അവസാന ടി20യില്‍ കിടിലന്‍ ജയവുമായി പരമ്പര പിടിച്ചെടുത്ത് ഇന്ത്യ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടി20 മത്സരത്തിൽ കിടിലന്‍ ജയവുമായി പരമ്പര പിടിച്ചെടുത്ത് ഇന്ത്യ. അവസാന പോരാട്ടത്തില്‍ ഇന്ത്യ 30 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് പരമ്പര നേടിയത്. ടോസ് നഷ്ടമായി, ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ മുന്നില്‍ വച്ചു. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സില്‍ അവസാനിച്ചു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1നാണ് ഇന്ത്യയുടെ കിരീട നേട്ടം. ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും ഏകദിന പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്ക മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് 69 റണ്‍സ് വരെ കാത്തിരിക്കേണ്ടി വന്നു. ക്വിന്റന്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയ്ക്ക് മിന്നല്‍ തുടക്കം നല്‍കിയത്. താരം 35 പന്തില്‍ 9 ഫോറും 3 സിക്സും സഹിതം 65 റണ്‍സെടുത്തു.
എന്നാല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ തിരിച്ചു വന്നു. പിന്നീടെത്തിയവരില്‍ ഡെവാള്‍ഡ് ബ്രവിസ് മാത്രമാണ് ഇന്ത്യയെ വിറപ്പിച്ചത്. താരം 2 സിക്സും 3 ഫോറും സഹിതം 17 പന്തില്‍ 31 റണ്‍സെടുത്തു. ജോര്‍ജ് ലിന്‍ഡ് 8 പന്തില്‍ 16 റണ്‍സും മാര്‍ക്കോ യാന്സന് 5 പന്തില്‍ 14 റണ്‍സും എടുത്തെങ്കിലും അവര്‍ക്കും ഇന്നിങ്സ് മുന്നോട്ടു കൊണ്ടു പോകാന്‍ സാധിച്ചില്ല.
ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രിത് ബുംറ 4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റും സ്വന്തമാക്കി. നേരത്തെ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഹര്‍ദിക് പാണ്ഡ്യ കത്തിക്കയറിയതോടെയാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ഒപ്പം തിലക് വര്‍മയും അര്‍ധ സെഞ്ച്വറിയുമായി പിന്തുണ നല്കി.
ആറാമനായി എത്തിയ ശിവം ദുബെ 3 പന്തില്‍ ഒരു സിക്സും ഫോറും അടിച്ച് 10 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ഇന്നിങ്സ് തുടങ്ങിയത്. ശുഭ്മാന്‍ ഗില്ലിനു പകരമായി പരമ്പരയില്‍ ആദ്യമായി അവസരം കിട്ടിയ സഞ്ജു സാംസണ് അഭിഷേകിനൊപ്പം ചേര്‍ന്നു ഗംഭീര തുടക്കമാണ് ടീമിനു നല്‍കിയത്. 5.4 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 63 റണ്‍സിലെത്തി. 63 റണ്‍സില്‍ നില്‍ക്കെയാണ് ഇന്ത്യയ്ക്കു ആദ്യ വിക്കറ്റ് നഷ്ടമായത്. അഭിഷേക് ശര്‍മയാണ് ആദ്യം മടങ്ങിയത്. താരം 21 പന്തില്‍ 6 ഫോറും ഒരു സിക്സും സഹിതം 34 റണ്‍സെടുത്തു.
മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്റെ മടക്കം. ലിന്‍ഡിന്റെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡായി. ഇന്ത്യയുടെ രണ്ടാം വിക്കറ്റായാണ് സഞ്ജു വീണത്. സ്കോര്‍ 97ല്‍ നില്‍ക്കെയാണ് മലയാളി താരം മടങ്ങിയത്. സഞ്ജു 22 പന്തില്‍ 2 സിക്സും 4 ഫോറും സഹിതം 37 റണ്‍സെടുത്തു മടങ്ങി. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഗില്ലിനെ ഒഴിവാക്കി സഞ്ജുവിനു അവസരം നല്‍കിയത്.













