസിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോയിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ വെളിപ്പെടുത്തൽ ഈ ഗൂഢാലോചന കേസിൽ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരുന്നത്. അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദിലീപിൻ്റെയും ഒപ്പമുള്ളവരുടെയും മൊബൈൽ ഫോൺ പിടിച്ചെടുത്തത്.
ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ പത്തു പ്രതികളാണ് കേസിലുള്ളത്. അതിൽ ശിക്ഷിക്കപ്പെട്ടവർ പള്‍സര്‍ സുനി, മാര്ട്ടിന് ആന്റണി, ബി. മണികണ്ഠന്, വി.പി. വിജീഷ്,
എച്ച്. സലിം എന്ന വടിവാള്‍ സലീം, പ്രദീപ് എന്നിവരാണ്.
കേസിന്റെ തുടക്കം മുതൽ ഇന്നേവരെ, 85 ദിവസം ജയിലിൽ കിടന്നപ്പോളും, താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് ദിലീപ് ആവർത്തിച്ച് പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ഉൾപ്പെടെ ഉള്ളവർക്കും ദിലീപ് മെസേജുകളും അയച്ചിരുന്നു. സംഭവവുമായി ബന്ധമില്ലാത്ത, യാതൊരു തെറ്റും ചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് ആ സന്ദേശത്തിൽ പറഞ്ഞിരുന്നു.
കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന് കേസ്. കാവ്യാ മാധവനുമായുളള ദീലീപിന്റെ ചാറ്റുകള്‍ മഞ്ജു വാര്യര്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്കി എന്നത് പൊലീസിന്റെ കെട്ടുകഥയെന്നാണ് ദിലീപ് വാദിച്ചിരുന്നത്.
ഈ വിധി വന്നതോടെ ദിലീപ് പോലീസിനെ വിളിച്ചത് ക്രിമിനൽ പോലീസ് എന്നാണ്.
എന്തായാലും കേസ് ഇവിടം കൊണ്ട് തീരുന്നില്ല. ഇനിയും അപ്പീലുകൾ ഉണ്ടാകും. പൾസർ സുനിക്ക് കൊട്ടേഷൻ കൊടുത്തത് ദിലീപ് അല്ലെങ്കിൽ ആര് എന്ന ചോദ്യവും ബാക്കി നിൽക്കുകയാണ്. ദൃശ്യങ്ങൾ പകർത്തിയ കാർഡിന്റെ ഹാഷ് ടാഗ് വാല്യൂ മാറി എന്ന ശക്തമായ ഡിജിറ്റൽ തെളിവും ബാക്കിയാണ്.










