സാധാരണക്കാരുടെ ശമ്പളം ആദ്യം കൂട്ടണം; സ്വന്തം ശമ്പളവർദ്ധനയെ എതിർത്ത് എംഎൽഎ; ഒഡീഷയിലെ അണയാത്ത കനലായി CPIM എംഎൽഎ ലക്ഷ്മണ് മുണ്ട
ഈ കഴിഞ്ഞ ദിവസമാണ് ഒഡിഷയിലെ നിയമസഭാ അംഗങ്ങളുടെ ശമ്പളത്തില്‍ കാര്യമായ വര്‍ധനവ് സര്‍ക്കാര്‍ കൊണ്ടുവന്നത്. എംഎല്‍എമാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച ബില്ല് ഡിസംബര്‍ ഒമ്പതിനാണ് നിയമസഭയില്‍ പാസായത്. സിപിഎം എംഎല്‍എ ലക്ഷ്മണ് മുണ്ട ഒഴികെ, ഒഡിഷ നിയമസഭയിലെ മറ്റെല്ലാം അംഗങ്ങളും ഈ ബില്ലിനെ അനുകൂലിച്ചിരുന്നു.
സുന്ദര്‍ഗഡ് ജില്ലയിലെ ബോണായ് നിയോജകമണ്ഡലത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏക എംഎല്‍എയാണ് ലക്ഷ്മണ് മുണ്ട.
നിയമസഭാംഗങ്ങളുടെ ശമ്പളത്തിലും അലവന്‍സുകളിലും ഇപ്പോൾ ഏകദേശം മൂന്നിരട്ടി വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ അംഗങ്ങളുടെ പ്രതിമാസ ശമ്പളം 1.11 ലക്ഷം രൂപയില്‍ നിന്ന് 3.45 ലക്ഷം രൂപയായി ഉയര്‍ത്തി. ബില്ല് പാസാക്കുന്ന ദിവസം മുണ്ട നിയമസഭയില്‍ എത്തിയിരുന്നില്ല. സര്‍വീസില്‍ സ്ഥിരപ്പെടുത്താനും ഉയര്‍ന്ന ശമ്പളം നല്‍കാനും ആവശ്യപ്പെട്ട് ധര്‍ണ നടത്തുന്ന അധ്യാപക പ്രക്ഷോഭത്തില്‍ പങ്കെടുക്കേണ്ടി വന്നതിനാലാണ് മുണ്ടയ്ക്ക് അന്നേ ദിവസം സഭയിലെത്താനാകാതിരുന്നത്.
ഇയാൾ ഇല്ലാത്തത് കൊണ്ട് തന്നെ ബിജെഡി, ബിജെപി, കോണ്‍ഗ്രസ് എംഎല്‍എമാരുടെയും പിന്തുണയോടെ ബില്ലുകള്‍ ഏകകണ്ഠമായാണ്് പാസാക്കിയത്. എന്നാൽ ബില്ല് പാസാക്കിയതിന് പിന്നാലെ മുണ്ട തന്റെ എതിര്‍പ്പ് ശക്തമായി പ്രകടിപ്പിച്ച് രംഗത്തെത്തി.
‘എംഎല്‍എമാര്‍, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെ ശമ്പളവും അലവന്‍സും വര്‍ധിപ്പിക്കുന്നതിനായി നടന്ന കമ്മിറ്റി യോഗത്തില്‍ നാല് ബില്ലുകളെ ഞാന്‍ എതിര്‍ത്തിരുന്നു എന്നാണ് മുണ്ട മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
2004, 2014, 2019, 2024 എന്നീ വര്‍ഷങ്ങളില്‍ നാല് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട മുണ്ട ഒരു ആദിവാസി കുടുംബത്തില്‍ നിന്നുള്ളയാളാണ്. തൊഴിലാളികള്‍ക്കുള്ള മിനിമം വേതനത്തിന്റെ കാര്യത്തില്‍ ഒഡീഷ പല സംസ്ഥാനങ്ങളെക്കാളും പിന്നിലാണ്. അതേസമയം അവിടുത്തെ എംഎല്‍എമാര്‍ ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശമ്പളവും അലവന്‍സും വാങ്ങുന്നവരാകുന്നു എന്നത് വിരോധാഭാസമാണ് എന്നും അദ്ദേഹം പറഞ്ഞു.
ജനസേവകർ അല്ലെങ്കിൽ പൊതുപ്രവർത്തകർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ‘സ്വന്തം അലവന്‍സുകള്‍ മൂന്നിരട്ടിയാക്കി’ എന്ന് ആരോപിച്ച് ഒഡീഷ സിപിഎം സംസ്ഥാന സെക്രട്ടറി സുരേഷ് ചന്ദ്ര പാണിഗ്രഹിയും നിയമസഭാംഗങ്ങളെ വിമര്‍ശിച്ചു. ആശ പ്രവർത്തകർ, അംഗന്‍വാടി ജീവനക്കാര്‍, പാചകക്കാര്‍, സഹായികള്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഗാന്ധി മാര്‍ഗ് റോഡില്‍ പ്രതിഷേധിക്കുന്നുണ്ടെന്ന് പാണിഗ്രഹി പറഞ്ഞു. അവരില്‍ ആരുടെയും ആവശ്യങ്ങള്‍ ഈ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല, എന്നാൽ എംഎല്‍എ മാരുടെ ശമ്പളവും അലവന്‍സും ഉയര്‍ത്തി, എന്നും അദ്ദേഹം പറഞ്ഞു.
ഒരു എംഎല്‍എയുടെ ശമ്പളം 90,000 രൂപയായിരിക്കുമെങ്കിലും, മണ്ഡല/സെക്രട്ടേറിയല്‍ അലവന്‍സായി 75,000 രൂപ, യാത്രാ അലവന്‍സ് 50,000 രൂപ,
പുസ്തകങ്ങള്‍, ജേർണലുകള്‍, ആനുകാലികങ്ങള്‍ എന്നിവയ്ക്കായി 10,000 രൂപ, വൈദ്യുതി അലവന്‍സ് 20,000 രൂപ, സ്ഥിര യാത്രാ അലവന്‍സായി 50,000 രൂപ, മെഡിക്കല്‍ അലവന്‍സ് 35,000 രൂപ, ടെലിഫോണ്‍ അലവന്‍സ് 15,000 രൂപ എന്നിവ ലഭിക്കുമെന്ന് ബില്ലിലെ വ്യവസ്ഥയില്‍ പറയുന്നു. അതുപോലെ, ഒരു മുന്‍ എംഎല്‍എയ്ക്ക് പെന്‍ഷനായി 1.17 ലക്ഷം രൂപ ലഭിക്കും, അതില്‍ 80,000 രൂപ പെന്ഷന്, 25,000 രൂപ മെഡിക്കല്‍ അലവന്‍സ്, 12,500 രൂപ യാത്രാ അലവന്‍സ് എന്നിവ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ഓരോ ടേമിനും ഒരു എംഎല്‍എയ്ക്ക് 3,000 രൂപ അധികമായി ലഭിക്കുമെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു.
പാസാക്കിയ ബില്ലുകള്‍ പ്രകാരം മുഖ്യമന്ത്രിക്ക് പ്രതിമാസം മൂന്നു ലക്ഷത്തി എഴുപത്തി നാലായിരം രൂപയും നിയമസഭാ സ്പീക്കറിനും ഉപമുഖ്യമന്ത്രിക്കും മൂന്ന് ലക്ഷത്തി അറുപത്തി എണ്ണായിരം രൂപയും ലഭിക്കും. ഡെപ്യൂട്ടി സ്പീക്കറിനും സഹമന്ത്രിക്കും മൂന്നു ലക്ഷത്തി അമ്പത്താറായിരം രൂപ വീതവും ലഭിക്കും. കാബിനറ്റ് മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും പ്രതിമാസം മൂന്ന് ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ വീതവും ലഭിക്കും. സര്‍ക്കാര്‍ ചീഫ് വിപ്പിനും ഡെപ്യൂട്ടിക്കും യഥാക്രമം മൂന്ന് ലക്ഷത്തി അറുപത്തി രണ്ടായിരം രൂപയും മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപയും ലഭിക്കും.
ഇങ്ങനെ വലിയൊരു വർദ്ധനവ് ലഭിക്കുന്നതിനെയാണ് സിപിഎം എംഎൽഎ എതിർത്തത്. സാധാരണ തൊഴിലാളികൾക്ക് വരെ കുറഞ്ഞ ശമ്പളം ലഭിക്കുന്ന ഒഡീഷയിൽ എംഎൽഎ മാർക്ക് ഇത്രയും രൂപ ശമ്പളം നല്കുന്നതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തിരിക്കുന്നത്.













